ബ്രിട്ടീഷ് വിമാന സര്‍‌വ്വീസുകളുടെ വിലക്ക് ജനുവരി ഏഴു വരെ ഇന്ത്യ നീട്ടി

ന്യൂഡൽഹി: യു.കെ.യില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ജനുവരി ഏഴു വരെ ഇന്ത്യ നീട്ടി. ജനിതകമാറ്റം വരുത്തിയ കോവിഡ് വൈറസ് റിപ്പോർട്ട് ചെയ്യുന്നവരുടെ എണ്ണം ഇന്ത്യയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാലാണ് നിരോധനം നീട്ടാൻ ഇന്ത്യ തീരുമാനിച്ചതെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി.

70 ശതമാനത്തിലധികം വ്യാപന ശേഷിയുള്ള ജനിതകമാറ്റം വന്ന വൈറസ് ഇതുവരെ യുകെയിൽ നിന്നുള്ളവരിൽ നിന്നാണ് ഇന്ത്യയിൽ പടര്‍ന്നതെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങളില്‍ വൈറസ് സ്‌ഥിരീകരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് കര്‍ശന ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ യുകെയിലേക്കുള്ള വിമാനസര്‍വീസുകള്‍ക്ക് ജനുവരി 7ആം തീയതി വരെ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിന് ശേഷം കർശന നിയന്ത്രണങ്ങളോടെ സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.

കഴിഞ്ഞ ദിവസമാണ് രാജ്യത്ത് ബ്രിട്ടനില്‍ നിന്നും വന്ന 6 പേര്‍ക്ക് ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് സ്‌ഥിരീകരിച്ചത്. ശേഷം ഇന്ന് കൂടുതല്‍ പേര്‍ക്ക് രോഗം സ്‌ഥിരീകരിച്ചതോടെ രാജ്യത്ത് നിലവില്‍ അതിവ്യാപന ശേഷിയുള്ള വൈറസ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 20 ആയി ഉയര്‍ന്നു. ഡിസംബര്‍ 9 മുതല്‍ 23 വരെ വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തി കോവിഡ് സ്‌ഥിരീകരിച്ച എല്ലാ യാത്രക്കാരിലും വൈറസ് വകഭേദം കണ്ടെത്താന്‍ സര്‍ക്കാര്‍ നിർദേശം നല്‍കിയിട്ടുണ്ട്. ഒപ്പം തന്നെ യുകെയില്‍ നിന്നും നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ എത്തിയ ആളുകളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി വൈറസിന്റെ വകഭേദം കണ്ടെത്തണമെന്നും സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ കാലയളവില്‍ യുകെയില്‍ നിന്നും ഏകദേശം 33,000 യാത്രക്കാരാണ് ഇന്ത്യയില്‍ എത്തിയത്.

Print Friendly, PDF & Email

Leave a Comment