ആരും ഭാവി പ്രവചിക്കാതിരുന്ന ഒരാണ്ട് നമ്മെ കടന്നുപോകുകയാണ്. 2020 ഒരു മൂന്നാം ലോകമഹായുദ്ധത്തിന്റെ നിശ്ശബ്ദമായ പ്രതീതി ഉണര്‍ത്തി. ഒരുപക്ഷേ, ഒരു മഹായുദ്ധത്തേക്കാള്‍ ഭീകരമായി, മാരകമായി. ലക്ഷങ്ങള്‍ മരണപ്പെട്ടു. ചൈനയിലെ വൂഹാനില്‍ നിന്നു വീശിയ മാരക വിഷവായു സൂനാമി കണക്കെ ഭൂമിയെ വിഴുങ്ങി. ഭൂഖന്ധങ്ങള്‍ വിറച്ചു. ബന്ധങ്ങള്‍ അറ്റുവീണു. പുതിയ പ്രമാണങ്ങള്‍ എഴുതപ്പെട്ടു. മുഖംമൂടി ധരിച്ച മനുഷ്യര്‍, കൈയ്യുറ ധരിച്ചവര്‍. അവര്‍ അകലം പാലിച്ചു. മരണദൂതന് എങ്ങും പാഞ്ഞുനടന്നു. വിറങ്ങലിച്ച മനുഷ്യര്‍ നിസ്സഹായരായി പകച്ചുനിന്നു. ആര്‍ക്ക് ആരെ കുറ്റപ്പെടുത്താനാകും? ആരാണുത്തരവാദികള്‍? ആര്‍ക്കുമറിയില്ല!
സാമൂഹ്യ നിയമങ്ങള്‍ പൊളിച്ചെഴുതപ്പെട്ടു. വിവാഹം, മരണം, ആദ്ധ്യാത്മികം, രാഷ്ട്രീയം ഇവയൊക്കെ പുതിയ മാനദണ്ഡങ്ങള്‍ തേടി. എന്തിന് സാമൂഹ്യ ബന്ധങ്ങളള് തന്നെ ശിഥിലമായി. ഭൂമിയില്‍ മനുഷ്യര്‍ അന്യഗ്രഹ ജീവികളായി. തൊട്ടുകൂടായ്മ നമ്മെ കാണാമറയത്ത് ജീവിക്കാന്‍ പഠിപ്പിച്ചു. അയിത്തം എവിടെയും ! അയിത്തം, ഭൃഷ്ടു കല്പിച്ച് ജാതിവ്യവസ്തകളിലൂടെ വേര്‍തിരിച്ച് മതില് കെട്ടി നിര്‍ത്തിയ മനുഷ്യകുലത്തെ ‘കൊറോണ’ എന്ന മഹാമാരി സോഷ്യലിസ്റ്റ് വ്യവസ്ഥിതി പഠിപ്പിച്ചു. കുബേരനും, കുചേലനും, വെളുത്തവനും, കറുത്തവനും, സവര്‍ണ്ണനും, അവര്‍ണ്ണനും ഒരേ നീതി എന്ന ന്യായപ്രമാണം നിലവില്‍ വന്നു. ആ മഹാശയം പഠിപ്പിക്കാന്‍ വേണ്ടി മഹാമാരി ചേരികളില്‍ നിന്ന് പുറപ്പെട്ട് കൊട്ടാരങ്ങള്‍ വരെ എത്തി. രാജാക്കന്മര്‍ വിറച്ചു നിന്നു. അവര്‍ ഒന്നായി പറഞ്ഞു. ഒന്നിച്ചു നില്ക്കൂ! നമ്മള് ഒന്നാണ്, ഒന്നിച്ച് പൊരുതാം. ഇതുവരെ കേള്‍ക്കാതിരുന്ന വേദാന്തം! ഖജനാവുകള്‍ തുറന്ന് രാഷ്ട്രത്തലവന്മാര് ശാസ്ത്രലോകത്തിനു മുമ്പില്‍ കൈകൂപ്പി നിന്നു. ശാസ്ത്രത്തിന്റെ വിരല്‍തുമ്പില്‍ മഹാമാരി കറങ്ങി. വാക്സിന് ഒന്നൊന്നായി കടന്നു വരുന്നു. ഫൈസര്‍, മെഡോണ, ജോണ്സണ് ആന്റ് ജോണ്സണ്, ആസ്ട്രാ സെനകാ, നോവാക്സ്, ബയോടെക് അങ്ങനെയങ്ങനെ. ആദ്യത്തെ രണ്ടു വാക്സിനുകള്‍ക്ക് അനുമതി. അവ പ്രവര്‍ത്തിച്ചു വരുന്നു. എന്താകാം ഫലം, എത്രകാലം കാത്തിരക്കണം! ഇന്നും അനിശ്ചിതത്വത്തിന്റേയും പ്രതീക്ഷയുടേയും നാളുകള്‍ നീളുന്നു.
പ്രതിസന്ധികളില്‍ തളാരാതെ ഒരു പുതുവര്‍ഷത്തിനുവേണ്ടി, പുതുയുഗത്തിനുവേണ്ടി ശുഭപ്രതീക്ഷകളോടെ കാത്തിരിക്കാം. ചരിത്രത്തിലേക്ക് നോക്കുബോള് കഴിഞ്ഞുപോയ കുറേ കാലങ്ങള്‍ നമ്മെ വിസ്മയഭരിതരാക്കുന്നു. എത്ര സുനാമികളെയും, മഹാമാരികളെയും മനുഷ്യകുലം അതിജീവിച്ചു. ആദിയില്‍ മഹാശൈത്യത്തിലൂടെയും, ശിലായുഗങ്ങളിലൂടെയും, കടന്നുവന്ന മനുഷ്യരാശിയുടെ കഥ അത്ഭുതങ്ങളോടെ നമ്മുക്കു മുമ്പില്‍ മിന്നി മറയുന്നു. നാം കാലങ്ങളെ അതിജീവിച്ചു. ബ്ലാക്ക് ഡിസീസ്, സ്പാനിഷ് ഫ്ലൂ, ഒടുവില്‍ എബോളാ, എയിഡ്സ്, സാര്‍സ്, എലിപ്പനി, ഡങ്കിപനി, വെസ്റ്റ്നൈല്‍ വൈറസ്, നിപ്പ തുടങ്ങി നിരവധി പകര്‍ച്ചവ്യാധികള്‍ മനുഷ്യരാശിയെ വിറപ്പിച്ചു. മരണ കാഹളമൂതി. ആന്റിബയോടിക്, വാക്സിന് എന്നിവകൊണ്ട് നാം അതിനെയൊക്കെ അതിജീവിച്ചു. ഇന്നും ആ യുദ്ധം തുടരുന്നു. മനുഷ്യനും പ്രകൃതിയുമായി എന്നു തീര്‍ത്തും പറയാനാകുമോ! അതോ മനുഷ്യനും മനുഷ്യനുമായ യുദ്ധമോ!
എല്ലാ ചോദ്യങ്ങള്‍ക്കും ഒരേ ഒരു ഉത്തരം. മനുഷ്യബുദ്ധിക്കതീതമായ മിസ്ട്രി എന്നു പറയാനെ നമ്മുക്കാകൂ. അവിടെ ചോദ്യവും ഉത്തരവും കെട്ടുപിണയുന്നു. എങ്കിലും നമുക്ക് ശുഭപ്രതീക്ഷകളോടെ കാത്തിരിക്കാം. നല്ല ഒരു പുതുവര്‍ഷത്തിനു വേണ്ടി. പ്രതീക്ഷ നമ്മെ ഉത്സാഹഭരിതരാക്കട്ടെ! ‘ഭീരൂ പലപ്രാവശ്യം മരിക്കുന്നു, ധീരന് ഒരിക്കലേ മരിക്കൂ,’ എന്ന സോക്രട്ടീസിന്റെ തത്വ ചിന്ത നമ്മെ പുതിയ നൂറ്റാണ്ടിലേക്ക് കൈപിടിച്ചുയര്‍ത്തട്ടെ, ഉത്സാഹഭരിതരാക്കട്ടെ!!
ഏവര്‍ക്കും പുതുവത്സാരാശംസകള്‍!
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply