വാഷിംഗ്ടണ്‍: തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ജോര്‍ജിയയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോട് ആവശ്യപ്പെടുന്ന ടെലഫോണ്‍ സംഭാഷണം പുറത്തായി. ശനിയാഴ്ചയാണ് ജോര്‍ജിയയിലെ മുതിര്‍ന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ റിപ്പബ്ലിക്കൻ സ്റ്റേറ്റ് സെക്രട്ടറി ബ്രാഡ് റാഫെൻസ്പെർജറിനോട് ടെലഫോണിലൂടെ ട്രംപ് ആവശ്യപ്പെട്ടത്.
“എനിക്കു വേണ്ടി നിങ്ങള്‍ ഇത് ചെയ്തേ പറ്റൂ. എനിക്ക് 11,780 വോട്ടുകൾ കണ്ടെത്തണം. ജോര്‍ജിയയില്‍ എന്റെ വിജയം ഉറപ്പാക്കാന്‍ അത്രയും വോട്ടുകള്‍ കണ്ടെത്തിയേ മതിയാകൂ. നിങ്ങള്‍ ഒരു റിപ്പബ്ലിക്കനാണ്. അതുകൊണ്ട് നഷ്ടമൊന്നും സംഭവിക്കില്ല. ജോര്‍ജിയയില്‍ ജയിക്കേണ്ടത് എന്റെ ആവശ്യമാണ്. മറിച്ചായാല്‍ അത് നിന്റെ പേരില്‍ ക്രിമിനല്‍ കുറ്റമായിരിക്കും….” ഏകദേശം ഒരു മണിക്കൂര്‍ നീണ്ട ഫോണ്‍ സംഭാഷണത്തില്‍ പ്രസിഡന്റ് ട്രംപ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ റിപ്പബ്ലിക്കൻ സ്റ്റേറ്റ് സെക്രട്ടറി ബ്രാഡ് റാഫെൻസ്പെർജറിനോട് പറയുന്നു. വാഷിംഗ്ടൺ പോസ്സ്റ്റിന് ലഭിച്ച ഈ റെക്കോർഡിംഗ് ഞായറാഴ്ച ഉച്ചയ്ക്ക് പ്രസിദ്ധീകരിച്ചു.
ഒരു മണിക്കൂർ നീണ്ട സംഭാഷണത്തില്‍ ട്രംപ് ചിലപ്പോൾ റാഫെൻസ്പെർജറിനോട് തട്ടിക്കയറുകയും ചിലപ്പോൾ അദ്ദേഹത്തെയും ഓഫീസിലെ ജനറൽ കൗൺസിലായ റയാൻ ജെര്മാനിയെയും പുകഴ്ത്തുകയും ചെയ്യുന്നുണ്ട്. ജോർജിയയിലെ മൂന്ന് വ്യത്യസ്ത വോട്ടുകളുടെ കൃത്യതയെക്കുറിച്ച് പ്രസിഡന്റ് തർക്കമുന്നയിച്ചു. 1992 ന് ശേഷം സംസ്ഥാനം പിടിച്ചെടുത്ത ആദ്യത്തെ ഡെമോക്രാറ്റിക് പ്രസിഡന്റ് മത്സരാർത്ഥിയാണ് ജോ ബൈഡന് എന്നും അദ്ദേഹം പറഞ്ഞു.
I spoke to Secretary of State Brad Raffensperger yesterday about Fulton County and voter fraud in Georgia. He was unwilling, or unable, to answer questions such as the “ballots under table” scam, ballot destruction, out of state “voters”, dead voters, and more. He has no clue!
— Donald J. Trump (@realDonaldTrump) January 3, 2021
“ഫുൾട്ടൺ കൗണ്ടി, ജോർജിയയിലെ വോട്ടർ തട്ടിപ്പ് എന്നിവയെക്കുറിച്ച് ഞാൻ ഇന്നലെ സ്റ്റേറ്റ് സെക്രട്ടറി ബ്രാഡ് റാഫെൻസ്പെർജറുമായി സംസാരിച്ചു. ‘ബാലറ്റ് അണ്ടർ ടേബിൾ’ കുംഭകോണം, ബാലറ്റ് നശിപ്പിക്കല്‍, സംസ്ഥാനത്തിന് പുറത്തുള്ള വോട്ടർമാർ വോട്ടു ചെയ്യല്‍, മരിച്ച വോട്ടർമാർ വോട്ടു ചെയ്തു, ശരിയായ അഡ്രസ് ഇല്ലാത്തവര്‍ വോട്ടര്‍ പട്ടികയില്‍ ഇടം നേടി വോട്ടു ചെയ്തു തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് അദ്ദേഹം തയ്യാറായില്ല, അല്ലെങ്കിൽ കഴിഞ്ഞില്ല. അദ്ദേഹത്തിന് അതേക്കുറിച്ച് ഒരു അറിവുമില്ല!” ഞായറാഴ്ച ട്രംപ് ട്വിറ്ററിൽ എഴുതി.
എന്നാല്‍, റാഫെൻസ്പെർജർ മറുപടി നൽകിയത് “ബഹുമാനപൂർവ്വം, പ്രസിഡന്റ് ട്രംപ്: നിങ്ങൾ പറയുന്നത് ശരിയല്ല. സത്യം പുറത്തുവരും,” എന്നാണ്.
Respectfully, President Trump: What you're saying is not true. The truth will come out https://t.co/ViYjTSeRcC
— GA Secretary of State Brad Raffensperger (@GaSecofState) January 3, 2021
വോട്ടെണ്ണൽ വീണ്ടും കണക്കാക്കാൻ ജോർജിയ ഉദ്യോഗസ്ഥരോട് ട്രംപ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വോട്ട് അസാധുവാക്കാൻ റാഫൻസ്പെർജർ വിസമ്മതിച്ചാൽ അത് “വലിയ റിസ്ക്” എടുക്കുന്നതിന് തുല്യമായിരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്കി. ട്രംപിന്റെ അവകാശവാദത്തെ റാഫെൻസ്പെർജറും ജെര്മാനിയും തള്ളിക്കളഞ്ഞു. എന്നാല്‍, ജോർജിയ ഫലം നിയമാനുസൃതമാണെന്ന റാഫെൻസ്പെർജറും ജെര്മാനിയും നടത്തിയ വാദങ്ങളെ ട്രംപ് നിരസിച്ചു.
സംഭാഷണത്തിലുടനീളം താൻ ജോര്‍ജിയ സംസ്ഥാനത്ത് ജയിച്ചതായി ട്രംപ് അവകാശപ്പെട്ടു. എനിക്ക് ജോർജിയ നഷ്ടപ്പെടാന്‍ ഒരു കാരണവുമില്ല. ലക്ഷക്കണക്കിന് വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഞാന്‍ വിജയിച്ചു എന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു.
തങ്ങളുടെ രാഷ്ട്രീയ യുദ്ധഭൂമിയിലെ വോട്ടുകൾ അസാധുവാക്കാൻ സംസ്ഥാന ഉദ്യോഗസ്ഥരെയും നിയമനിർമ്മാതാക്കളെയും സമ്മർദ്ദത്തിലാക്കാനുള്ള ട്രംപിന്റെ ഏറ്റവും പുതിയ ശ്രമമാണ് റാഫെൻസ്പെർജറിനോടുള്ള ട്രംപിന്റെ ആഹ്വാനം.
ട്രംപിന്റെ നടപടിക്കെതിരെ വൈസ് പ്രസിഡന്റ് കമലാ ഹാരിസും രംഗത്തെത്തി. ഇത് കടുത്ത അധികാര ദുര്‍വിനിയോഗമാണെന്ന് അവര്‍ പറഞ്ഞു. റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് സെനറ്റര്‍ ആദം കിന്‍സിംഗറും എതിര്‍പ്പ് പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പിനെ എതിര്‍ക്കുന്നത് തെറ്റാണെന്നും, പൂര്‍ണ്ണ മനസ്സോടെ അത് അംഗീകരിക്കണമെന്നും കിന്‍സിംഗര്‍ പഞ്ഞു.
അമേരിക്കയിലെ പരോക്ഷമായ ജനാധിപത്യരീതിയിൽ, സംസ്ഥാനത്തെ ജനകീയ വോട്ടുകൾ നേടിയ ബൈഡന്, ജോർജിയയുടെ 16 ഇലക്ടറല്‍ വോട്ടുകളും നേടി. ഇലക്ടറൽ കോളേജിൽ ബൈഡന് 306 വോട്ടും ട്രംപ് 232 വോട്ടുകളുമാണ് നേടിയത്.
ബുധനാഴ്ച വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ അദ്ധ്യക്ഷതയില്‍ കോൺഗ്രസിന്റെ സംയുക്ത സമ്മേളനം ചേരും. ബൈഡന് ഇലക്ടറൽ കോളേജ് വോട്ടുകൾ സാക്ഷ്യപ്പെടുത്തുന്നതിനെ എതിർത്തുകൊണ്ട് ഒരു ഡസനോളം റിപ്പബ്ലിക്കൻ യുഎസ് സെനറ്റർമാരും ഇതുവരെ പുറത്തു പറയാത്ത മറ്റു ചില റിപ്പബ്ലിക്കന്മാരും രംഗത്തു വരുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍, അവരുടെ ആ ശ്രമം പരാജയപ്പെടാനാണ് സാധ്യത. കാരണം, സഭയില്‍ ഡമോക്രാറ്റുകൾക്കാണ് ഭൂരിപക്ഷം. കൂടാതെ പ്രമുഖ റിപ്പബ്ലിക്കൻ സെനറ്റർമാർ ഈ വെല്ലുവിളിയെ പിന്തുണയ്ക്കില്ലെന്നും പറയുന്നു.
ജോർജിയയിലെ പ്രശ്നം ട്രംപും റിപ്പബ്ലിക്കന്മാരും ഉയര്ത്തിക്കാട്ടിയാലും, ഇലക്ടറൽ കോളേജിൽ പ്രസിഡന്റ് സ്ഥാനം നേടാൻ ആവശ്യമായ 270 വോട്ടുകളിൽ കൂടുതൽ ബൈഡന് നേടിയിട്ടുണ്ട്.
(ഫോൺ സംഭാഷണം ഇവിടെ കേള്‍ക്കാം. ട്രാന്‍സ്ക്രിപ്റ്റും വായിക്കാം)
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply