നെയ്യാറ്റിന്‍‌കരയില്‍ ആത്മഹത്യ ചെയ്ത രാജന്റെ മക്കള്‍ക്ക് യൂത്ത് കോണ്‍ഗ്രസിന്റെ സഹായ ധനം കൈമാറി

തിരുവനന്തപുരം: കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് പോലീസിന്റെ മുമ്പില്‍ ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത രാജന്റെ മക്കളായ രാഹുലിനും രഞ്ജിത്തിനും യൂത്ത് കോണ്‍ഗ്രസ് സഹായം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്പിലും ഉപാദ്ധ്യക്ഷന്‍ ശബരിനാഥനും വീട്ടിലെത്തി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ‘അവര്‍ക്ക് നഷ്ടപ്പെട്ടതിന് പകരമാവില്ല ആരും, ഒന്നും. ഞങ്ങളെക്കൊണ്ട് ആവുന്ന ഒരു ചെറിയ ഉത്തരവാദിത്വമാണ് നിറവേറ്റിയത്. രാഹുലിനും രഞ്ജിത്തിനും വീട് നിര്‍മ്മാണത്തിലേക്കായി യൂത്ത് കോണ്‍ഗ്രസ്സ് 5 ലക്ഷം രൂപയും ങ്കുവച്ച് ഷാഫി കുറിച്ചു. കെപിസിസിയും ആദ്യഗഡുവായി 5 ലക്ഷം രൂപ നല്‍കി.

നെയ്യാറ്റിന്‍കര അതിയന്നൂര്‍ വെണ്‍പകല്‍ നെട്ടത്തോളം ലക്ഷംവീട് കോളനിയില്‍ പൊള്ളലേറ്റു മരിച്ച രാജന്‍, ഭാര്യ അമ്പിളി എന്നിവരുടെ മക്കളായ രാഹുലിനും രഞ്ജിത്തിനും എല്ലാ സഹായങ്ങളും നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ആദ്യം പ്രഖ്യാപിച്ചിരുന്നു. പിന്നാലെ സര്‍ക്കാരും കുട്ടികളുടെ സഹായത്തിനെത്തി. ഇവര്‍ക്ക് ലൈഫ് പദ്ധതിയില്‍ പത്ത് ലക്ഷം രൂപ ചെലവില്‍ മുന്‍ഗണനാ ക്രമത്തില്‍ വീട് വച്ചു നല്‍കുമെന്ന് സര്‍ക്കാര്‍ ഇന്ന് വ്യക്തമാക്കി.

അതേസമയം, രാജനെയും അമ്പിളിയെയും അടക്കം ചെയ്ത തര്‍ക്കഭൂമി അനാഥരായ മക്കള്‍ക്കു കൊടുക്കാനാകുമോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുകയാണ്. ഈ ഭൂമിയില്‍ പരാതിക്കാരിയായ വസന്തയ്ക്കുള്ള ഉടമസ്ഥാവകാശം സംബന്ധിച്ചു റവന്യു വകുപ്പ് അന്വേഷണം തുടങ്ങി. അമ്പിളിയുടെ മൃതദേഹം സംസ്‌കാരത്തിനു മുന്‍പു തടഞ്ഞുവച്ചു സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന മുപ്പതോളം പേര്‍ക്കെതിരെയാണു കേസെടുത്തിട്ടുള്ളത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment