ന്യൂഡൽഹി: പുതുക്കിയ കാര്‍ഷിക ബില്ലിനെച്ചൊല്ലി തലസ്ഥാനത്തു നടക്കുന്ന സമരങ്ങള്‍ക്ക് അറുതി വരുത്താതെ നിര്‍ബ്ബന്ധ ബുദ്ധിയോടെ പെരുമാറുന്ന കേന്ദ്ര സര്‍ക്കാരിനെ അതൃപ്തി അറിയിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. കര്‍ഷകര്‍ ആവശ്യപ്പെടുന്ന മിനിമം താങ്ങുവില ഉറപ്പ് നൽകാൻ കഴിയുന്നില്ലെങ്കിൽ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന ആവശ്യവുമായി കര്‍ഷകര്‍ പ്രക്ഷോഭം തുടരുന്നതിനിടെ ഹരിയാനയിലെ മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഭരണ കക്ഷിയായ ബിജെപി-ജെജെപി സഖ്യം കനത്ത പരാജയം നേരിട്ടതിന് പിന്നാലെയാണ് ഖട്ടാറിന്റെ പ്രസ്താവന. കർഷക രോഷമാണ് ബിജെപിയുടെ കനത്ത തോൽവിക്ക് കാരണം എന്നാണ് പൊതു വിലയിരുത്തൽ.
“ഹരിയാനയിൽ മിനിമം താങ്ങുവില ഉറപ്പാക്കുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. താങ്ങുവില അവസാനിപ്പിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ ഞാൻ രാഷ്ട്രീയം ഉപേക്ഷിക്കും,”- മനോഹർ ലാൽ ഖട്ടാറിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
ഹരിയാന ഉപമുഖ്യമന്ത്രിയും ബിജെപിയുടെ സഖ്യകക്ഷിയായ ജെജെപിയുടെ നേതാവുമായ ദുശ്യന്ത് ചൗതാലയും ഈ മാസം ആദ്യം സമാനമായ പരാമർശം നടത്തിയിരുന്നു. “ഞാൻ അധികാരത്തിൽ ഇരിക്കുന്നിടത്തോളം കാലം കർഷകർക്കായി മിനിമം താങ്ങുവില ഉറപ്പാക്കാൻ ഞാൻ പ്രവർത്തിക്കും. വാഗ്ദാനം നിറവേറ്റാൻ കഴിയാത്ത ദിവസം ഞാൻ എന്റെ സ്ഥാനത്ത് നിന്ന് രാജിവെക്കും,”- എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
സംസ്ഥാന തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വർഷത്തിനുശേഷം നടക്കുന്ന, അഭിമാന പോരാട്ടമായി ബിജെപി കണക്കാക്കിയ തദ്ദേശ തിരഞ്ഞെടുപ്പിൽ കനത്ത പരാജയമാണ് ബിജെപി-ജെജെപി സഖ്യത്തിന് ഉണ്ടായത്. ആറിടത്ത് മൽസരിച്ച സഖ്യം നാലിടത്തും തോൽവി ഏറ്റുവാങ്ങി. സോണിപത്തിലെയും അംബാലയിലെയും മേയർ സ്ഥാനം ബിജെപി-ജെജെപി സഖ്യത്തിന് നഷ്ടമായി.
സോണിപത്തിൽ കോൺഗ്രസ് സ്ഥാനാർഥി 14,000 വോട്ടുകൾക്ക് ആണ് വിജയിച്ചത്. അംബാലയില്‍ 8,000 വോട്ടിന് ഹരിയാന ജവസേചന പാര്‍ട്ടിയാണ് മേയര്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചത്. കര്‍ഷക പ്രതിഷേധം നടക്കുന്ന സിംഗു അതിര്‍ത്തിക്ക് സമീപമുള്ള പ്രദേശമാണ് സോണിപത്. ഇവിടെയാണ് ഭരണകക്ഷിയായ ബിജെപിക്ക് തിരിച്ചടി നേരിട്ടത്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news