Flash News
ആരാണീ മുംതാസ് അലി ഖാന്‍?; പിണറായി വിജയനോടുള്ള പക തീര്‍ക്കാന്‍ വര്‍ഗീയത പരത്തി അന്തരീക്ഷം മലിനമാക്കാരുതെന്ന് കെ ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    ഓട്ടോ ഡ്രൈവറുടെ സദാചാര ഗുണ്ടായിസം വിദ്യാര്‍ത്ഥിക്കെതിരെ; പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു   ****    ന്യൂനപക്ഷങ്ങളെ അമിതമായി വ്യാമോഹിപ്പിച്ച് വോട്ടു നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്   ****    തദ്ദേ​ശ സ്വയംഭരണ തെര​ഞ്ഞെ​ടുപ്പില്‍ ബിജെപി തൂത്തുവാരിയത് കോണ്‍ഗ്രസിനെ ഞെട്ടിച്ചു; കോണ്‍ഗ്രസില്‍ നിന്ന് കൂട്ട രാജി   ****    ഡാളസ് കൗണ്ടിയില്‍ 42 കോവിഡ്-19 മരണം കൂടി   ****   

ക്രിസ്തുമസിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് രമേശ് ചെന്നിത്തല

December 26, 2020

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തില്‍ നാട്ടിലെ ആഘോഷങ്ങളുടെ ഓര്‍മ്മകൾ പങ്കുവെച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പോസ്റ്റ് ഹൃദ്യമായ പ്രതികരണം നല്‍കിയാണ് പൊതുസമൂഹം സ്വീകരിച്ചത്. തന്റെ നാടായ ചെന്നിത്തലയിലെ അയല്‍ക്കാരായ മായര വീട്ടുകാരുമായുള്ള ക്രിസ്മസ് ഓര്‍മ്മകളാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്. കോവിഡ് ബാധിച്ച് ക്വാറന്റീനില്‍ കഴിയുന്ന പ്രതിപക്ഷ നേതാവ്, ക്ഷേമാന്വേഷണങ്ങള്‍ക്കും ആശംസകള്‍ക്കും നന്ദിയും അറിയിക്കുന്നുണ്ട്.

മേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:

ആള്‍ക്കൂട്ടവും ആഘോഷവും ഇല്ലാതെ ഒരു ക്രിസ്മസ് കടന്നുപോകുന്നു. പൊതുജീവിതം തുടങ്ങിയശേഷം ആദ്യമായിട്ടാണ് ഇങ്ങനെയൊരു ക്രിസ്മസ് രാവും പുലരിയുമെല്ലാം. ആള്‍ക്കൂട്ടത്തിനും ആഘോഷത്തിനും നടുവിലല്ലാത്ത ആദ്യ ക്രിസ്മസ്. ചെന്നിത്തലയിലെ മായര വീട്ടുകാരിലൂടെയാണു യേശുവിന്റെ സ്‌നേഹം ഞാന്‍ ആദ്യമായി അറിഞ്ഞത്. ക്രിസ്മസ് ഓര്‍മകള്‍ തുടങ്ങുന്നത് ചെന്നിത്തല വീടിന്റെ അയല്‍ക്കാരായ ഈ വീട്ടില്‍നിന്നാണ്. മായരയിലെ ഡാനിയേല്‍ അച്ചായന്റെ വീട്ടില്‍ നിന്നാണ് ക്രിസ്മസ് ദിനത്തിലെ ഞങ്ങളുടെ പ്രഭാത ഭക്ഷണം.

ഈ കുടുംബത്തിലെ വല്യപ്പച്ചനായ മായര യോഹന്നാന്‍ ഡാനിയേല്‍ കലാപോഷിണി വായനശാലയുടെ ലൈബ്രേറിയന്‍ കൂടിയായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥി ആയിരുന്ന എനിക്ക്, വായിക്കാനുള്ള പുസ്തകം ഈ ലൈബ്രേറിയന്‍ എന്നും മാറ്റിവയ്ക്കുക പതിവാണ്. വലിയവര്‍ക്കു മാത്രമുള്ള അന്നത്തെ ലൈബ്രറി കുട്ടികള്‍ക്കും മലര്‍ക്കെ തുറന്നിട്ടത് ഈ ലൈബ്രേറിയന്‍ ആയിരുന്നു. ഈ കുടുംബത്തിലെ പല അംഗങ്ങളും അധ്യാപകന്‍ കൂടിയായിരുന്ന അച്ഛന്റെ ശിഷ്യര്‍ ആയിരുന്നതിനാല്‍ സ്‌നേഹത്തിന്റെ ആഴം വളരെ വലുതായിരുന്നു. ക്രിസ്മസ് ദിനത്തില്‍ ചെന്നിത്തല ചെറിയ പള്ളിയില്‍ പാതിരാ കുര്‍ബാനയും കഴിഞ്ഞാണു മായരക്കാര്‍ വീട്ടിലെത്തുന്നത്. ഓശാന ഞായറിനു പ്രദക്ഷിണം കഴിഞ്ഞു സൂക്ഷിച്ചുവയ്ക്കുന്ന കുരുത്തോല ക്രിസ്മസ് രാത്രിയില്‍ പള്ളിയുടെ പിന്നില്‍ കൂട്ടുന്ന അഗ്‌നിജ്വാലയില്‍ കത്തിച്ച ശേഷമായിരിക്കും തിരിച്ചുവരവ്. ക്രിസ്മസ് ചരിത്രവും ബൈബിള്‍ കഥകളുമെല്ലാം ഇവിടെനിന്നാണ് കേട്ടുതുടങ്ങുന്നത്. ക്രിസ്മസും ഈസ്റ്ററുമെല്ലാം രാവിലെ ഈ വീട്ടിലാണ് ആരംഭിക്കുന്നത്.

ക്രിസ്മസിനു കാര്‍ഡ് കൈമാറലും കേക്ക് മുറിക്കലുമൊക്കെ എത്രയോ കാലം പിന്നിട്ടശേഷം എത്തിയ ആചാരമാണ്. ക്രിസ്മസ്, ക്രിസ്തുമത വിശ്വാസികളുടെ മാത്രം ആഘോഷമായി ഇതുവരെ തോന്നിയിട്ടില്ല. റാഹേലമ്മയുടെയും ഡാനിയേല്‍ അച്ചായന്റെയും സ്‌നേഹം കിട്ടി വളര്‍ന്നതു കൊണ്ടായിരിക്കാം കുട്ടിക്കാലം മുതല്‍ക്കേ യേശു ക്രിസ്തുവിനെ എന്റെ ദൈവങ്ങളുടെ പട്ടികയില്‍ അന്നുംഇന്നും ഉള്‍പ്പെടുത്തിയിരിക്കുന്നത്.മായര വീട്ടിലെ പുതുതലമുറയിലെ നോബിളച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്നും ഒരേ കുടുംബമായിട്ടാണു കരുതുന്നത്. നോബിളച്ചനെ വിളിച്ചു ക്രിസ്മസ് നേരുമ്പോള്‍ വെള്ളയപ്പത്തിന്റെയും ഇറച്ചിക്കറിയുടെയും രുചിയും നാവിലെത്തി. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്ന വലിയ ഇടയന്റെ പാഠങ്ങള്‍ പഠിപ്പിച്ച ഈ വീട്ടുകാരാണ് എനിക്കു യേശുക്രിസ്തുവിനെ പരിചയപ്പെടുത്തിയത്. വിശ്വാസികളിലൂടെ യേശുവിലേക്ക് ഇറങ്ങി ചെല്ലുകയായിരുന്നു.

ലോകത്തിന്റെ രക്ഷകന്‍ ജനിച്ച ഈ ദിവസം അകലത്തിലിരുന്ന് ആശംസകള്‍ അറിയിച്ചു നാമിന്ന് ആഘോഷിക്കുകയാണ്. പ്രാര്‍ഥനയും വായനയുമൊക്കെ ആയിട്ടാണ് എന്റെയും ക്വാറന്റീന്‍ കാലം. ക്ഷേമാന്വേഷണവും ആശംസകളുമായി നിരവധിപേര്‍ വിളിക്കുന്നുണ്ട്. എല്ലാ നല്ല വാക്കുകള്‍ക്കും നന്ദി. യേശുദേവന്റെ വാക്കുകള്‍ ജീവിതത്തില്‍ പ്രകാശമായി നമ്മെ നയിക്കട്ടെ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top