കൊണ്ടോട്ടി: ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മലപ്പുറം ജില്ലാ കളക്ടറുമായ ഗോപാലകൃഷ്ണൻ ഐ.എ.എസ് മുടങ്ങിക്കിടന്നിരുന്ന ‘ഹജ്ജ് ഹൗസ് വിമന്‍സ് ബ്ലോക്ക്’ നിർമ്മാണ സ്ഥലം സന്ദർശിച്ചു.
ഹജ്ജ് ഹൗസ് വിമൻസ് ബ്ലോക്കിന്റെ നിര്‍മ്മാണം അനിശ്ചിതകാലത്തേക്ക് നീളുന്നതിനെതിരെ ഹജ്ജ് വെൽഫെയർ അസോസിയേഷനും എസ്വൈഎസും ഉൾപ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയതോടെയാണ് ഗോപാലകൃഷ്ണന് ഐഎഎസ് സൈറ്റ് സന്ദർശിച്ചത്.
രണ്ടാഴ്ചക്കുള്ളിൽ നിർമ്മാണ പ്രവർത്തികൾ തുടങ്ങാൻ വേണ്ട നടപടികൾ എടുക്കുമെന്ന് കളക്ടർ ഉറപ്പ് നൽകിയതായി എസ്വൈഎസ് ജില്ലാ ഭാരവാഹികൾ അറിയിച്ചു. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിലാണ് കളക്ടർ നിർമ്മാണ സ്ഥലം സന്ദർശിച്ചത്.
ചുമതലയേറ്റെടുത്തു എട്ടുമാസങ്ങൾക്ക് ശേഷമാണ് ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ എന്ന നിലയിൽ ഇതാദ്യം ഗോപാലകൃഷണൻ ഐഎഎസ് ഇവിടെ സന്ദർശനം നടത്തുന്നത്. ഇദ്ദേഹത്തിന്റെ നിസംഗതയിൽ പരക്കെ പ്രതിഷേധമുയർന്നിരുന്നു.
2019 ജൂലൈയിലാണ് വനിതാ ബ്ലോക്കിന്റെ നിര്‍മ്മാണത്തിന് മുഖ്യമന്ത്രി തറക്കല്ലിട്ടത്. 2020 ജൂലൈയിൽ നിര്‍മ്മാണം പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതി. എന്നാല്‍, നിര്‍മ്മാണം അനന്തമായി നീണ്ടുപോകുകയായിരുന്നു. ബ്ലോക്കിന്റെ നിര്‍മ്മാണം ഉടന്‍ തന്നെ ആരംഭിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് കളക്ടർ ഇന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news