സ്വർണ്ണക്കടത്ത് കേസ്: 20 പേരടങ്ങുന്ന സംഘത്തിനെതിരെ എന്‍ ഐ എയുടെ ആദ്യ കുറ്റപത്രം കോടതിയില്‍ സമർപ്പിച്ചു

കൊച്ചി: സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ.യുടെ ആദ്യത്തെ കുറ്റപത്രം സമർപ്പിച്ചു. സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കിയ കുറ്റപത്രത്തിൽ ആകെ 20 പ്രതികളുണ്ട്. സ്വപ്‌ന സുരേഷ്, സരിത്ത്, കെ ടി റമീസ് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രത്തിന്റെ ആദ്യ ഘട്ടം. അന്വേഷണ ഉദ്യോഗസ്ഥന്‍ രാധാകൃഷ്ണ പിള്ളയാണ് കുറ്റപത്രം പ്രത്യേക കോടതിയിൽ സമർപ്പിച്ചത്. കേസിൽ സ്വപ്‌ന സുരേഷിനെയും സന്ദീപിനെയും അറസ്റ്റ് ചെയ്ത് 180 ദിവസത്തിനുള്ളിലാണ് അന്വേഷണ സംഘം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയ്ക്ക് ഭീഷണിയായി സ്വർണ്ണക്കടത്തിൽ നിന്നുള്ള പണം വിനിയോഗിച്ചുവെന്നതിന്റെ അടിസ്ഥാനത്തില്‍ യു‌എ‌പി‌എ നിലനിൽക്കുമെന്നാണ് എൻ‌ഐ‌എ മുമ്പ് പറഞ്ഞിരുന്നത്.

കേസില്‍ ആകെ 35 പ്രതികളാണുള്ളത്. അന്വേഷണത്തില്‍ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ 20 പേര്‍ക്കെതിരെ കുറ്റപത്രവും ഒരാളെ മാപ്പ് സാക്ഷിയുമാക്കിയാണ് അന്വേഷണ ഉദ്യോഗസ്ഥനായ രാധാകൃഷ്ണപിള്ള കുറ്റപത്രം നല്‍കിയിട്ടുള്ളത്. ഏഴുപേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. അതേസമയം 12 പേര്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തിന് പണം നല്‍കിയവര്‍ അടക്കമുളളവരാണ് ജാമ്യം ലഭിച്ച് പുറത്തുള്ളത്. സന്ദീപ് നായര്‍ നേരത്തെ കോടതിയില്‍ രഹസ്യമൊഴി നല്‍കി മാപ്പുസാക്ഷിയായിരുന്നു.

കേസിൽ യുഎപിഎ നിലനിൽക്കുമെന്ന് കുറ്റപത്രം പറയുന്നു. പ്രാഥമിക കുറ്റപത്രമാണ് ഇപ്പോൾ ഫയൽ ചെയ്തത്. കേസിൽ ഉള്‍പ്പെട്ടവരെ ഇനിയും അറസ്റ്റ് ചെയ്യാത്തതിനാൽ അവരെ അറസ്റ്റു ചെയ്യുന്ന മുറയ്ക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. കേസിൽ ഉൾപ്പെട്ട 35 പേരിൽ 21 പേരെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ബാക്കിയുള്ളവരിൽ ചിലർ വിദേശത്താണ്. സ്വദേശത്തേക്ക് കൊണ്ടുവരുന്നതും അറസ്റ്റുചെയ്യുന്നതും ഉൾപ്പെടെയുള്ള നടപടികൾ ഇനിയും പൂർത്തിയായിട്ടില്ല. മൂവ്വാറ്റുപുഴ സ്വദേശിയായ റോബിൻസിനെ വിദേശത്തുനിന്നും കൊണ്ടുവരാനും ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് രേഖപ്പെടുത്താനും എൻഐഎയ്ക്ക് കഴിഞ്ഞു. എന്നാൽ കേസിലെ പ്രധാന പ്രതികളിൽ ചിലരെ ഇതുവരെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.

Print Friendly, PDF & Email

Related posts

Leave a Comment