പ്രൗഡ് ബോയ്സ് ലീഡര്‍ വാഷിംഗ്ടണ്‍ ഡിസിയിൽ പ്രവേശിക്കുന്നത് കോടതി വിലക്കി

വാഷിംഗ്ടണ്‍: തീവ്ര വലതുപക്ഷ ഗ്രൂപ്പ് പ്രൗഡ് ബോയ്സിന്റെ നേതാവായ ഹെൻറി “എൻറിക്” ടാരിയോയെ പോലീസ് അറസ്റ്റു ചെയ്തു. എന്നാല്‍, ചൊവ്വാഴ്ച പോലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചെങ്കിലും വാഷിംഗ്ടൺ ഡിസിയില്‍ പ്രവേശിക്കുന്നത് വിലക്കി കോടതി ഉത്തരവിട്ടു.

നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനോട് ട്രംപ് പരാജയപ്പെട്ടതിനെ തുടർന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുയായികൾ തലസ്ഥാന നഗരിയില്‍ പ്രകടനങ്ങൾ നടത്താൻ പദ്ധതി തയ്യാറാക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് ഹെൻറി “എൻറിക്” ടാരിയോയെ അറസ്റ്റു ചെയ്തത്.

കഴിഞ്ഞ മാസം വാഷിംഗ്ടണിൽ നടന്ന പ്രതിഷേധത്തിനിടെ ചരിത്രപരമായ ഒരു ആഫ്രിക്കൻ അമേരിക്കൻ പള്ളിയിൽ നിന്ന് ‘ബ്ലാക്ക് ലൈവ്സ് മേറ്റർ’ ബാനര്‍ വലിച്ചു കീറിയതിനും കത്തിച്ചതിനും, പള്ളിക്ക് കേടുപാടുകള്‍ വരുത്തിയതിനും ടാരിയോയെ അറസ്റ്റു ചെയ്തിരുന്നു എന്ന് ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ (ഡിസി) മെട്രോപൊളിറ്റൻ പോലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

വാഷിംഗ്ടണ്‍ ഡിസി സുപ്പീരിയർ കോടതി മജിസ്‌ട്രേറ്റ് ജഡ്ജി റെനി റെയ്മണ്ട് ചൊവ്വാഴ്ച ടാരിയോയെ സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചെങ്കിലും ജൂണിൽ അടുത്ത വാദം കേൾക്കുന്നതുവരെ രാജ്യ തലസ്ഥാനത്ത് പ്രവേശിക്കരുതെന്നും ഉത്തരവിട്ടു. ബൈഡന്റെ വിജയം സ്ഥിരീകരിക്കാൻ ബുധനാഴ്ച കോൺഗ്രസ് വോട്ടു ചെയ്യുമ്പോൾ ട്രംപ് അനുഭാവികളായ ‘പ്രൗഡ് ബോയ്സ്’ യുഎസ് ക്യാപിറ്റലിൽ പ്രതിഷേധറാലി സംഘടിപ്പിക്കുമെന്ന് വിളംബരം ചെയ്തിരുന്നു.

കസ്റ്റഡിയിലെടുക്കുമ്പോൾ ഉയർന്ന പ്രഹര ശേഷിയുള്ള രണ്ട് തോക്കുകളും വെടിമരുന്നുറകളും പോലീസ് കണ്ടെത്തിയതിനെത്തുടർന്ന് 36 കാരനായ ടാരിയോയ്ക്കെതിരെ ആയുധക്കുറ്റവും പോലീസ് ചുമത്തിയിട്ടുണ്ട്.

പ്രതിഷേധ റാലിയില്‍ തോക്കുകൾ കൊണ്ടുവരരുതെന്ന് സിറ്റി അധികൃതർ ട്രംപ് അനുഭാവികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാഷിംഗ്ടണിലെ പ്രാദേശിക സർക്കാർ ലൈസൻസില്ലാതെ ആളുകള്‍ക്ക് തോക്കുകള്‍ കൈവശം വെയ്ക്കാന്‍ അനുമതി നല്‍കിയിട്ടില്ല.

ബുധനാഴ്ച നടക്കാനിരിക്കുന്ന ആസൂത്രിതമായ പ്രതിഷേധ റാലിയില്‍ 300 സൈനികർ പ്രാദേശിക സർക്കാരിനെ പിന്തുണയ്ക്കുമെന്ന് ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ നാഷണൽ ഗാർഡ് അറിയിച്ചു.

Print Friendly, PDF & Email

Related posts

Leave a Comment