- Malayalam Daily News - https://www.malayalamdailynews.com -

കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ കോവിഡ്-19 അണുബാധയേറ്റ് മരിച്ചു

[1]തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരൻ (55) അന്തരിച്ചു. രാത്രി 8.10 നാണ് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ വെച്ച് അദ്ദേഹം മരിച്ചത്. കോവിഡ്-19 ബാധിതനായ അദ്ദേഹം നേരത്തെ മാവേലിക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഇന്ന് രാവിലെ കരുണാഗപ്പള്ളിയിലേക്ക് മാറ്റി. അവിടെ ചികിത്സ പരാജയപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു. ഏഴ് മണിയോടെയാണ് അദ്ദേഹത്തെ കിംസിലെത്തിച്ചത്. കോവിഡ് ശ്വാസകോശത്തെ ബാധിച്ചിരുന്നു എന്നതാണ് മരണകാരണം. എട്ട് മണിയോടെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു.

ലാൽ ജോസിന്റെ ‘അറബിക്കഥ’ എന്ന ചിത്രത്തിലെ ‘ചോര വീണ മണ്ണിൽ നിന്ന്’ എം. മോഹനന്റെ ‘കഥ പറയുമ്പോൾ’ എന്ന ചിത്രത്തിലെ ‘വ്യത്യസ്തനാമൊരു ബാർബറാം ബാലനെ’ എന്നീ ഗാനങ്ങളാണ് അനിൽ പനച്ചൂരാനെ പ്രശസ്തിയിലേക്കുയർത്തിയത്. അറബിക്കഥയിലെ ചോര വീണ മണ്ണിൽ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും അനിൽ പനച്ചൂരാനാണ്.

വലയിൽ വീണ കിളികൾ, അനാഥൻ, പ്രണയകാലം,ഒരു മഴ പെയ്തെങ്കിൽ, കണ്ണീർക്കനലുകൾ, അക്ഷേത്രിയുടെ ആത്മഗീതം എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങൾ. അറബിക്കഥ, കഥ പറയുമ്പോൾ, മാടമ്പി, സൈക്കിൾ, നസ്രാണി, ക്രേസി ഗോപാലൻ, മിന്നാമിന്നിക്കൂട്ടം, ഭ്രമരം, ലൗഡ്‌സ്പീക്കർ, പാസഞ്ചർ, ഭഗവാൻ, പരുന്ത്, ബോഡിഗാർഡ്, മാണിക്യക്കല്ല്, സീനിയേഴ്സ് തുടങ്ങി നിരവധി ചിത്രങ്ങൾക്കായി ഗാനങ്ങൾ രചിച്ചു.

ആലപ്പുഴ ജില്ലയിൽ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ ഉദയഭാനു- ദ്രൗപതി ദമ്പതികളുടെ മകനായി 1965 നവംബർ 20നാണ് അനിൽ പനച്ചൂരാന്റെ ജനനം. അനിൽകുമാർ പിയു എന്നാണ്‌ യഥാർഥ പേര്. നങ്ങ്യാർകുളങ്ങര ടികെഎം കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറംകൽ കാകദീയ സർവകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഭാര്യ: മായ, മകൾ: ഉണ്ണിമായ.


Like our page https://www.facebook.com/MalayalamDailyNews/ [2] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[3] [4] [5] [6] [7]