Flash News

കര്‍ഷകരെ മറന്നുള്ള സമീപനം റബര്‍ ബോര്‍ഡിന് തിരിച്ചടിയായി: വി.സി. സെബാസ്റ്റ്യന്‍

January 8, 2021 , ഇന്‍ഫാം

കോട്ടയം: കേരളത്തിലെ കര്‍ഷകരെ മറന്നുള്ള റബര്‍ ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിഷേധസമീപനങ്ങള്‍ക്കുള്ള തിരിച്ചടിയാണ് ബോര്‍ഡിന്റെ ഇന്നത്തെ തകര്‍ച്ചയ്ക്കുള്ള പ്രധാന കാരണമെന്നും ഉദ്യോഗസ്ഥര്‍ സ്വയം കുഴിച്ച കുഴിയില്‍ അവരോടൊപ്പം കര്‍ഷകരും കൂടി വീണിരിക്കുകയാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

കര്‍ഷകരെ ദ്രോഹിച്ച് വ്യവസായികളെ സംരക്ഷിക്കുന്ന പ്രവര്‍ത്തനശൈലിയാണ് മാറിമാറി വന്ന ബോര്‍ഡ് ഉന്നതര്‍ സ്വീകരിച്ചത്. റബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന ഉല്പാദന, ഉപഭോഗ, കയറ്റുമതി, ഇറക്കുമതി കണക്കുകള്‍ തെറ്റാണെന്നും യാതൊരു അടിസ്ഥാനവുമില്ലെന്നും കര്‍ഷകര്‍തന്നെ രേഖകള്‍ സഹിതം തെളിയിച്ചതാണ്. രാജ്യാന്തര വിപണിയില്‍ വില ഉയരുമ്പോള്‍ ആഭ്യന്തര വിപണിയില്‍ ഉല്പാദനം ഉയര്‍ത്തിക്കാട്ടി വിലയിടിക്കുന്ന സമീപനം തെറ്റാണെന്ന് കര്‍ഷകരും ചെറുകിടവ്യാപാരികളും ആവര്‍ത്തിച്ച് പ്രതികരിക്കുമ്പോള്‍ റബര്‍ ബോര്‍ഡിനുവേണ്ടി വാദിക്കുവാന്‍ രാഷ്ട്രീയ വ്യവസായ താല്പര്യമുള്ളവരല്ലാതെ മറ്റാരുമില്ല. റബര്‍ ബോര്‍ഡ് കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച പദ്ധതികള്‍ പലതും പ്രായോഗികതലത്തില്‍ വിജയിക്കാതെ കടലാസുപദ്ധതികളായി അവസാനിച്ചു. ആര്‍പിഎസുകള്‍ക്കുപോലും സംരക്ഷണകവചമാകുവാന്‍ ബോര്‍ഡിനാകുന്നില്ല. ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള റബര്‍ കമ്പനികളും വന്‍നഷ്ടത്തിലാണ്. ഒരു കിലോഗ്രാം റബറിന് 172 രൂപ ഉല്പാദനചെലവ് അടിസ്ഥാനമാക്കി ന്യായവില പ്രഖ്യാപിച്ച് നടപ്പിലാക്കുന്നതില്‍ റബര്‍ ബോര്‍ഡ് പരാജയപ്പെട്ടു. വടക്കുകിഴക്കന്‍ രാജ്യങ്ങളിലേയ്ക്ക് റബര്‍കൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കിയത് റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ കേന്ദ്ര ഓഫീസില്‍ നിന്നായിരിക്കെ നാളെ റബര്‍ ബോര്‍ഡ് ആസ്ഥാനം ത്രിപുരയിലേയ്ക്ക് പറിച്ചുമാറ്റിയാലും അത്ഭുതപ്പെടാനില്ല.

ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കൊടുക്കാന്‍ മാത്രമായി ഒരു ബോര്‍ഡിന്റെ ആവശ്യമില്ലെന്ന് തിരിച്ചറിഞ്ഞ് കേന്ദ്രസര്‍ക്കാര്‍ തുടര്‍നടപടികളെടുക്കുന്നത് സ്വാഭാവികമാണ്. റബര്‍ ഗവേഷണകേന്ദ്രവും കര്‍ഷകര്‍ക്ക് ഉപകരിക്കാതെ പരാജയപ്പെട്ടു. റബര്‍ മേഖലയുടെയും ബോര്‍ഡിന്റെയും ഇന്നത്തെ ഈ തകര്‍ച്ചയുടെ പ്രധാന കാരണം ബോര്‍ഡിന്റെ കെടുകാര്യസ്ഥതയും റബര്‍ മേഖലയില്‍ നിന്നുള്ള ജനപ്രതിനിധികളുടെ കഴിവില്ലായ്മയും കര്‍ഷകദ്രോഹനിലപാടും മാത്രമാണ്. കാലങ്ങളായി തുടരുന്ന റബര്‍വിലയിടിവ് പരിഹരിക്കാന്‍ ഒരു ഇടപെടല്‍ പോലും നടത്തുവാന്‍ ബോര്‍ഡിനായിട്ടില്ല. അവധിവ്യാപാരം ചെറുകിട കര്‍ഷകന് തിരിച്ചടിയായി. ഇ-ലേലം കര്‍ഷകന് ഒരിക്കലും ഗുണം ചെയ്തില്ല. രാജ്യാന്തരവിപണിയെ മാത്രം ആശ്രയിച്ചാണിപ്പോള്‍ ആഭ്യന്തര റബര്‍വിപണി നിലനില്‍ക്കുന്നത്. വ്യവസായികളോട് ചേര്‍ന്ന് റബര്‍ബോര്‍ഡ് രാജ്യാന്തരവിലപോലും കേരളത്തില്‍ കര്‍ഷകന് ലഭ്യമാക്കാതെ നിരന്തരം അട്ടിമറിക്കുന്നു. ഇന്ത്യയുടെ ആഭ്യന്തര റബറുല്പാദനത്തില്‍ 90 ശതമാനമുള്ള കേരളത്തെ മറന്നുള്ള കേന്ദ്രസര്‍ക്കാര്‍ സമീപനം ലക്ഷക്കണക്കായ കര്‍ഷകരോടുള്ള വെല്ലുവിളിയാണെന്നും വരാന്‍പോകുന്ന ബജറ്റിലൂടെ റബര്‍ കര്‍ഷക സംരക്ഷണത്തിനായുള്ള ക്രിയാത്മക പദ്ധതികള്‍ നടപ്പിലാക്കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും വി.സി.സെബാസ്റ്റന്‍ ആവശ്യപ്പെട്ടു.

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top