ജനുവരി നാലു മുതല്‍ സംസ്ഥാനത്ത് കോളേജുകൾ തുറക്കാന്‍ സര്‍ക്കാരിന്റെ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകൾ ജനുവരി 4 മുതല്‍ തുറക്കാൻ സർക്കാർ അനുമതി നൽകി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

ജനുവരി മുതൽ ക്ലാസുകൾ ആരംഭിക്കാനുള്ള തീരുമാനം വന്നതോടെ ഡിസംബർ 28 മുതല്‍ പ്രിൻസിപ്പൽ, അധ്യാപകർ, അനാധ്യപകർ എന്നിവര്‍ കോളേജില്‍ ഹാജരാകണമെന്ന് ഉത്തരവില്‍ പറയുന്നു. പ്രവര്‍ത്തന സമയം രാവിലെ 8:30 മുതൽ വൈകുന്നേരം 5:30 വരെയാണ്. ഇതില്‍ വിദ്യാര്‍ഥികള്‍ക്ക് പരമാവധി 5 മണിക്കൂര്‍ വരെ ക്‌ളാസുകള്‍ എടുക്കാം. കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉള്ള ക്ളാസുകള്‍ 2 ഷിഫ്റ്റുകളാക്കി അധ്യയനം ക്രമീകരിക്കാമെന്നും ഉത്തരവില്‍ വ്യക്‌തമാക്കുന്നുണ്ട്.

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ശനിയാഴ്‌ചയും പ്രവൃത്തി ദിവസമായിരിക്കും. 50 ശതമാനം വിദ്യാര്‍ഥികളുമായി വേണം ഓരോ ക്ളാസുകളും പ്രവര്‍ത്തിക്കാന്‍. കൂടാതെ കോളേജുകളില്‍ ബിരുദ ക്‌ളാസുകളിലെ 5, 6 സെമസ്‌റ്ററുകളും, മുഴുവന്‍ പിജി ക്‌ളാസുകളും ജനുവരി 4 മുതല്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കുന്നത്. ഒപ്പം തന്നെ ഗവേഷണ വിദ്യാര്‍ഥികള്‍ക്കും കോളേജുകളില്‍ എത്താമെന്ന് ഉത്തരവില്‍ വ്യക്‌തമാക്കിയിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment