ബ്രിട്ടനിലെ മലയാളി സംഘടനകളുടെ പരിശ്രമത്തിന് ഫലം കണ്ടു; ലണ്ടന്‍ – കൊച്ചി വിമാന സര്‍‌വ്വീസ് പുനരാരംഭിക്കുന്നു

ലണ്ടൻ: യുകെയിൽ ജനിതകമാറ്റം വരുത്തിയ കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ച ലണ്ടൻ-കൊച്ചി നേരിട്ടുള്ള ഫ്ലൈറ്റ് സർവീസ് പുനരാരംഭിക്കും. വന്ദേ ഭാരത് മിഷന്റെ ഒമ്പതാം ഘട്ടത്തിന്റെ ഭാഗമായി ജനുവരി 26, 28, 30 തീയതികളിലാണ് കൊച്ചിയിലേക്കുള്ള സേവനം നിശ്ചയിച്ചിരിക്കുന്നത്.

ജനുവരി 31 ന് ശേഷവും സേവനം തുടരുമെന്ന് അധികൃതർ അറിയിച്ചു. വിവിധ മലയാളി സംഘടനകളും സിറോ-മലബാർ ചർച്ച് ഓഫ് ഗ്രേറ്റ് ബ്രിട്ടനും മറ്റ് പ്രമുഖരും പ്രധാനമന്ത്രിക്കും മറ്റുള്ളവർക്കും വിമാന സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷകൾ സമർപ്പിച്ചിരുന്നു. 6,000 ൽ അധികം ആളുകൾ ഒപ്പിട്ട ഓൺലൈൻ അപേക്ഷയാണ് ഏറ്റവും പ്രയോജനകരമായത്.

ഈസ്‌റ്റ് ലണ്ടനിലെ സാമൂഹ്യപ്രവർത്തകനും ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി നേതാവുമായ സുഭാഷ് ശശിധരനാണ്‌ ഈ ഓൺലൈൻ പെറ്റീഷൻ ഓപ്പൺ ചെയ്‌തത്‌. ഒരാഴ്‌ചക്കകം തന്നെ ആറായിരത്തോളം ഒപ്പുകൾ ശേഖരിക്കാനായി. കൊച്ചി വിമാനം പുനരാരംഭിക്കാൻ വൈകുന്നതിലെ അപകടം തിരിച്ചറിഞ്ഞ് യുകെ മലയാളികൾ ഒറ്റക്കെട്ടായാണ് ഇതിന് വേണ്ടി ശ്രമിച്ചത്.

കൊച്ചി-ലണ്ടൻ സർവീസ് വീണ്ടും ആരംഭിക്കണമെന്നും ആഴ്‌ചയിൽ ഒരു സർവീസ് തിരുവനന്തപുരത്ത് കൂടി ആരംഭിക്കണമെന്നും ആവശ്യപ്പെട്ടാണ് പെറ്റീഷൻ അധികൃതർക്ക് സമർപ്പിച്ചത്. പ്രധാനമന്ത്രി, എയർ ഇന്ത്യ, കേന്ദ്ര വ്യോമയാന മന്ത്രി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി എന്നിവർക്കും പരാതി കൈമാറിയതോടെ ലണ്ടൻ-കൊച്ചി വിമാനത്തിന് വീണ്ടും അനുമതിയായി. അതിതീവ്ര കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ മലയാളികൾക്ക് അടിയന്തര സാഹചര്യത്തിൽ നാട്ടിലെത്താനുള്ള ഏക ആശ്രയമായിരുന്നു വന്ദേഭാരത് മിഷന്റെ ഭാഗമായി ആരംഭിച്ച ലണ്ടൻ-കൊച്ചി ഡയറക്‌ട് വിമാന സർവീസ്.

താൽക്കാലികമായി നിർത്തിവച്ചിരുന്ന വന്ദേ ഭാരത് സർവീസ് നേരത്തെ പുനരാരംഭിച്ചപ്പോൾ കൊച്ചി ഉൾപ്പെടുത്തിയിരുന്നില്ല. അപ്പോഴാണ് ബ്രിട്ടനിലെ മലയാളികൾ ഒത്തുചേർന്ന് ഇതിനായി പ്രവർത്തിച്ചത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment