ഹൈദരാബാദ്: രക്തസമ്മർദ്ദത്തിൽ ഏറ്റക്കുറച്ചിലുകൾ കണ്ടതിനെത്തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തമിഴ് സൂപ്പർ താരം രജനികാന്ത് ഇന്ന് രാത്രി ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ തുടരും. രജനീകാന്തിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും, അദ്ദേഹത്തിന്റെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഡോക്ടർമാർ മരുന്നുകൾ നൽകിയിട്ടുണ്ടെന്നും ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞു.
സന്ദർശകരെയൊന്നും കാണാൻ അനുവദിക്കാത്തതിനാൽ സൂപ്പർസ്റ്റാറിനെ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് രജനീകാന്തിന്റെ കുടുംബാംഗങ്ങൾ അദ്ദേഹത്തിന്റെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും അഭ്യർത്ഥിച്ചു. തെലങ്കാന ഗവർണറായിരുന്ന തമിഴ്സായ് സൗന്ദരരാജൻ അപ്പോളോ ആശുപത്രിയിലെ ഡോക്ടർമാരുമായി സംസാരിക്കുകയും നടന്റെ ആരോഗ്യസ്ഥിതി അന്വേഷിക്കുകയും ചെയ്തു.
രജനീകാന്തിനെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനുള്ള മരുന്നുകൾ ശ്രദ്ധാപൂർവ്വം നല്‍കുന്നുണ്ട്. അദ്ദേഹം ഇന്ന് രാത്രി ആശുപത്രിയിൽ തുടരുകയും നാളെ കൂടുതൽ പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്യും. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക വേണ്ട. ഇപ്പോള്‍ പൂര്‍ണ്ണ വിശ്രമമാണ് ആവശ്യം. സന്ദർശകരെ കാണാൻ ഇപ്പോള്‍ അനുവാദമില്ല. മകൾ അദ്ദേഹത്തോടൊപ്പമുണ്ട്. തെലങ്കാന ഗവർണർ ഡോക്ടർമാരെ വിളിച്ച് സംസാരിക്കുകയും വേഗത്തിൽ സുഖം പ്രാപിക്കട്ടേ എന്ന് ആശംസിക്കുകയും ചെയ്തതായി ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞു.
രജനികാന്ത് അഭിനയിച്ചുകൊണ്ടിരിക്കുന്ന പുതിയ ചിത്രമായ ‘അണ്ണാത്തെ’യുടെ സെറ്റിൽ 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം പടർന്നതിനെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിം നിർത്തി വെക്കുകയും ചെയ്തു. രജനികാന്ത് ഉൾപ്പടെ സെറ്റിലുണ്ടായിരുന്ന മുഴുവൻ ആളുകൾക്കും കോവിഡ് പരിശോധന നടത്തുകയും അദ്ദേഹത്തിന് നെഗേറ്റീവ് ആണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. സഹപ്രവർത്തകർക്ക് കോവിഡ് ബാധിച്ച സാഹചര്യത്തിൽ താരം നിരീക്ഷണത്തിലായിരുന്നു.
റാമോജി ഫിലിം സിറ്റിയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. രജനീകാന്തിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ‘അണ്ണാത്തെ’. ഡിസംബര്‍ 12-ന് പൂർണമായും നിർത്തി വെച്ച ഷൂട്ടിംഗ് കഴിഞ്ഞയാഴ്ചയാണ് പുനരാരംഭിച്ചത്. പടയപ്പ, അരുണാചലം തുടങ്ങിയ ഹിറ്റുകൾ പോലെ ഒരു ഫാമിലി ആക്ഷൻ ചിത്രമാണ് അണ്ണാത്തെ. നയൻതാര രജനിയുടെ നായികയായി വീണ്ടുമെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ശിവയാണ് സംവിധാനം. സൺ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിൽ ഖുശ്ബു, മീന, കീർത്തി സുരേഷ്, പ്രകാശ് രാജ് തുടങ്ങിയ താരനിരയും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഈ വർഷം അവസാനം ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും കോവിഡ് സാഹചര്യത്തിൽ മാറ്റിവെക്കുകയായിരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply