തിരുവനന്തപുരം : ഇടതുമുന്നണിയുടെയും സിപിഎമ്മിന്റെയും അവഗണനയ്ക്കും ധാർഷ്ട്യത്തിനും എതിരെ എൻസിപി പ്രതിഷേധിച്ച് ഗുഡ്ബൈ പറയുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ആവശ്യപ്പെട്ട സീറ്റുകൾ നൽകാൻ സിപിഎം വിസമ്മതിച്ചത് പാർട്ടി പ്രവര്‍ത്തകരെ പ്രകോപിതരാക്കിയിരുന്നു. തന്നെയുമല്ല, എന്‍.സി.പിയുടെ പാലാ, കുട്ടനാട്ട് സീറ്റുകള്‍ തിരിച്ചെടുക്കാനും സി.പി.എം തീരുമാനിച്ചിരുന്നു. പാലാ കേരളകോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് കൊടുക്കുമ്പോള്‍ കുട്ടനാട് സീറ്റ് സി.പി.എം ഏറ്റെടുക്കാനാണ് തീരുമാനം. ഇതിനിടെ സി.പി.ഐയുടെ കാഞ്ഞിരപ്പള്ളി സീറ്റും ജോസ് വിഭാഗത്തിന് നല്‍കിയേക്കും. എന്നാല്‍ മുമ്പ് തന്നെ ഇതിനെ നിരാകരിച്ച് സി.പി.ഐ കോട്ടയം ജില്ലാ നേതൃത്വം രംഗത്തു വന്നിരുന്നു.
ജോസ് വിഭാഗം ഇടതുമുന്നണിയിൽ ചേർന്നതിനുശേഷം സി.പി.എമ്മിന്റെ ആദ്യ നിർണായക രാഷ്ട്രീയ നീക്കമാണ് ഒരു ഘടകകക്ഷിക്ക് മുന്നണിയിൽ നിന്ന് പിന്മാറാൻ കാരണമായത്. സി.പി.എമ്മിനും ഇടതുമുന്നണിക്കും കടന്നുകയറാനാകാത്ത മധ്യതിരുവതാംകൂറില്‍ ജോസ്.കെ.മാണിയെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ നീക്കുപോക്കുകളാണ് എല്‍.ഡി.എഫ് നടത്തുന്നത്. ന്യൂനപക്ഷ വോട്ടുകളില്‍ കണ്ണുവെച്ച് സി.പി.എം മുന്നോട്ടു പോകുമ്പോഴാണ് ഇടതുപക്ഷത്തോടൊപ്പം നിലയുറപ്പിച്ചിരുന്ന കക്ഷി മുന്നണി വിടാനുള്ള തീരുമാനം എടുത്തിട്ടുള്ളത്. തദ്ദേശ തെരെഞ്ഞെടുപ്പില്‍ ജോസ് വിഭാഗത്തിന് കാര്യമായ നേട്ടമുണ്ടാക്കാനായിട്ടില്ലെന്ന് യു.ഡി.എഫ് വിലയിരുത്തുമ്പോള്‍ ജോസിനെ മുന്‍നിര്‍ത്തി മധ്യകേരളത്തില്‍ നേട്ടമുണ്ടാക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് സി.പി.എം.
പാലാ സീറ്റ് ഉറപ്പിക്കുന്നതിന്റെ ഭാഗമായി എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന് മാസ്റ്ററും മാണി സി കാപ്പനും ശരദ്പവാറു മായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാലാ കിട്ടിയില്ലെങ്കില്‍ മുന്നണി മാറ്റം വേണം എന്ന കാര്യവും ഇരുനേതാക്കളും ശരദ് പവാറിനെ അറിയിച്ചതായാണ് സൂചന. പാലാ സീറ്റിന്റെ കാര്യത്തില്‍ വിട്ടു വീഴ്ചക്ക് തയാറാകാണമെന്ന സൂചനയാണ് എല്‍ ഡി എഫ് നേതാക്കള്‍ മാണി സി കാപ്പന് നല്‍കുന്നത്. വിജയം ഉറപ്പുളള മറ്റൊരു സീറ്റ് നല്‍കാമെന്ന് എല്‍ ഡി എഫ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കാപ്പനും എന്‍ സി പി നേതൃത്വത്തിനും അതിനോട് താത്പര്യമില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വം കേന്ദ്ര നേതാക്കളുടെ പിന്തുണ തേടുന്നത്. നിയമസഭാ സീറ്റുകളെ കുറിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ഇടത് നേതാക്കള്‍ പറയുമ്പോഴും പാലയില്‍ മത്സരിക്കാനുളള ഒരുക്കങ്ങള്‍ അണിയറയില്‍ ജോസ് പക്ഷം തുടങ്ങിക്കഴിഞ്ഞു.
സീറ്റു ചര്‍ച്ചകള്‍ തുടുംമുമ്പ് പാലാ ഉറപ്പിച്ച് മുന്നോട്ടു പോകുന്ന ജോസ് പക്ഷത്തിന്റെ നീക്കം കാര്യങ്ങള്‍ക്ക് വ്യക്തത നല്‍കിയതോടെയാണ് എന്‍.സി.പി ഒരുമുഴം മുമ്പേ എറിയുന്നത്. സി.പി.എം കേന്ദ്ര നേതൃത്വത്തെ ഇടപെടുത്തി പാലാ സീറ്റിനുള്ള അവകാശവാദം ശക്തമാക്കാനായിരുന്നു എന്‍.സി.പി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം കേന്ദ്ര നേതൃത്വത്തിന് മുമ്പില്‍ വിശദീകരിച്ചുകൊണ്ടാവും പിണറായി വിജയനും സി.പി.എമ്മും ജോസ് പക്ഷത്തിന് പാലാ വിട്ടു നല്‍കണമെന്ന് വാദിക്കുക.
പാലായ്ക്ക് പുറമേ സി.പി.ഐയുടെ സീറ്റായ കാഞ്ഞിരപ്പള്ളി വിട്ടു നല്‍കാനും സി.പി.എം തീരുമാനമെടുത്തു കഴിഞ്ഞു. സി.പി.ഐ സംസ്ഥാന സെക്രട്ടറിയായ കാനം രാജേന്ദ്രന്റെ കൂടി മണ്ഡലമായ കാഞ്ഞിരപ്പള്ളി വിട്ടു നല്കേണ്ടതിനെക്കുറിച്ച് സി.പി.ഐ സംസ്ഥാന നേതൃത്വം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഏകപക്ഷീയമായി സി.പി.എം തീരുമാനത്തിന് വഴങ്ങേണ്ടയെന്നാണ് സി.പി.ഐയിലെ പൊതുവികാരം. ഇതോടെ നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്പായി ഇടതുമുന്നണിയിലെ ഘടകകക്ഷിയില്‍ രൂപപ്പെടുന്ന അമര്‍ഷം എങ്ങനെ കൈകാര്യം ചെയ്യണമെന്ന ആശങ്കയിലാണ് സി.പി.എമ്മുള്ളത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply