തടവിലാക്കപ്പെട്ട ഹോങ്കോംഗ് രാഷ്ട്രീയ നേതാക്കളെ നിരുപാധികമായി വിട്ടയക്കണമെന്ന് മൈക്ക് പോം‌പിയോ

വാഷിംഗ്ടൺ: ഹോങ്കോങ്ങിൽ തടവിലാക്കപ്പെട്ട 50 ഓളം രാഷ്ട്രീയ നേതാക്കളെയും ജനാധിപത്യവാദികളേയും നിരുപാധികമായി മോചിപ്പിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സ്വന്തം ജനതയോടുള്ള വിദ്വേഷത്തിന്റെ ഉദാഹരണമാണിതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.

ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് വാദിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. മനുഷ്യരാശിക്കുവേണ്ടി നിലകൊള്ളുക എന്നതാണ് അവരുടെ കുറ്റം. ഇവരെ നിരുപാധികം വിട്ടയക്കണമെന്ന് അമേരിക്ക ആവർത്തിച്ച് ആവശ്യപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഹോങ്കോംഗ് ജനത കമ്മ്യൂണിസ്റ്റ് അടിച്ചമർത്തലിന് വിധേയരാകുന്നത് അമേരിക്ക കൈയ്യും കെട്ടി നോക്കി നിൽക്കില്ല. രാഷ്ട്രീയ അടിച്ചമർത്തലിനെതിരെ പ്രതികരിച്ച ഒരു അമേരിക്കൻ പൗരനും അറസ്റ്റ് ചെയ്യപ്പെട്ടതായി അറിയുന്നു. അമേരിക്കൻ പൗരന്മാരെ അനധികൃതമായി തടഞ്ഞ് വെച്ചാൽ വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഹോങ്കോങ്ങിലെ അനാവശ്യ ഇടപെടലിനെതിരെ ബ്രിട്ടനും രംഗത്തെത്തി. സ്വാതന്ത്ര്യത്തിനായി പോരാടുന്ന എല്ലാവർക്കുമായി തങ്ങള്‍ നിലകൊള്ളുമെന്ന് യുകെ സ്റ്റേറ്റ് സെക്രട്ടറി ഡൊമിനിക് റാബ് വ്യക്തമാക്കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment