കർഷകരുമായുള്ള ആറാം ഘട്ട ചർച്ചയും പരാജയപ്പെട്ടു; തിങ്കളാഴ്ച ചര്‍ച്ച പുനരാരംഭിക്കും

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ അവതരിപ്പിച്ച വിവാദ കാർഷിക നിയമങ്ങളിൽ പ്രതിഷേധിക്കുന്ന കാർഷിക യൂണിയൻ നേതാക്കളും കേന്ദ്ര സർക്കാരും തമ്മിലുള്ള ആറാം ഘട്ട ചർച്ച പരാജയപ്പെട്ടു. യോഗം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പുനരാരംഭിക്കും.

കൃഷിക്കാർ ഉന്നയിച്ച നാല് ആവശ്യങ്ങളിൽ രണ്ടെണ്ണത്തിൽ കരാറിലെത്തിയതായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. വയൽ അവശിഷ്ടം കത്തിക്കുന്നതിനു പിഴ ഈടാക്കുന്നതിൽ നിന്നു കർഷകരെ ഒഴിവാക്കുക, വൈദ്യുതി സബ്സിഡി തുടരുക എന്നീ ആവശ്യങ്ങളിലാണ് ധാരണയായതെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു.
വിളകൾക്ക് താങ്ങുവില ഉറപ്പാക്കുമെന്ന് രേഖാമൂലം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാണ്. എന്നാൽ ഇക്കാര്യത്തിൽ നിയമം പാസാക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. ഈ സാഹചര്യത്തിൽ, വിളകൾക്ക് താങ്ങു വില ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിയമപരമായ വശങ്ങൾ ജനുവരി 4 ന് ചർച്ച ചെയ്യുമെന്ന് നരേന്ദ്ര സിംഗ് തോമർ പറഞ്ഞു.

എന്നാൽ, കാർഷിക നിയമങ്ങൾ പിൻവലിക്കും വരെ തങ്ങൾ നടത്തുന്ന സമരം തുടരുമെന്നാണ് കർഷകർ ചർച്ചക്ക് ശേഷവും വ്യക്തമാക്കിയിട്ടുള്ളത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍, റെയില്‍ മന്ത്രി പീയുഷ് ഗോയല്‍, സഹമന്ത്രിമാരായ കൈലാഷ് ചൗധരി, സോം പ്രകാശ് എന്നിവരാണ് കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്. നാല്‍പതോളം കര്‍ഷക സംഘടനാ നേതാക്കളും ആറാംവട്ട ചര്‍ച്ചയില്‍ പങ്കെടുക്കുക യുണ്ടായി. നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കണമെന്ന ഉറച്ച നിലപാടിലാണു കര്‍ഷകര്‍ ഇപ്പോഴും ഉള്ളത്. വിവാദമായ 3 നിയമങ്ങൾ പിൻവലിക്കുക, വിളകൾക്കു താങ്ങുവില ഉറപ്പാക്കാൻ പുതിയ നിയമം പാസാക്കുക, വൈദ്യുതി സബ്സിഡി തുടരുക, വായു മലിനീകരണവുമായി ബന്ധപ്പെട്ട ശിക്ഷാ നടപടികളിൽ നിന്നു കർഷകരെ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കർഷകർ മുന്നോട്ടു വെച്ചിട്ടുള്ളത്.

Print Friendly, PDF & Email

Leave a Comment