കഴക്കൂട്ടത്ത് അമ്മയും പെൺമക്കളും താമസിച്ചിരുന്ന ഷെഡ് അയല്‍ക്കാര്‍ പൊളിച്ചു നീക്കി; നടപടിയെടുക്കാതെ പോലീസ്

തിരുവനന്തപുരം: കഴക്കൂട്ടത്ത് അമ്മയും മൂന്ന് പെൺമക്കളും താമസിച്ചിരുന്ന ഷെഡ് അയല്‍ക്കാര്‍ പൊളിച്ചു നീക്കി അവരെ പെരുവഴിയില്‍ ഇറക്കിവിട്ടതായി പരാതി. പുറമ്പോക്കിലാണ് ഷെഡ് കെട്ടിയതെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. സമാന സംഭവത്തില്‍ നെയ്യാറ്റിൻകരയിലെ ഒരു കുടുംബനാഥനും ഭാര്യയും ആത്മഹത്യ ചെയ്തതിന്റെ ഞെട്ടല്‍ മാറും മുൻപാണ് കഴക്കൂട്ടത്ത് നിന്നും മറ്റൊരു ഒഴിപ്പിക്കൽ വാർത്ത പുറത്ത് വരുന്നത്.

കഴക്കൂട്ടം സൈനിക നഗറിലെ എച്ച് ബ്ലോക്കിലാണ് ടാർപോളിൻ ഷീറ്റുകൊണ്ട് നിര്‍മ്മിച്ച ഷെഡ്ഡിലാണ് സുറുമിയും മൂന്ന് പെൺമക്കളും താമസിച്ചിരുന്നത്. അടുത്തുള്ള ഒരു സ്ഥലം വിൽക്കാന്‍ വഴിയുടെ ആവശ്യത്തിനാണ് ഇവരെ ഒഴിപ്പിച്ചതെന്ന് ആരോപണമുണ്ട്.

ഡിസംബർ 17നാണ് സംഭവം നടന്നത്. പതിനൊന്നും, ഒമ്പതും, ഏഴും വയസ്സുള്ള പെൺമക്കൾക്കൊപ്പം ആറു വർഷമായി പുറമ്പോക്ക് ഭൂമിയിലെ ഷെഡിലാണ് സുറുമി താമസിച്ചിരുന്നത്. ഏതാനും മാസങ്ങൾക്കു മുൻപ് വാടക വീട്ടിലേക്ക് മാറിയിരുന്നു. എന്നാൽ വാടക കൊടുക്കാനാകാത്തതിനെ തുടർന്ന് രണ്ടാഴ്‌ച മുൻപ് ഇവിടേക്ക് തന്നെ തിരിച്ചെത്തി.
തുടര്‍ന്നാണ് അയല്‍ക്കാരായ നാലുപേർ അടങ്ങുന്ന സംഘം ആയുധങ്ങളുമായെത്തി ഇവരെ ഇറക്കി വിടുകയും ഷെഡ് പൂർ‌ണമായി നശിപ്പിക്കുകയും ചെയ്‌തത്. പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് സുറുമി പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment