കാര്‍ഷിക നിയമത്തിനെതിരെ നിയമസഭാ പ്രമേയത്തെ അനുകൂലിച്ച രാജഗോപാലിനെ ബിജെപിയില്‍ നിന്ന് പുറത്താക്കണമെന്ന് ആര്‍ എസ് എസ്

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമത്തിനെതിരായ നിയമസഭാ പ്രമേയത്തിന് ഏക ബിജെപി എം‌എൽ‌എയും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ ഒ രാജഗോപാല്‍ പിന്തുണച്ചതിൽ ആർ‌എസ്‌എസും ബിജെപിയും അമര്‍ഷം പ്രകടിപ്പിച്ചു. ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ഭാഗവത് സംഘടനാ കാര്യങ്ങള്‍ക്കായി തലസ്ഥാനത്തെത്തിയപ്പോഴാണ് ഒ. രാജഗോപാലിന്റെ ഭാഗത്തു നിന്നും ഇത്തരമൊരു നീക്കം നടന്നതെന്നതും ശ്രദ്ധേയമാണ്. രാജ്യത്തെ ബി.ജെ.പി സര്‍ക്കാരിനെ പിന്നില്‍ നിന്നും നയിക്കുന്ന ആര്‍.എസ്.എസിന്റെ തലവന്‍ സംസ്ഥാനത്ത് തമ്പടിക്കുന്ന ദിവസങ്ങളില്‍ മുതിര്‍ന്ന നേതാവായ രാജഗോപാല്‍ ഇത്തരമൊരു നീക്കം നടത്തിയതാണ് ബി.ജെ.പി- ആര്‍.എസ്.എസ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരായ നിര്‍ണായക നീക്കങ്ങള്‍ മുമ്പ് ഇടത് സര്‍ക്കാരിന്റെ കാലത്ത് അരങ്ങേറിയപ്പോഴും സമാന നിലപാടാണ് രാജഗോപാല്‍ സ്വീകരിച്ചത്.

പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രമേയത്തിൽ കേന്ദ്രത്തിന്റെ നിലപാടിനെതിരെ രാജഗോപാൽ നിലപാടെടുത്തിരുന്നു. പാർട്ടിയിലെ അദ്ദേഹത്തിന്റെ സ്ഥാനവും ആർ‌എസ്‌എസുമായുള്ള അടുപ്പവും കാരണം ആരും അദ്ദേഹത്തെ ചോദ്യം ചെയ്യാൻ ധൈര്യപ്പെട്ടില്ല. എന്നാല്‍ നിലവിലെ നിയമത്തിനെതിരായ പ്രക്ഷോഭത്തെ പ്രധാനമന്ത്രി മോദിയടക്കമുള്ളവര്‍ അതിരൂക്ഷമായി എതിര്‍ക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ ഏക അംഗമായ രാജഗോപാല്‍ ഇതിനെതിരെ സഭയ്ക്ക് അകത്തും പുറത്തും നിലപാട് സ്വീകരിച്ചത്. ആര്‍.എസ്.എസ് പ്രചാരകനും ജനസംഘത്തിന്റെ ആദ്യകാല നേതാവും മുന്‍കേന്ദ്രമന്ത്രിയും രാജ്യസഭാ എം.പിയുമായിരുന്ന രാജഗോപാലില്‍ നിന്ന് ഇത്തരമൊരു സമീപനമുണ്ടായതിന്റെ ഞെട്ടലിലാണ് ആര്‍.എസ്.എസ് കേന്ദ്രനേതൃത്വവുമുള്ളത്. ആര്‍.എസ്.എസിന്റെ പ്രഖ്യാപിത രാഷ്ട്രീയ ശത്രുവായ സി.പി.എമ്മിന്റെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിനെതിരെ കടുത്ത എതിര്‍പ്പ് രാജഗോപാലിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം കരുതിയത്. എന്നാല്‍ ആര്‍.എസ്.എസിന്റെ സര്‍സംഘചാലക് സംസ്ഥാനത്തുള്ളപ്പോള്‍ എടുത്ത നിലപാട് ബി.ജെ.പി – ആര്‍.എസ്.എസ് സംസ്ഥാന നേതൃത്വങ്ങളെ കൂടിയാണ് വിഷമവൃത്തത്തിലാക്കിയത്.

കാര്യങ്ങള്‍ ഗൗരവ സ്ഥിതിയിലേക്ക് എത്തിയതോടെ സഭയ്ക്കകത്തും പുറത്തും പ്രമേയത്തിനെ അനുകൂലിച്ച രാജഗോപാല്‍ താന്‍ പ്രമേയത്തെ ശക്തമായി എതിര്‍ക്കുന്നുവെന്ന് കാട്ടി പത്രക്കുറിപ്പിറക്കി. സഭയിലെ കീഴ്‌വഴക്കത്തിനനുസരിച്ച് പ്രമേയത്തിനെതിരെ വോട്ട് ചെയ്യുന്ന കാര്യത്തില്‍ സ്പീക്കര്‍ വ്യക്തത വരുത്തിയില്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരിന് താന്‍ എതിരാണെന്ന പ്രസ്താവനകള്‍ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

ഇത്തരെമാരു പ്രമേയം സംസ്ഥാന നിയമസഭയില്‍ ചര്‍ച്ചയ്ക്ക് വരുമ്പോള്‍ ബി.ജെ.പി അംഗത്തിന് മാര്‍ഗനിര്‍ദ്ദേശം നല്‍കേണ്ട സംസ്ഥാന നേതൃത്വം എന്തുചെയ്തുവെന്നും പാര്‍ട്ടി കേന്ദ്രനേതൃത്വം അന്വേഷിക്കുന്നുണ്ട്. നിര്‍ണ്ണായക സന്ദര്‍ഭങ്ങളില്‍ ഇത്തരം പ്രമേയങ്ങള്‍ കൈകാര്യം ചെയ്യേണ്ട രീതി വിശദീകരിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തേണ്ട പാര്‍ട്ടി നേതൃത്വം ഒന്നിനും മുതിര്‍ന്നില്ലെന്നും വിമര്‍ശനമുണ്ട്. ഇതിനിടയില്‍ പിണറായി വിജയനുമായി ഏതെങ്കിലും തരത്തില്‍ രാജഗോപാലോ പാര്‍ട്ടിയുടെ ഉന്നത നേതാക്കളോ ധാരണ ഉണ്ടാക്കിയിട്ടുണ്ടോയെന്ന കാര്യത്തില്‍ ബി.ജെ.പി നേതൃത്വം അന്വേഷണം തുടങ്ങി.

രാജഗോപാലിന്റെ നിലപാട് ബിജെപി പ്രവർത്തകർ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി വിമർശിക്കപ്പെട്ടിട്ടുണ്ട്. വാർദ്ധക്യത്തോട് മല്ലിടുന്ന രാജഗോപാലിനെ കേരളത്തിലെ മാർഗദർശക് മണ്ഡലില്‍ ഉൾപ്പെടുത്തണമെന്നും പ്രായോഗിക രാഷ്ട്രീയത്തിൽ വലിയ പരാജയമാണെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment