മാപ്പിള കലാ അക്കാദമി ഖത്തര്‍ ഘടകത്തിന്റെ പുതിയ ലോഗോ പ്രകാശനവും ‘സഫീനത്’ ഗാനോപഹാര സമര്‍പ്പണവും തൃശൂര്‍ ആര്‍ട്സ് സെന്ററിലെ സഹൃദയ സദസ്സിന് ആസ്വാദനത്തിന്റെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചത്.
ഖത്തറിലെ കലാ സാമൂഹിക, സാംസ്കാരിക,ജീവകാരുണ്യ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ധന്യമായ ചടങ്ങില്‍ സംഗീതം പരന്നൊഴുകിയപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഡിസംബറിനു കുളിരു പകര്‍ന്നു സഫീനത് രാവ് പങ്കെടുത്തവര്‍ക്ക് വേറിട്ട അനുഭവമായി.
ഖത്തറിലെ സാമൂഹിക രംഗത്തെ സജീവസാനിധ്യവും മാപ്പിളപ്പാട്ടിന്റെ തൊഴനുമായ കെ. മുഹമ്മദ് ഈസ പരിപാടി ഉല്‍ഘടനം നിര്‍വഹിച്ചു. മാപ്പിള സാഹിത്യ ശാഖയിലെ പൂര്‍വികരെ അനുസ്മരിച്ചു മാപ്പിളപാട്ടുകള്‍ സമൂഹത്തിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഖത്തര്‍ കെ.എം.സി.സി പ്രസിഡന്റ് എസ്.എ. എം. ബഷീര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
ആര്‍ഗണ്‍ ഗ്ളോബല്‍ സി.ഇ.ഒ അബ്ദുല്‍ ഗഫൂര്‍ പുതിയ ലോഗോ പ്രകാശനം ചെയ്തു. മാപ്പിള കലകളെയും ഖത്തറിന്റെ പ്രതീകങ്ങളെയും ഉള്‍പ്പെടുത്തി സുഹൈല്‍ ഇക്ബാല്‍ ആണ് പുതിയ ലോഗോ രൂപകല്പന ചെയ്തത്.
അക്കാദമി സംഘടിപ്പിച്ച സഫീനത് മാപ്പിളപ്പാട്ടു റിയാലിറ്റി ഷോയില്‍ ഒന്നാം സ്ഥാനം നേടുന്ന വിജയിക്ക് അക്കാദമി സമ്മാനമായി പ്രഖ്യാപിച്ചത് ഒരു പുതിയ മാപ്പിളപ്പാട്ട് പാടാനുള്ള അവസരമൊരുക്കുക എന്നതായിരുന്നു. 2020 ഫെബ്രുവരി 28 ന് സഫാരി മാളില്‍ വെച്ചു നടന്ന ഫൈനല്‍ മത്സരത്തില്‍ 60ല്‍ പരം മത്സരാര്‍ത്ഥികളോട് മാറ്റുരച്ചു ഒന്നാം സ്ഥാനം നേടിയ വിജയി എല്‍ദോ എലിയാസിന്റെ ആലാപനത്തില്‍ പുറത്തിറങ്ങിയ ‘സഫീനത് ഗാനോപഹാരം’ അല്‍ മുഫ്ത റെന്റ് ഏ കാര്‍ ജനറല്‍ മാനേജര്‍ സിയാദ് ഉസ്മാന് റിലീസ് ചെയ്തു.
മാണിക്യ മലര് ജബ്ബാര്‍ സാഹിബിന്റെ വരികള്‍ക്ക് അക്കാദമി പ്രസിഡന്റ് മുത്തലിബ് മട്ടന്നൂരിന്റെ ഈണത്തില്‍ അക്കാദമി ചെയര്മാന് മുഹ്സിന് തളിക്കുളം സംവിധാനം ചെയ്ത സഫീനത്തിന്റെ വീഡിയോ പ്രദര്‍ശിപ്പിച്ചപ്പോള്‍ സദസ്സ് നിറഞ്ഞ കരഘോഷങ്ങളോടെയാണ് സ്വീകരിച്ചത്. അക്കാദമി പ്രവര്‍ത്തനങ്ങളെക്കുറിച്ചു ചെയര്മാന് മുഹ്സിന് തളിക്കുളം സംസാരിച്ചു.സഫീനത് നല്കിയ അവസരത്തിനു എല്‍ദോ നന്ദി പറഞ്ഞു.
കലാ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിലെ വിസ്മയ പ്രതിഭയും,പുലിക്കോട്ടില്‍ ഹൈദര്‍ പഠന കേന്ദ്രം വൈസ് ചെയര്‍മാനുമായ കെ മുഹമ്മദ് ഈസയെ അക്കാദമി കണ്‍വീനര്‍ ഷംസുദ്ധീന് സ്കൈ വേ പൊന്നാട അണിയിക്കുകയും അക്കാദമിയുടെ ഉപഹാരം നല്കി ആദരിക്കുകയും ചെയ്തു.
ഉസ്മാന് കല്ലന്, ഡോ. വി.വി. ഹംസ, ഡോ. അബ്ദുറഹ്മാന് കരിഞ്ചോല, മശ്ഹൂദ് തുരിത്തിയാട്, മന്‍സൂര്‍ മെയ്തീന്, നൗഫല്‍ അബ്ദുറഹ്മാന്, മുഹ്സിന്, അലവി വയനാടന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
സഫീനത്തിന്റെ ശില്പികളായ സംഗീത സംവിധായകന് മുത്തലിബ് മട്ടന്നൂര്‍,ഗായകന് എല്‍ദോ ഏലിയാസ്,സംവിധായകന് മുഹ്സിന് തളിക്കുളം, ഓര്‍ക്കസ്ട്രാ അലന് 98.6 fm, ക്യാമറ ജൈബിന്‍, മിക്സിങ് രഞ്ജിത് തുടങ്ങിയവര്‍ക്കു അക്കാദമിയുടെ ഉപഹാരം നല്കി.
തമിഴ് ഗാനവും, മാപ്പിളപ്പാട്ടും പാടി ഈസക്ക കലാ പരിപാടികള്‍ക്ക് തുടക്കം കുറച്ചപ്പോള്‍ ഡോ. വി.വി. ഹംസ കുടമുല്ല ചിരിയുള്ള എന്ന മാപ്പിളപ്പാട്ടിലൂടെ സദസ്സിനെ പുളകമണിയിച്ചു. എല്‍ദോ ആലപിച്ച കരോള്‍ ഗാനത്തിനൊപ്പം അറബന മുട്ടിയുള്ള സാന്റയുടെ വരവ് സദസ്സിനെ ആഹ്ലാദത്തിലാഴ്ത്തി. ക്രിസ്തുമസ് ഗാനങ്ങളും മാപ്പിളപ്പാട്ടുകളുമായി ഖത്തറിലെ പ്രമുഖ ഗായകര്‍ ഹിബ ബദറുദ്ധീന്‍, ആദിയ. കെ ഷിബു, ഹംസ വെളിയങ്കോട് തുടങ്ങിയവര്‍ സദസ്സിനെ കുളിരണിയിച്ചു.
മാപ്പിളപ്പാട്ടുകളും അറബ് ഗാനങ്ങളും സിനിമ ഗാനങ്ങളും കോര്‍ത്തിണക്കി ഫൈസ് ഒമര്‍, സുബിന് സെബാസ്റ്റ്യന്‍, ധനേഷ് ദാസ് തുടങ്ങിയവര്‍ അവതരിപ്പിച്ച ഫ്യൂഷന്‍ സദസ്സിന് ഒരു പുതിയ അനുഭൂതിയായിരുന്നു സമ്മാനിച്ചത്. അതിഥികളും സദസ്സും ഒരുപോലെ ആസ്വദിച്ച ഒരു രാവായി സഫീനത് രാവ് മാറിയപ്പോള്‍ സംഘാടകരുടെ മനം നിറഞ്ഞു.
ഹബീബ് ചെമ്മാപ്പിള്ളി, നവാസ് ഗുരുവായൂര്‍, ബഷീര്‍ വട്ടേക്കാട്, റഫീഖ് കുട്ടമംഗലം, നൂര്‍ഷ വയനാട്, സിദ്ദിഖ് അകലാട് തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
കണിശമായ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് നടത്തിയ ചടങ്ങില്‍ മാപ്പിള കലാ അക്കാദമി ഖത്തര്‍ പ്രസിഡന്റ് മുത്തലിബ് മട്ടന്നൂര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഷംസുദ്ധീന് സ്കൈ വേ സ്വാഗതവും ഷെഫീര്‍ വാടാനപ്പള്ളി നന്ദിയും പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply