ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കഴിഞ്ഞയാഴ്ച 803,000 പേര് തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് തൊഴില്‍ വകുപ്പ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇത് ചരിത്രപരമായി ഉയർന്നതും എന്നാൽ മുൻ ആഴ്ചയേക്കാൾ 89,000 കുറവുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊറോണ വൈറസ് പ്രതിസന്ധി അമേരിക്കൻ തൊഴിൽ വിപണിയെ ദുർബലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
ജോലി നഷ്ടപ്പെട്ട 22 ദശലക്ഷം തൊഴിലാളികളിൽ 10 ദശലക്ഷത്തോളം പേർ യുഎസിൽ തൊഴിലില്ലാതെ തുടരുന്നു. തൊഴിലില്ലായ്മ നിരക്ക് നവംബറിൽ 6.7 ശതമാനമായിരുന്നു. പല സാമ്പത്തിക വിദഗ്ധരും പറയുന്നത് ഈ കണക്ക് മാസങ്ങളോളം ഉയർന്നിരിക്കാമെന്നാണ്.
ഈ വർഷം ആദ്യം ലോക്ക്ഡൗണ്‍ സമയത്ത് ബിസിനസ് സ്ഥാപനങ്ങള്‍ പിരിച്ചുവിട്ട ദശലക്ഷക്കണക്കിന് തൊഴിലാളികളെ തൊഴിലുടമകൾ തിരിച്ചുവിളിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും കൂടുതല്‍ നഷ്ടത്തിലായ പല തൊഴിലുടമകളും ഒന്നുകില്‍ അവരുടെ ബിസിനസുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ പരിശ്രമിക്കുകയോ അല്ലെങ്കില്‍ സ്ഥിരമായി അടയ്ക്കുകയോ ചെയ്യുന്നു. പുതിയ വൈറസിന്റെ വ്യാപനം വീണ്ടും ആരംഭിച്ചതാണ് അതിനു കാരണം. തന്മൂലം പല ജീവനക്കാര്‍ക്കും തൊഴില്‍ നഷ്ടപ്പെടുകയും അവരെ മറ്റു തൊഴില്‍ മേഖലയില്‍ ജോലി തേടി പോകേണ്ട അവസ്ഥയിലെത്തിച്ചിരിക്കുകയാണ്.
പരമ്പരാഗത സംസ്ഥാന തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ ഡിസംബർ 12 ന് അവസാനിക്കുന്ന ആഴ്ചയിൽ 5.3 ദശലക്ഷമായി കുറഞ്ഞിട്ടുണ്ട്. മെയ് തുടക്കത്തിൽ ഇത് 23 ദശലക്ഷമായി ഉയർന്നിരുന്നു. അതിനുശേഷം ക്രമാനുഗതമായ ഇടിവ് അർത്ഥമാക്കുന്നത് ചില ആളുകൾ തൊഴിൽ മേഖലയിലേക്ക് മടങ്ങിയെത്തിയെന്നും അവര്‍ക്ക് സഹായം ലഭിക്കുന്നില്ലെന്നും ആണ്. എന്നാൽ പലര്‍ക്കും തങ്ങളുടെ സംസ്ഥാന ആനുകൂല്യങ്ങൾ തീർന്നു പോയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. സാധാരണ ഗതിയില്‍ ആറു മാസത്തിനു ശേഷം ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് കാലഹരണപ്പെടും.
പാൻഡെമിക് മൂലമുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ട് ലഘൂകരിക്കുന്നതിനായി മാർച്ചിൽ സൃഷ്ടിച്ച രണ്ട് ഫെഡറൽ പ്രോഗ്രാമുകൾക്ക് കീഴിൽ ദശലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യ ചെക്കുകൾ ഡിസംബർ 25 ക്രിസ്മസ് അവധിക്കാലത്തിന്റെ പിറ്റേന്ന് കാലഹരണപ്പെടും.
അതേസമയം, കോണ്‍ഗ്രസ് പാസാക്കിയ 900 ബില്യൺ ഡോളർ പാൻഡെമിക് ഉത്തേജക പാക്കേജ് അപര്യാപ്തമാണെന്ന് പ്രഖ്യാപിച്ച് നിയമത്തിൽ ഒപ്പിടുകയില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു. പാക്കേജിലെ ഉള്ളടക്കത്തേയും ആര്‍ക്കെല്ലാമാണ് സഹായം ലഭിക്കുക എന്നതിനെക്കുറിച്ചും സംശയം ഉന്നയിച്ചുകൊണ്ടാണ് അദ്ദേഹം ഈ പ്രസ്താവനയിറക്കിയത്. എല്ലാ അമേരിക്കന്‍ പൗരന്മാർക്കും 600 ഡോളറിനു പകരം 2,000 ഡോളറും ദമ്പതികൾക്ക് 4,000 ഡോളറും നേരിട്ട് നല്‍കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.
ട്രംപിന്റെ ആവശ്യങ്ങൾക്ക് മറുപടിയായി ഹൗസ് സ്പീക്കർ നാൻസി പെലോസി ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു, “ട്രംപിന്റെ നിര്‍ദ്ദേശം ഈ ആഴ്ച തന്നെ വോട്ടിനിടാന്‍ ഡമോക്രാറ്റുകള്‍ തയ്യാറാണ്.”
അതേസമയം, ഏറ്റവും പുതിയ ഉത്തേജക പാക്കേജ് പാസായതിനുശേഷം വാക്സിനുകൾ കൂടുതൽ വ്യാപകമായി ലഭ്യമായിത്തുടങ്ങുമ്പോള്‍ 2021 ന്റെ രണ്ടാം പകുതിയിൽ യുഎസ് സമ്പദ്വ്യവസ്ഥയുടെ വീണ്ടെടുക്കൽ ശക്തി പ്രാപിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply