കേരള റൈറ്റേഴ്‌സ് ഫോറത്തില്‍ രചനകള്‍ – അരി അച്ചന്‍, കിഴക്കും പടിഞ്ഞാറും, ഫാസിസം

ഹൂസ്റ്റണ്‍: കേരള റൈറ്റേഴ്‌സ് ഫോറം പ്രതിമാസ ഭാഷാസാഹിത്യ സമ്മേളനം ഡിസംബര്‍ ഇരുപതാം തീയതി വൈകുന്നേരം നടത്തി. ഡോ. മാത്യു വൈരമണ്‍ അധ്യക്ഷനായിരുന്നു. വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടത്തിയ യോഗ നടപടികള്‍ സെക്രട്ടറി ജോസഫ് പൊന്നൊലി നിയന്ത്രിച്ചു. പീറ്റര്‍ പൗലോസ് ആയിരുന്നു മോഡറേറ്റര്‍. അടുത്ത നാളില്‍ അന്തരിച്ച മലയാളത്തിലെ സാഹിത്യകാരന്‍ യു.എ ഖാദറിനെ അനുസ്മരിച്ചുകൊണ്ട് എ.സി. ജോര്‍ജ് സംസാരിച്ചു.

കൊയിലാണ്ടിയില്‍ നിന്ന് ജോലി തേടി പഴയ ബര്‍മയില്‍ (മെന്‍മെര്‍) എത്തിയ മൊയ്തീന്‍കുട്ടി ബര്‍മ്മ കാരിയെ വിവാഹം ചെയ്തു. ആ ബന്ധത്തില്‍ നിന്ന് ഉണ്ടായ പുത്രനാണ് മലയാളത്തിലെ പ്രഗത്ഭനായ ഭാഷാ സാഹിത്യകാരനായി തീര്‍ന്ന യു എ ഖാദര്‍. ഖാദര്‍ കുട്ടിയുടെ ജന്മനാല്‍ തന്നെ ബര്‍മീസ് മാതാവ് മരണമടഞ്ഞിരുന്നു. ഖാദര്‍ കുട്ടിക്ക് 5 വയസ്സ് ആയപ്പോഴേക്കും ഉപ്പ മൊയ്തീന്‍കുട്ടി സ്വദേശമായ കൊയിലാണ്ടിയിലേക്ക് മടങ്ങിയെത്തി. ഖാദര്‍ കുട്ടിക്ക് ബര്‍മീസ് മാതാവിന്‍റെ മുഖച്ഛായ ആയതിനാല്‍ ബര്‍മീസ് ഭാഷ സംസാരിക്കുന്ന ഒരു ബര്‍മ്മ കാരനാണോ എന്ന് പലരും സംശയം പ്രകടിപ്പിക്കുകയുണ്ടായി. അങ്ങനെയുള്ളൊരു വ്യക്തിയാണ് മലയാള ഭാഷയില്‍ എഴുപതിലധികം കൃതികള്‍ പിന്നീട് രചിച്ചത്.

കോഴിക്കോട് ആകാശവാണിയില്‍ യു എ ഖാദര്‍ കുറച്ചുകാലം ജോലി ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ രചനകള്‍ക്ക് കേരളസാഹിത്യഅക്കാദമി, കേന്ദ്രസാഹിത്യ അക്കാദമി അടക്കം അനേകം പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

ജോണ്‍ തൊമ്മന്‍ എഴുതിയ “അരി അച്ഛന്‍” എന്ന ചെറുകഥ മാത്യു മത്തായി വായിച്ചു. മീനച്ചിലാറിന്റെ തീരത്തുള്ള ഒരു കത്തോലിക്കാ പള്ളിയിലെ വികാരി ഫാദര്‍ മോസസ് വലിയമറ്റം നാട്ടിലെ സാമ്പത്തികമായി താഴെക്കിടയിലുള്ള എല്ലാ പാവങ്ങള്‍ക്കും ജാതിമതഭേദമന്യേ പതിവായി രാവിലെ കഞ്ഞിവെച്ചു കൊടുക്കുമായിരുന്നു. സംഭാവനയായി കിട്ടുന്ന അരിവെച്ച് പാവങ്ങള്‍ക്കു കൊടുക്കുന്ന മാതൃക വൈദികനെ നാട്ടുകാര്‍ “അരി അച്ഛന്‍’ എന്ന് വിളിച്ചിരുന്നു. ആ അരി അച്ഛന്റെ ജീവിതകഥയാണ് ലളിതമായി ജോണ്‍ തൊമ്മന്‍റെ തൂലികയില്‍ ഇതള്‍വിരിഞ്ഞത്.

തുടര്‍ന്ന് ജോണ്‍ മാത്യു കിഴക്കും പടിഞ്ഞാറും എന്ന ശീര്‍ഷകത്തില്‍ എഴുതിയ പ്രബന്ധം കിഴക്ക്-പടിഞ്ഞാറ് ഭൂമിശാസ്ത്രവും ഭൗതികശാസ്ത്രവും സംസ്കാരങ്ങളും സമുന്നയിച്ചുകൊണ്ടു അവതരിപ്പിച്ചു. കിഴക്ക് ആയാലും പടിഞ്ഞാര്‍ ആയാലും ഓരോരുത്തരും എവിടെ നിന്ന് എങ്ങോട്ട് നോക്കുന്നു എന്നും, വിശദമായി എപ്രകാരം അവലോകനം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത് എന്ന പൊതുതത്വവും വികാരവും അദ്ദേഹം പ്രകടമാക്കി.

സമീപകാലത്ത് പ്രത്യേകമായി ഇന്ത്യന്‍ ഭരണകൂടതലങ്ങളില്‍ തലപൊക്കി കൊണ്ടിരിക്കുന്ന ഫാസിസത്തെ കേന്ദ്രബിന്ദു ആക്കി, അതിനെ തന്നെ അവലംബിച്ചുകൊണ്ട് ജോസഫ് തച്ചാറ പ്രബന്ധം വായിച്ചു. ജനാധിപത്യ ഭരണപ്രമാണങ്ങളെയും പ്രക്രിയകളെയും ഭരണഘടനയെ പോലും ദുര്‍വ്യാഖ്യാനം നടത്തി, അതി കൗശലത്തോടെ നിയതമായ തത്വങ്ങളെ വളച്ചൊടിച്ച്, അപ്രസക്തമാക്കിക്കൊണ്ടു, ഭൂരിപക്ഷ ത്തിന്‍റെ മത മൗലികത ആളിക്കത്തിച്ച്, ഭരണം പിടിച്ചടക്കി ഫാസിസം വിത്തുകള്‍ പാകുന്ന ഭരണ പ്രവര്‍ത്തകര്‍ക്കെതിരെ വിരല്‍ ചൂണ്ടുന്നത് ആയിരുന്നു ആ ലേഖനം.

ഭാഷ സാഹിത്യ രചനകളെ വിലയിരുത്തിയും നിരൂപണം നടത്തിയും ആസ്വദിച്ചും മീറ്റിങ്ങില്‍ സംബന്ധിച്ച അനുവാചകരും എഴുത്തുകാരുമായ ജോണ്‍ കുന്തറ, മാത്യു നെല്ലിക്കുന്ന്, ജോണ്‍ മാത്യു, എ. സി. ജോര്‍ജ്, ജോസഫ് പൊന്നോലി, ജോര്‍ജ് ജോസഫ്, ഡോക്ടര്‍ മാത്യു വൈരമണ്‍, തോമസ് വര്‍ഗീസ്, മാത്യു മത്തായി, റവ ഡോക്ടര്‍ തോമസ് അമ്പലവേലില്‍, പീറ്റര്‍ പൗലോസ്, ബോബി മാത്യു, ബാബു കുരവയ്ക്കല്‍, ഡോക്ടര്‍ ബോബി വര്‍ഗീസ്, ആനി വര്‍ഗീസ്, ഷാജി ഫാംസ്, കുര്യന്‍ മിയാലിന്‍, ടി.ജെ. ഫിലിപ്പ്, ജോണ്‍ തൊമ്മന്‍, ജോസഫ് തച്ചാറ തുടങ്ങിയവര്‍ സംസാരിച്ചു.

Print Friendly, PDF & Email

Related News

Leave a Comment