പോലീസും പ്രൊസിക്യൂട്ടറും കോടതിയില്‍ ഹാജരായില്ല; വാഗമണ്‍ നിശാ പാര്‍ട്ടി പ്രതികളെ വീണ്ടും റിമാന്‍ഡ് ചെയ്തു

ഇടുക്കി: വാഗമൺ റിസോർട്ടിൽ സിപിഐ നേതാവിന്റെ രാത്രി പാർട്ടി കേസിൽ ക്രൈംബ്രാഞ്ച് ടീമിന് തിരിച്ചടി നേരിട്ടു. കേസ് ഇന്ന് കോടതിയിൽ പരിഗണനയ്ക്കെടുത്തപ്പോള്‍ പബ്ലിക് പ്രോസിക്യൂട്ടറും അന്വേഷണ ഉദ്യോഗസ്ഥനും ഹാജരായില്ല. ഇതോടെ കസ്റ്റഡിയിൽ വിടാനുള്ള അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി തള്ളുകയും പ്രതികളെ റിമാൻഡ് ചെയ്യുകയും ചെയ്തു.

പ്രതികളുടെ കസ്റ്റഡി കാലാവധി തീരുന്ന പശ്ചാത്തലത്തില്‍ മുട്ടം കോടതി ഇന്ന് കേസ് പരിഗണിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനടക്കം കോടതിയില്‍ ഹാജരാകാതിരുന്നതിനാല്‍ത്തന്നെ പ്രതികളെ ആരെയും കോടതി കസ്റ്റഡിയില്‍ വിടാന്‍ തയ്യാറായില്ല. പ്രതികളെ എന്തിന് കസ്റ്റഡിയില്‍ വേണമെന്ന് കോടതിയെ ബോധിപ്പിക്കാന്‍ ഒരാള്‍ പോലും എത്താതിരുന്നതിലൂടെ ഉത്തരവാദിത്തമില്ലാതെയാണ് പൊലീസും പ്രോസിക്യൂഷനും പെരുമാറിയതെന്ന ആരോപണവുമുയരും. ജനുവരി 14 വരെയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിലൂടെ ലഹരി മരുന്നിന്റെ ഉറവിടവും നിശാപാര്‍ട്ടികള്‍ക്ക് പിന്നിലെ വമ്പന്‍മാരെയും കണ്ടെത്താമെന്നാണ് പൊലീസിന്റെ നിഗമനം.ബെംഗളുരു, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് കൊച്ചി വഴിയാണ് നിശാപാര്‍ട്ടികളിലേക്കുള്ള ലഹരിമരുന്ന് എത്തുന്നതെന്ന് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഇതിന് പിന്നില്‍ ആരാണെന്നും ലഹരിമരുന്നിന്റെ കൊച്ചിയിലെ കേന്ദ്രം എവിടെയാണെന്നും കണ്ടെത്തണം. പ്രതികളുടെ മൊബൈല്‍ ഫോണടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ പരിശോധനാഫലം വരാനുണ്ട്.

രാത്രി പാർട്ടികൾ സംഘടിപ്പിച്ച പ്രതികൾ അംഗങ്ങളായ സോഷ്യൽ മീഡിയ കമ്മ്യൂണിറ്റികളെ കേന്ദ്രീകരിച്ച് അന്വേഷണവും പുരോഗമിക്കുന്നു. വാഗമൺ കേസിലെ പ്രതി കേരളത്തിൽ മാത്രം പത്തിലധികം സ്ഥലങ്ങളിൽ രാത്രി പാർട്ടികൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment