കോവാക്സിന്‍ വിവാദത്തിന് മറുപടിയുമായി ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍

ന്യൂദൽഹി: ഭാരത് ബയോടെക്കിന്റെ കോവാക്സിന്റെ അടിയന്തര അംഗീകാരവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. ഇത്തരം സുപ്രധാന വിഷയങ്ങളെ രാഷ്ട്രീയവൽക്കരിക്കുന്നത് അപമാനകരമാണെന്ന് കേന്ദ്രമന്ത്രി വിമർശിച്ചു. കോവിഡ് വാക്സിൻ അംഗീകരിക്കുന്നതിന്റെ ശാസ്ത്രീയ അടിത്തറയെ ശശി തരൂർ, ജയറാം രമേശ്, അഖിലേഷ് യാദവ് എന്നിവ കുറച്ചു കാണരുത്. നിങ്ങൾ സ്വയം അപകീർത്തിപ്പെടുത്തുന്നുവെന്ന് നിങ്ങൾ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതാക്കളായ ശശി തരൂർ, ജയറാം രമേശ്, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവർ കോവാക്‌സിന് അടിയന്തിര അനുമതി നൽകിയതിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. കാര്യക്ഷമത തെളിയിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ ഇല്ലാതെയാണ് കോവാക്‌സിന് അനുമതി നൽകിയതെന്നാണ് ഇവർ വിമർശനം ഉന്നയിച്ചത്. സെറം ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിർമ്മിച്ച കോവിഷീൽഡ്‌ വാക്‌സിനൊപ്പമാണ് കോവാക്‌സിനും രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയത്.

കോവാക്‌സിന് മറ്റു വാക്‌സിനുകളുടെ അതേ കാര്യക്ഷമതയുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അവകാശപ്പെട്ടതായി ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. യുകെയിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന് എതിരെയും വാക്‌സിൻ ഫലപ്രദമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാക്കാതെ കോവാക്‌സിന് അനുമതി നൽകിയത് അപകടത്തിലേക്ക് നയിക്കുമെന്നും അതിനാൽ വാക്‌സിന്റെ ഉപയോഗം ഒഴിവാക്കണമെന്നും ശശി തരൂർ അഭിപ്രായപ്പെട്ടിരുന്നു. കോവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. വാക്‌സിൻ സംബന്ധിച്ച കാര്യങ്ങളിൽ കേന്ദ്ര ആരോഗ്യമന്ത്രി വ്യക്‌തത വരുത്തണമെന്നും പരീക്ഷണം പൂർത്തിയാകുന്നതുവരെ കോവാക്‌സിന്റെ ഉപയോഗം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ആരോഗ്യമന്ത്രി രംഗത്തെത്തിയത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment