കേരളം ജന്മം കൊടുത്ത മാർട്ടിൻ ലൂഥർ ആയിരുന്നു മൂന്നു സംവത്സരങ്ങൾക്കു മുമ്പ് ഇന്നേ ദിവസം കേരളത്തിലെ സാധാരണ കത്തോലിക്കാ സഭാംഗങ്ങളെ ദുഃഖനിമഗ്നരാക്കികൊണ്ടു മണ്മറഞ്ഞ പ്രൊഫസ്സർ ജോസഫ് പുലിക്കുന്നേൽ!
1517 -ൽ മഹത്തായ ഒരു മതനവീകരണ വിപ്ലവത്തിലൂടെ സമകാലിക യൂറോപ്യൻ ക്രിസ്തു മതത്തെ മാർട്ടിൻ ലൂഥർ നവീകരണപാതയിൽ എത്തിച്ചു. അദേഹത്തിന് താങ്ങും തണലുമായി രാജാക്കന്മാരും പ്രഭുക്കളും മറ്റനേകം മതമേധാവികളും അഹമഹമികാധിയാ മുന്നോട്ടു വന്നു. മതമേധാവികളുടെ നാനാവിധമായ പീഡനങ്ങളും ചൂഷണങ്ങളും സഹിച്ച് മനംമടുത്ത ജനലക്ഷങ്ങൾ പിന്നിൽ അണിനിരന്നു. ലൂഥറിന്റെ പരിശ്രമങ്ങൾക്ക് ഫലമുണ്ടായി.
ലൂഥറിനെ താന്തോന്നിയായ സന്യാസിപ്പയ്യൻ എന്നധിക്ഷേപിച്ച റോമിലെ പാപ്പായും, തലയ്ക്കു വില കൽപിച്ച വിശുദ്ധ റോമാ ചക്രവർത്തിയും ലൂഥറിനോടു പയറ്റി പരാജയപ്പെട്ട് പരലോകം പൂകി. ലൂഥറിന്റെ നവീകരണ പരിശ്രമത്തിന്റെ അഞ്ഞൂറാം വാർഷികത്തിൽ (2017-ൽ) പങ്കെടുത്തുകൊണ്ട് ഫ്രാൻസിസ് പപ്പാ, ലൂഥറിനെ സഭയുടെ ഉത്തമ പുത്രൻ എന്ന് വിശേഷിപ്പിച്ചു. അഞ്ഞൂറു സംവത്സരങ്ങൾ പിന്നിട്ടിട്ടും ലൂഥറിന്റെ നവീകരണത്തിനുവേണ്ടിയുള്ള ആഹ്വാനത്തിന്റെ അനുരണനം ലോകമാസകലനം മുഴങ്ങുന്നു. കേരളക്കരയിൽ അതിനെ ആവാഹിച്ച് ആംപ്ലിഫയ് ചെയ്ത വ്യക്തി മാഹാത്മ്യം ശ്രീ ജോസഫ് പുലിക്കുന്നേൽ എന്നറിയപ്പെടുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പാദത്തിലാണ് പുലിക്കുന്നേൽ തന്റെ സത്യാന്വേഷണത്തിന്റെ പിൻബലത്തിൽ ഒരു പടയാളിയുടെ വേഷമണിഞ്ഞത്. ഈ ഒറ്റയാള് പോരാളിയുടെ എതിരാളികൾ കേരളത്തിലെ സർവ്വശക്തരായ, ഏതു കുതന്ത്രങ്ങൾക്കും കൂസാത്ത കത്തോലിക്കാ സഭയായിരുന്നു. ആരംഭത്തിൽ അതൊരു ഒറ്റയാൾ പട്ടാളമായിരുന്നു. കേരളത്തിലെ കത്തോലിക്കാ സഭയുടെ ശക്തിയിലും സ്വാധീനത്തിലും പ്രതികാര നടപടികളിലും പേടിച്ചു വിറച്ചു നിൽക്കുന്ന സഭാംഗങ്ങൾ പുലിക്കുന്നേലിനെ പരസ്യമായി പിന്തുണക്കാൻ ഭയപ്പെട്ടു. എന്നിരുന്നാലും, കർദിനാൾക്കസേര മോഹിച്ചു മോഹാലസ്യത്തിൽ മൂക്കുകുത്തിയ പവ്വത്തിൽ മെത്രാന്റെ കുപ്രസിദ്ധമായ നിർവചനത്തിലുൾപ്പെട്ട — ഊച്ചിനും ഉപ്പുമാങ്ങാക്കും ഉതകാത്ത — ആയിരക്കണക്കിന് അല്മേനികൾ അവരുപോലുമറിയാതെ അദ്ദേഹത്തെ പിന്തുണച്ചിരുന്നു. സമുദായത്തിന്റെ തലപ്പത്തു തിളങ്ങിനിന്ന അനേകം വ്യക്തികളുടെ പരോക്ഷമായ സഹായ സഹകരണങ്ങൾ ഒറ്റയാൾ പട്ടാളത്തിന് പരിശയും പതാകയുമായി വർത്തിച്ചിരുന്നു. കർത്താവിൻറ്റെ പ്രതിപുരുഷന്മാരും മണവാട്ടികളും അക്കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നു. അദ്ദേഹത്തിൻറ്റെ തൂലികാചലനത്തിൻറ്റെ മാസ്മരപ്രഭാവത്തിൽ മാനസാന്തരപ്പെട്ട് മഠം വിട്ടിറിങ്ങിയവരുണ്ട്. ളോഹയോടുള്ള ലോഹ്യത്തിന് ലോപം വരുത്തിയവരുണ്ട്.
പുലിക്കുന്നേലിന്റെ നിശിതമായ വിമർശനങ്ങൾ സഭാമേലാളന്മാരെ വിറളി പിടിപ്പിച്ചിരുന്നു. അഭിഷിക്തരെ ചോദ്യം ചെയ്യുന്നവർക്കുള്ള ദുരന്തങ്ങൾ നന്നേ ചെറുപ്രായത്തിൽത്തന്നെ മസ്തിഷ്ക്കത്തിൽ തറച്ചുവയ്ക്കപ്പെട്ടിരുന്ന സഭാംഗങ്ങൾ ഭയത്തിനടിമപ്പെട്ടു കഴിഞ്ഞിരുന്നു. സഭയുടെ പ്രകോപനങ്ങളിൽ പ്രതികരിക്കാതെ സംയമനം പാലിച്ചിരുന്നു.
കുറവിലങ്ങാട്ടുകാരൻ വി.കെ കുര്യന്റെ മൃതശരീരം സംസ്കരിക്കാൻ പുരോഹിതർ വിസമ്മതിച്ചപ്പോൾ, ജനാവലിയുടെ സഹകരണത്തോടെ ശ്രീ. പുലിക്കുന്നേൽ ആ പുണ്യകർമ്മം നിർവഹിച്ചു. പിന്നീട് അക്കാര്യത്തിൽ പാലാ രൂപതയുടെ മെത്രാൻ മാർ പള്ളിക്കാപ്പറമ്പന് കോടതിയിൽ ഹാജരാകേണ്ടിവന്നു. രണ്ടു ലക്ഷം രൂപായോളം പിഴ അടക്കേണ്ടിവന്നു. പട്ടിണിപ്പാവങ്ങളുടെ വിയർപ്പിന്റെ മണമുള്ള നേർച്ചപ്പണവും വിധവകളുടെ വിരലോടിയ ചില്ലിക്കാശുകളും സ്വരൂപിച്ചടച്ചു് “വന്യ” മെത്രാൻ കോടതിയുടെ പടിയിറങ്ങി. അഭിഷിക്തരുടെ അറാംപിറപ്പുകൾ കാണുമ്പോൾ വായ് തുറക്കുകയും പ്രതികരിക്കുകയും ചെയ്യണമെന്ന പാഠം അല്മേനികള് ഈ സംഭവത്തിലൂടെ വശമാക്കി. അഭിഷിക്തരോടുള്ള അനാവശ്യ ഭയത്തിന് അറുതിയായി.
കേരളത്തിലെ സാധാരണ കത്തോലിക്കന് ശ്രീ. പുലിക്കുന്നേൽ നേടിക്കൊടുത്ത സഭാഭീതിയിൽനിന്നുമുള്ള മോചനം പിൽക്കാലത്ത് സഭാംഗങ്ങൾക്ക് സഭയുടെ കൊള്ളരുതായ്മകൾക്കെതിരെ വിരൽ ചൂണ്ടുന്നതിനും നാവനക്കുന്നതിനുമുള്ള കരുത്തേകി. സഭയുടെ വിദ്യാഭ്യാസക്കച്ചവടം, ആതുരാലയത്തട്ടിപ്പുകൾ, കർദിനാളിന്റെ സുതാര്യമല്ലാത്ത ഭൂമിയിടപാടുകൾ, റോബിനച്ചന്റെ ഗർഭദാനം, അതേതുടന്നുള്ള കർത്താവിന്റെ മണവാട്ടിമാരുടെ ശിശുപരിപാലന വ്യഗ്രത, മെത്രാച്ചന്റെ വിശുദ്ധ ലൈംഗികാക്രമണം, കന്യാസ്ത്രീകളുടെ വഞ്ചിസ്ക്വയറിലെ ഉപവാസസമരം–ഇവിടെയൊക്കെ ഭയത്തോടു വിടപറഞ്ഞ അൽമേനിയുടെ ആവേശം ദ്രശ്യമായി. പള്ളിയുടെ പണച്ചാക്കുകൾക്കു മുന്നിൽ പുലിക്കുന്നേലിന്റെ പുലിക്കുട്ടികൾ പതറാതെ നിന്നു. സഭയുടെ സ്വാധീനവും ചില ന്യായാധിപന്മാരുടെ വിധേയത്വവും അവരുടെ മനസ്സിനെ മഥിച്ചില്ല. അത്രമാത്രം ദൃഢമായ മാറ്റത്തിന്റെ അടിത്തറ കെട്ടിയിട്ടാണ് ശ്രീ. പുലിക്കുന്നേൽ എന്ന നവീകരണപ്പോരാളി മണ്മറഞ്ഞത്.
ശ്രീ പുലിക്കുന്നേൽ കേരള കത്തോലിക്ക സമുദായത്തിന് കാഴ്ചവച്ച സംഭാവനകൾ ഒറ്റയടിക്ക് പറഞ്ഞു തീർക്കാവുന്നതല്ല. മാത്രമല്ല കാലത്തിന്റെ മാറ്റത്തിൽ ആ സംഭാവനാമാണിക്യങ്ങളുടെ മാറ്റ് ഏറിക്കൊണ്ടിരിക്കുന്നതായി കാണാം. മാറിക്കൊണ്ടിരിക്കുന്ന കാലത്തിന്റെ മുഖമുദ്രയാണല്ലോ അത്.
കൂടുതൽ ചിന്തകളും വിലയിരുത്തലുകളും മറ്റൊരവസരത്തിലാകാം!
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply