- Malayalam Daily News - https://www.malayalamdailynews.com -

പാലായില്‍ മനോരോഗികളുടെ അഭയകേന്ദ്രമായ മരിയസദനത്തില്‍ കോവിഡ് വ്യാപനം

[1]ന്യൂജേഴ്‌സി: പാലായില്‍ മനോരോഗികളുടെ അഭയകേന്ദ്രമായ മരിയസദനത്തില്‍ കോവിഡ് വ്യാപനം. കുടുംബവും സമൂഹവും ഉപേക്ഷിച്ചു തെരുവിലിറങ്ങിയ മാനസീക രോഗികളുടെ, മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട പിഞ്ചു കുഞ്ഞുങ്ങളുടെ, മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കളുടെ ആശ്രമയവും പ്രതീക്ഷയുമായ പാലാ മരിയസദനത്തില്‍ കൊവിഡ് വ്യാപനം.

416 അന്തേവാസികളില്‍ ഭൂരിഭാഗം പേര്‍ക്കും (350നു മേല്‍) രോഗം സ്ഥിരീകരിച്ചു. ഇതുവരെ നാല് അന്തേവാസികള്‍ മരണപ്പെട്ടു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള ചികിത്സയാണ് ഇപ്പോള്‍ നടന്നു വരുന്നത്

വിവിധ രോഗങ്ങളാല്‍ വലയുന്ന മരിയസദനത്തിലെ മിക്ക അന്തേവാസികളും മാനസിക വെല്ലുവിളികള്‍ നേരിടുന്നവരാണ് എന്നതിനാല്‍ ഇവരുടെ ചികിത്സയും ഒരു വെല്ലുവിളിയാണ്.

അതേസമയം, പാലാ മരിയ സദനത്തിലെ കോവിഡ്19 സാഹചര്യം നിയന്ത്രണവിേധയമായതായി ഡയറക്ടര്‍ സന്തോഷ് ജോസഫ് അറിയിച്ചു. ഭൂരിഭാഗം പേര്‍ക്കും രോഗം ബാധിച്ചതോടെ ദൈനംദിന കാര്യങ്ങള്‍ക്കായി ബുദ്ധിമുട്ടനുഭവപ്പെടുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

[1]രണ്ടുപതിറ്റാണ്ടു മുമ്പ് മാനസികാസ്വാസ്ഥ്യം ബാധിച്ചു പാലാ നഗരത്തിന്റെ തെരുവോരങ്ങളില്‍ അലഞ്ഞുതിരിയുകയായിരുന്ന തോമസ് എന്ന മനുഷ്യനെ കണ്ടുമുട്ടുന്നതു വരെ സന്തോഷ് ജോസഫിന്റെ ജീവിതവും തികച്ചും സാധാരണമായിരുന്നു. പക്ഷേ, വഴിയോരത്തു നിന്നു കണ്ടെത്തിയ തോമസിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകണമെന്നും അവനു വേണ്ട പരിചരണം നല്‍കണമെന്നും ദൈവം തോന്നിപ്പിച്ച അന്നു സന്തോഷിന്റെ ജീവിതം മാറുകയായിരുന്നു. പിന്നീടങ്ങോട്ട് സന്തോഷ് നടന്നത് സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പാതയിലൂടെ മാത്രമാണ്.

തോമസിനെ ഒപ്പം കൂട്ടികൊണ്ടു പോയി, തന്റെ സ്വന്തമെന്നപോലെ തന്നെ പരിചരിച്ചു കൊണ്ടു 1998ല്‍ പാലായില്‍ തുടക്കമിട്ട മരിയസദനം റീഹാബിലിറ്റേഷന്‍ സെന്റര്‍ രണ്ടു പതിറ്റാണ്ടിനിടെ അഭയവും ആശ്വാസവും നല്‍കിയത് അനവധിയാളുകള്‍ക്കാണ്.

പാലാതൊടുപുഴ റോഡില്‍ സ്ഥിതിചെയ്യുന്ന ഈ സ്ഥാപനം മാനസികാസ്വാസ്ഥ്യം ബാധിച്ചവരുടെ രോഗശാന്തിയും പുനരധിവാസവും ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്നതോടൊപ്പം, ജീവിത സായാഹ്നത്തില്‍ ഉപേക്ഷിക്കപ്പെട്ടവര്‍, മാറാരോഗ ബാധിതര്‍, ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങള്‍, അടിയന്തിര ചികിത്സ ആവശ്യമുള്ളവര്‍, ആര്‍ക്കും വേണ്ടാതെ തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവര്‍, അണുകുടുംബ വ്യവസ്ഥിതിയില്‍ കുടുംബത്തില്‍ നിന്നും തിരസ്കരിക്കപ്പെടുന്ന വയോജനങ്ങള്‍ തുടങ്ങി ആയിര കണക്കിനാളുകളുടെ ആശ്രയവും പ്രതീക്ഷയുമാണ്.

സ്‌നേഹവും സാന്ത്വനവുമായി കൈത്താങ്ങ് ആകേണ്ട മക്കളും ബന്ധുക്കളും കൊണ്ടുവന്നു ഉപേക്ഷിച്ചവരും സ്വയം വന്നു അഭയം തേടിയവരും ഇവിടെയുണ്ട്. അവര്‍ക്കു മക്കളുടെ സ്‌നേഹവും പരിചരണവും നല്കാന്‍ കണ്ണും മനസ്സും തുറന്ന് സേവന വ്യാപൃതരാവുകയാണ് സന്തോഷും, ഭാര്യ മിനിയും, കുഞ്ഞുങ്ങളും.

വചനം പ്രവര്‍ത്തിയിലൂടെ ഏവര്‍ക്കും മാതൃകയാകുന്ന ഈ മനുഷ്യസ്‌നേഹിയുടെ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ക്കാന്‍ നന്മ മരങ്ങള്‍ക്ക് പൂക്കാനും തളിര്‍ക്കാനുമുള്ള സമയമാണിത്.

[1]മരിയ സദനത്തിനിപ്പോള്‍ പൊതു ജനങ്ങളുടെ സഹായസഹകരണം വളരെ അത്യന്താപേഷിതമാണ് . ഭക്ഷണം ഇവിടെത്തന്നെ പാകം ചെയ്തിരുന്നുവെങ്കിലും ഭൂരിഭാഗം രോഗികളായതോടെ പുറത്തു നിന്നും ഭക്ഷണം എത്തിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. സമീപത്തെ മുണ്ടാങ്കല്‍ ഇടവക, വ്യാപാരികള്‍, മറ്റു അഭ്യുദയകാംഷികള്‍ എന്നിവരുടെ സഹായം കൊണ്ടാണ് ദൈനംദിന കാര്യംങ്ങള്‍ എപ്പോള്‍ നടന്നു വരുന്നത്.

പിപിഇ കിറ്റ് ധരിച്ച 30 സന്നദ്ധ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം മരിയസദനത്തില്‍ എപ്പോള്‍ ലഭ്യമാക്കിയിട്ടുണ്ട്. ജനറല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ മിനി ഹോസ്പിറ്റല്‍ മരിയ സദനത്തില്‍ ആരംഭിക്കുന്നതിനുള്ള നടപടികളും നടന്നു വരുന്നു.

സാധിക്കുന്നവര്‍ മരിയസദനത്തിലേക്ക് കഴിയുന്നയുന്ന സഹായം നല്‍കിയാല്‍ അത് അവിടത്തെ അന്ധേവാസികള്‍ക്ക് കൂടുതല്‍ സഹായം സമയാസമയങ്ങളില്‍ എത്തിക്കുന്നതിന് ഒരു കൈത്താങ്ങാകും.

നാം വെറുതെ കളഞ്ഞ ഭക്ഷണത്തിന്റെ പണംകൊണ്ട് അവര്‍ എത്രയോ ദിവസം ജീവിക്കും. ഉപയോഗിക്കാതെ വെറുതെയാക്കിയ നമ്മുടെ മരുന്നുകള്‍ കണ്ടിരുന്നെങ്കില്‍ അവര്‍ അത്ഭുതപ്പെട്ടിരിക്കും.

വേണ്ടാത്തതെല്ലാം വേണ്ടുവോളം ചെയ്യുന്ന നമ്മള്‍ക്ക്, അത്യാവശ്യങ്ങള്‍ പോലും സഫലമാക്കാനാവാത്ത നമുക്കിടയിലെ ഈ പാവങ്ങളെയും പറ്റി ആലോചിക്കാനുള്ള സമയമാണിത്.

നമ്മുടെ സമയവും പണവും ആരോഗ്യവും മറ്റുള്ളവര്‍ക്കുകൂടി ഉള്ളതാണെന്ന് തിരിച്ചറിയുമ്പോള്‍ ഈ ചെറിയ ജീവിതത്തിന് വലിയ മഹത്വം കൈവരും. നമുക്ക് വേണ്ടിയല്ലാതെ മറ്റുള്ളവര്‍ക്ക് വേണ്ടി കരയാനും, ഒരുപാടു പേര് നമുക്ക് നല്‍കിയത് നാം ഒരാള്‍ക്കെങ്കിലും തിരിച്ചു കൊടുക്കാനും നമ്മുക്ക് സാധിച്ചാല്‍ അത് വലിയ അനുഗ്രഹമായി മാറും.

ഒരു കൈ സഹായത്തില്‍ ഒരു ജീവിതം കരുപ്പിടിപ്പിക്കാന്‍’ കഷ്ടതയുടെ ഈ നാളുകളില്‍ കനിവിന്റെ ഈ ഉറവയിലേക്ക് നിങ്ങള്‍ നല്‍കുന്നതെന്തും വളരെ വിലപ്പെട്ടതാണ് അതെത്ര ചെറുതായിരുന്നാലും.

ഈ നിരാലംബര്‍ക്ക് അഭയവും ആശ്രയവും ഒരുക്കുന്ന പുണ്യപ്രവൃത്തിയില്‍ സന്തോഷിനും കുടുംബത്തിനും ഒപ്പം നമുക്കും പങ്കാളിയാവാം.

നമ്മുടെ മനസ്സില്‍ എവിടെയൊക്കെയോ ഉറവയെടുക്കുന്ന കാരുണ്യത്തിന്റെ നീരുറവയില്‍ നിന്ന് നമുക്കും നീട്ടാം ഒരു സഹായഹസ്തം. സഹായം അഭ്യര്‍ത്ഥിക്കാനല്ലാതെ, ഒരു കൈത്താങ്ങ് നല്‍കാനായി നമുക്കു വിളിക്കാം സന്തോഷിനെ ഈ നമ്പറിലേക്ക് 91 9961404568.

നമ്മുടെ ഈ ഒരു ജീവിതം കൊണ്ട് നമ്മുക്ക് ചുറ്റും നാമറിയാതെ കഷ്ടപ്പെടുന്ന ആരുപോലുമില്ലാത്തവര്‍ക്കു ഒരു തണലാകാന്‍ സ്വാന്തനമാകാന്‍ ആ വിളി ഇടയായാലോ.

കണ്ണീരൊപ്പാന്‍ കൈകോര്‍ക്കുക. നിങ്ങളുടെ ധന സഹായങ്ങള്‍ താഴെ കാണുന്ന മരിയസദനം അക്കൗണ്ടില്‍ നേരിട്ടയാക്കാവുന്നതാണ്.

State Bank of India
BRANCH: PALA, KOTTAYAM DIST, KERALA
A/C No: 57028247286
IFSC- SBIN0070120

MARIASADANAM CHARITABLE TRUST
Kizhathadiyoor Post, Palai
Kottayam, Kerala
India. Pin code – 686574

Web: http://mariyasadanam.com/

Phone: 04822-211940,+91 9447025767, +91 9961404568
Email: mariasadanam@gmail.com
Contact Person: Santhosh Joseph

സെബാസ്റ്റ്യന്‍ ആന്റണി


Like our page https://www.facebook.com/MalayalamDailyNews/ [2] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[3] [4] [5] [6] [7]