Flash News

‘ദി കഴ്സ്ഡ് ട്രഷർ’ – മലയാളി കുടുംബത്തിന്റെ 140 വർഷത്തെ ചരിത്രം പറഞ്ഞ് അനു പിളളയുടെ ഇംഗ്ലീഷ് നോവൽ

January 7, 2021 , പ്രസ് റിലീസ്

പ്രതിസന്ധിയുടെ കാലത്ത് വെല്ലുവിളികളും അവസരങ്ങളായി മാറുമെന്ന് പറയാറുണ്ട്. ജീവിതത്തിലെ മാറ്റിവെയ്ക്കാനാകാത്ത തിരക്കുകൾക്കും ഓട്ടപ്പാച്ചിലിനുമിടയിൽ പാതിയിൽവെച്ച് മാറിപ്പോയതോ മറന്നു പോയതോ ആയ വായനാ വഴിയിലേക്കുള്ള മടങ്ങിപ്പോക്കാണ് കോവിഡ് കാലത്തെ മാറ്റങ്ങളിൽ ഒന്ന്. സാമൂഹ്യ ജീവിതത്തിൽ നിന്ന് അകലം പാലിച്ച്, വീട്ടകങ്ങളിലെ ഒറ്റപ്പെട്ട തുരുത്തുകളിൽ അടച്ചിടപ്പെട്ടതോടെ, ആശ്വാസം കണ്ടെത്താൻ മിക്കവരും അഭയം പ്രാപിച്ചത് പുസ്തകങ്ങളിലാണ്. വായനയുടെ കാലം മടങ്ങിവന്നിരിക്കുന്നു.

പരിചിത എഴുത്തുകാരുടെ രചനകൾക്കപ്പുറം സാഹിത്യ ലോകത്തേക്ക് കാലെടുത്ത് വെയ്ക്കുന്ന നവാഗത എഴുത്തുകാർക്കും ഇന്ന് ധാരാളം വായനക്കാരുണ്ട്. കാമ്പുള്ള കഥകൾ പുതിയ രീതിയിൽ പറഞ്ഞ് ക്രാഫ്റ്റിലൂടെ വായനക്കാരെ കൈയിലെടുക്കാൻ പുതിയ എഴുത്തുകാർ കാണിക്കുന്ന മികവ് എടുത്തു പറയേണ്ടതാണ്. ഭാവനയിലെ നൂതനത്വവും ഭാഷയിലെ പുതുമയും കഥ പറയുന്നതിലെ വ്യത്യസ്തതയുമെല്ലാം വായനാലോകത്ത് പുതിയ ഭാവുകത്വം തീർക്കുകയാണ്.

പ്രമേയത്തിലെ പുതുമ കൊണ്ടും ലളിതവും സരളവുമായ ഭാഷാശൈലി കൊണ്ടും ആകർഷകമായ അവതരണ രീതികൊണ്ടും ശ്രദ്ധയാകർഷിക്കുന്ന കൃതിയാണ് അനുപിളള എന്ന നവാഗത എഴുത്തുകാരൻ്റെ ‘ദി കഴ്സ്ഡ് ട്രഷർ’ അഥവാ ‘ശാപം കിട്ടിയ നിധി.’ മലയാളിയാണ് അനു പിള്ള എന്ന ഈ ഇന്ത്യൻ ഇംഗ്ലീഷ് നോവലിസ്റ്റ്. ആലപ്പുഴയിലെ ഹരിപ്പാടാണ് അനു പിള്ളയുടെ സ്വദേശം. കുട്ടിക്കാലം ചെലവഴിച്ചത് അമ്മയുടെ തറവാട്ടുവീട്ടിൽ അപ്പൂപ്പനൊപ്പം.

1880 മുതൽ 2020 വരെ നൂറ്റി നാല്പത് വർഷത്തോളം നീണ്ടുകിടക്കുന്ന വിപുലമായ ഒരു കാലഘട്ടത്തെ നോവലിസ്റ്റ് വരച്ചിടുന്നത് കഷ്ടി നൂറ് പേജുകളിലാണ് എന്നതാണ് കൗതുകകരം. നീണ്ട കാലത്തെ ആറ്റിക്കുറുക്കി ഒരു കൈക്കുമ്പിളിൽ ഒതുക്കുമ്പോഴും, വലിയ കാൻവാസിൽ എഴുതപ്പെടുന്ന നോവലുകളിലെ ജീവിതങ്ങളുടെ അതേ ആഴവും പരപ്പും വൈരുധ്യങ്ങളും സംഘർഷങ്ങളുമെല്ലാം അനുഭവവേദ്യമാകുംവിധം അസാധാരണമായ ഭാഷാ മികവാണ് നോവലിസ്റ്റ് പുലർത്തുന്നത്. ഒറ്റയിരിപ്പിൽ കഷ്ടി രണ്ടു മണിക്കൂറിനുള്ളിൽ വായിച്ചു തീർക്കാൻ പ്രേരിപ്പിക്കും വിധം സുന്ദരമാണ് “ശാപം കിട്ടിയ” ഈ “നിധി.” നോഷൻ പ്രസ്സാണ് പ്രസാധകർ. ആദ്യ പുസ്തകത്തിലൂടെ തന്നെ തഴക്കവും പഴക്കവും വന്ന കൃതഹസ്തനായ ഒരു എഴുത്തുകാരൻ്റെ അസാമാന്യമായ കൈയടക്കമാണ് അനു പിള്ള അടയാളപ്പെടുത്തുന്നത്.

ഒന്നര നൂറ്റാണ്ടുമുമ്പേ വിദേശത്തേക്ക് കശുവണ്ടിപ്പരിപ്പ് കയറ്റി അയച്ചിരുന്ന വ്യാപാരിയായിരുന്നു അനു പിള്ളയുടെ പിതാമഹൻ. ഈ മേഖലയിലെ സംരംഭകരെക്കുറിച്ചും അവരുടെ ജീവിതത്തിലെ കയറ്റിറക്കങ്ങളെക്കുറിച്ചും ഒരു നോവലിൻ്റെ ചട്ടക്കൂടിൽ ഒതുക്കാവുന്നതിലേറെ അനുഭവ സമ്പത്ത് അദ്ദേഹം ആർജിച്ചെടുത്തിട്ടുണ്ട്. നൂറ്റാണ്ടിൻ്റെ ചരിത്രം ഇതൾ വിരിയുന്ന പ്രമേയം, ഗൃഹാതുര സ്മരണകൾ ഇഴപിരിയുന്ന കാലം, വ്യതിരിക്തമായ നിരവധി കഥാപാത്രങ്ങൾ… മേമ്പൊടിയായി അല്പം ഭാവനയും കലർന്ന് ഒരു നോവലിൻ്റെ ഘടനയിലേക്ക് പരിണമിച്ചപ്പോൾ മനോഹരമായ ഒരു രചനാ ശില്പമായി അതു മാറി.

കശുവണ്ടി ബിസ്നസ്സുമായി ബന്ധപ്പെട്ട ചരിത്രവും സംഭവ വികാസങ്ങളും വ്യക്തിത്വങ്ങളും കുട്ടിക്കാലം മുതലേ അനുപിള്ള എന്ന എഴുത്തുകാരൻ്റെ ജീവിതത്തിൻ്റെ ഭാഗമാണ്. മൂന്നാം തലമുറ സംരംഭകനെന്ന നിലയിൽ എഴുത്തുകാരനും ആദ്യം എത്തിപ്പെടുന്നത് ഇതേ മേഖലയിൽ തന്നെ.

വരണ്ടുവിണ്ട ഒരു ഭൂതകാലത്തെയാണ് നോവലിസ്റ്റ് തൻ്റെ വാക്കുകളിലൂടെ പുനർജനിപ്പിക്കുന്നത്. “ഇന്ത്യയിൽനിന്നുള്ള കശുവണ്ടി സംസ്കരണത്തിനും കയറ്റുമതിക്കും തുടക്കം കുറിച്ചതിൽ നിർണായക പങ്കുവഹിച്ച ഒരു കുടുംബത്തിലെ മൂന്നാം തലമുറയിൽപ്പെട്ട ആളാണ് ഞാൻ. അച്ഛനും മുത്തച്ഛനും ഉൾപ്പെടെ കുടുംബത്തിലുളളവരിൽ നിന്നുതന്നെ ഈ മേഖലയെപ്പറ്റി വിശദമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. നൂറ്-നൂറ്റി നാല്പത് വർഷത്തെ ചരിത്രം പ്രതിപാദിക്കുന്ന ഒരു കാലത്തിൻ്റെ ആത്മാവിനെ നോവലിലേക്ക് പറിച്ചുനടുന്നത് ശരിക്കും വെല്ലുവിളിയായിരുന്നു. ഈ കാലത്തെ കേരളം ഇംഗ്ലീഷ് സാഹിത്യ രചനയിലൂടെ രേഖപ്പെടുത്തപ്പെട്ടിട്ടേയില്ല എന്നത് തന്നെയാണ് വലിയ പ്രത്യേകത.” കഴിഞ്ഞ മൂന്നു നൂറ്റാണ്ടുകളിലെ 20 വർഷങ്ങൾക്ക് കൃതിയിൽ പ്രത്യേകമായി ഇടം കൊടുത്തിട്ടുണ്ടെന്ന് അനു പിള്ള പറഞ്ഞു.

കഥാസന്ദർഭത്തിന് ആധികാരികത പകർന്നു നൽകാൻ മലയാളത്തിലെ നാട്ടുഭാഷാ ശൈലികളും ഉപയോഗിച്ചിട്ടുണ്ട്.പുനലൂരിൽ നിന്ന് കൊല്ലത്തേക്കും പിന്നീട് മദ്രാസിലേക്കും യാത്ര തിരിക്കുന്ന ഒരു കുടുംബത്തിന്റെ തിരുവനന്തപുരം വഴിയുള്ള തിരിച്ചുവരവും, വ്യത്യസ്ത തലമുറകളുടെയും നൂറ്റാണ്ടുകളുടെയും നിയോഗവും ചരിത്രഗതികളുമാണ് പറഞ്ഞുതരുന്നത്. ക്രിക്കറ്റും പുനരുപയോഗിക്കാവുന്ന ഊർജവും ഇഷ്ട മേഖലകളായി തിരിച്ചറിഞ്ഞിട്ടുള്ള നോവലിസ്റ്റ് എഴുത്തിലും വായനയിലും മുഴുകിയാണ് ഈ കോവിഡ് കാലം തള്ളി നീക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top