കോൺഗ്രസിനെ തകർക്കാൻ ബി.ജെ.പിക്ക് കൂട്ടുനിന്ന് വോട്ട് മറിച്ചവരാണ് സിപി‌എം: മാത്യു കുഴല്‍‌നാടന്‍

തിരുവനന്തപുരം: അടുത്തിടെ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ ബിജെപിയോടൊപ്പവും വര്‍ഗീയ പാര്‍ട്ടികളോടൊപ്പവും നിന്നവരാണ് സിപി‌എം എന്ന് കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍‌നാടന്‍ ആരോപിച്ചു. സിപിഎം കേരളത്തിലുടനീളമുള്ള സാമുദായിക പാർട്ടികൾക്ക് വോട്ട് തിരിച്ചുവിട്ടതായും കുഴല്‍‌നാറ്റന്‍ പറഞ്ഞു. വിവിധ നിയോജകമണ്ഡലങ്ങളിലെ നൂറോളം വാർഡുകളിൽ നടത്തിയ പരിശോധനയിൽ സിപിഎം, ബിജെപി, എസ്ഡിപിഐ എന്നിവരുടെ ആസൂത്രിതമായ നീക്കം വ്യക്തമായി.

തെരഞ്ഞെടുപ്പ് കമ്മീഷൻ രേഖകൾ പുറത്തുവിട്ടുകൊണ്ടാണ് കെപിസിസി ഗവേഷണ വികസന വകുപ്പ് ചെയർമാൻ കൂടിയായ മാത്യു കുഴല്‍‌നാടന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. മധ്യ കേരളത്തിലാണ് ബിജെപിയുമായി സിപി‌എം വ്യാപകമായ കൂട്ടുകെട്ട് ഉണ്ടാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

കെപിസിസി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് 1000 വാര്‍ഡുകളില്‍ നടത്തിയ ക്രമരഹിതമായ ഡാറ്റ വിശകലനത്തില്‍ കേരളത്തിലെ നൂറോളം വാര്‍ഡുകളില്‍ സിപിഎമ്മിന് രണ്ടക്ക വോട്ടുകളാണുള്ളതെന്ന് മാത്യു ചൂണ്ടിക്കാട്ടി. നിരവധിയിടങ്ങളില്‍ കോൺഗ്രസിനെ പരാജയപ്പെടുത്താൻ പരോക്ഷമായി സിപിഎം ബിജെപിക്ക് വോട്ടുമറിച്ചു. ആലപ്പുഴ ജില്ലയിലെ തിരുവന്‍വണ്ടൂര്‍ പഞ്ചായത്താണ് ഇതില്‍ ഏറ്റവും വലിയ ഉദാഹരണം. അവിടെ ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ തെരഞ്ഞെടുപ്പിനു ശേഷം യുഡിഎഫ് എല്‍ഡിഎഫിനെ പിന്തുണച്ചു. എന്നാല്‍, ആ പിന്തുണ സ്വീകരിക്കാതെ രാജിവച്ച് പിന്മാറുകയാണ് സിപിഎം ചെയ്തത്. എന്നാല്‍, ഈ പഞ്ചായത്തിലെ ഒട്ടുമിക്ക വാര്‍ഡുകളിലും സിപിഎം ബിജെപിയുമായി ധാരണയിലായിരുന്നു എന്നത് തെരഞ്ഞെടുപ്പ് ഫലം ശ്രദ്ധിച്ചാല്‍ മനസിലാകും. പഞ്ചായത്ത് ഓഫീസ് വാര്‍ഡില്‍ ബിജെപി വിജയിച്ചപ്പോള്‍ അവിടെ ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ഥിയായ മത്സരിച്ചയാള്‍ക്ക് ലഭിച്ചത് കേവലം അഞ്ച് വോട്ടാണ്.

അതുപോലെ, വനവതുക്കര വാർഡിൽ സിപിഎം പാർട്ടി ചിഹ്നത്തിന് കീഴിൽ മത്സരിച്ച സ്ഥാനാർത്ഥിക്ക് ലഭിച്ചത് 57 വോട്ടുകൾ മാത്രമാണ്. ഇവിടെയും ബിജെപി വിജയിച്ചു. ഉമയാറ്റുകര വാർഡിൽ ചാരപ്പണി നടത്തിയിട്ടും യുഡിഎഫിനെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ല. തിരുവന്‍വണ്ടൂര്‍ ഈസ്റ്റ് വാര്‍ഡില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 13 വോട്ട് മാത്രമാണ്. ഇവിടെയും കോണ്‍ഗ്രസ് എല്ലാ അവിശുദ്ധ കൂട്ടുകെട്ടും അതിജീവിച്ചു. വര്‍ഗീയ കക്ഷികളെ അധികാരത്തില്‍നിന്ന് അകറ്റി നിര്‍ത്താനെന്നു പറയുകയും വ്യാപകമായി ബിജെപിക്കു കുടപിടിക്കുകയുമാണ് സിപിഎം ചെയ്തത്. പാർട്ടി ചിഹ്നത്തിൽ മത്സരിച്ച സ്ഥാനാർഥിക്കു പോലും സി പി എം വോട്ട് ചെയ്യാതെ ബി ജെ പി യെ സഹായിച്ചു എന്നതാണ് വസ്തുത. ബിജെപിയെ വളര്‍ത്തുക എന്നത് സിപിഎമ്മിന്റെ രഹസ്യ അജന്‍ഡയാണ്. ആലപ്പുഴ ജില്ലയില്‍ വ്യാപകമായിട്ടാണ് ഇത്തരത്തില്‍ ക്രോസ് വോട്ടിങ് നടന്നിട്ടുള്ളത്. പത്തനംതിട്ട, തിരുവന്തപുരം എന്നീ ജില്ലകളിലെ പല മേഖലകളിലും പരസ്പരം കൂട്ടുകൂടിയാണ് ഇരുവരും മത്സരിച്ചത്. മാവേലിക്കര, ചെങ്ങന്നൂര്‍ നഗരസഭകളില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ കയറ്റാതിരിക്കാന്‍ ബിജെപിക്ക് വോട്ട് മറിച്ചുകൊടുത്തു.

മഹാരാജാസ് കോളജിൽ എസ്ഡിപിഐ പ്രവർത്തകരാൽ കൊല്ലപ്പെട്ട എസ് എഫ് ഐ നേതാവായ അഭിമന്യുവിൻ്റെ പഞ്ചായത്തിൽ വിവിധ വാർഡുകളിൽ സിപി എം ബി ജെ പി ക്ക് വോട്ടു മറിച്ചു. അഭിമന്യുവിൻ്റെ വാർഡിൽ പോലും കോൺഗ്രസിനെ മാറ്റി നിർത്താൻ ബി ജെ പി യെയാണ് സി പി എം പിന്തുണച്ചത് മാത്യു വെളിപ്പെടുത്തി.

തെരഞ്ഞെടുപ്പിൽ യുഡിഎഫ് തകർന്നെന്നും കോൺഗ്രസ് ഇല്ലാതായെന്നുമുള്ള ആസൂത്രിത പ്രചരണം നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സി പി എം നടത്തുകയാണ്. ഇതിൻ്റെ യഥാർഥ്യം പരിശോധിച്ചാൽ കണക്കുകൾ വ്യത്യസ്തമാണെന്ന് കാണാൻ കഴിയും. തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ പത്തായത്ത്, മുനിസിപ്പാലിറ്റി, നഗരസഭ എന്നീ പ്രാഥമിക വോട്ടുകൾ പരിശോധിച്ചാൽ യു ഡി എഫിനാണ് മേൽക്കൈ എന്നു മനസിലാകും. യു ഡി എഫ് , എൽ ഡി എഫ് സ്വതന്ത്രരുടെ ഫലം കൂടി പരിശോധിക്കുമ്പോഴാണ് ഇത് മനസിലാകുന്നത്.

ഇതാണ് കണക്കുകളെന്നിരിക്കെയാണ് സി പി എം വ്യാജ പ്രചരണം നടത്തുന്നത്. സീറ്റുകളുടെ എണ്ണം പരിശോധിച്ചാൽ മേൽക്കൈ എൽ ഡി എഫിനാണ് .

കോൺഗ്രസിനെ പരാജയപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെ സി പി എം, ബി ജെ പി, എസ്ഡിപിഐ പോലുള്ള വർഗീയ കക്ഷികളുമായി വ്യാപകമായി രഹസ്യധാരണയുണ്ടാക്കി വോട്ട് മറിച്ച ചിത്രമാണ് കേരളത്തിലുടനീളം കാണാൻ കഴിയുന്നത്. ഈ വോട്ട് കച്ചവടം വളരെ ഗൂഢമായാണ് സി പി എം ചെയ്തിരിക്കുന്നത് മാത്യു കുഴൽനാടൻ ചൂണ്ടിക്കാട്ടി

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment