ദോഹ: ഖത്തറിലെ പ്രമുഖ ഇ.എന്‍.ടി സര്‍ജനും സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ സജീവ സാന്നിധ്യവുമായ ഡോ.മോഹന്‍ തോമസിന് പ്രവാസി ഭാരതീയ സമ്മാനം. പ്രവാസ ലോകത്ത് മികച്ച സേവനമനുഷ്ടിക്കുന്ന ഭാരതീയര്‍ക്കായി ഇന്ത്യാ ഗവണ്മെന്റ് ഏര്‍പ്പെടുത്തിയ പരമോന്നത ബഹുമതിയാണ് പ്രവാസി ഭാരതീയ സമ്മാന്‍. ആതുരസേവന രംഗങ്ങളിലും സാമൂഹ്യ സാംസ്കാരിക രംഗത്തുമുള്ള മികച്ച പ്രവര്‍ത്തനങ്ങളാണ് ഡോ. മോഹന്‍ തോമസിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
കഴിഞ്ഞ 38 വര്‍ഷത്തോളമായി ഖത്തറിലെ സാമൂഹ്യ സാംസ്കാരിക സേവന രംഗങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന ഡോ. മോഹന്‍ തോമസ് കോവിഡ് കാലത്ത് ഇന്ത്യന്‍ സമൂഹത്തിനായി നടത്തിയ മികച്ച സേവനങ്ങളും അദ്ദേഹത്തിന്റെ അവാര്‍ഡിന് തിളക്കമേറ്റുന്നു. ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ സന്നദ്ധ പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങിയവരുടെ സഹകരണവും കൂട്ടായ്മയുമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ സഹായിച്ചതെന്നും ഈ പുരസ്കാരം ഞാന്‍ അവര്‍ക്കായി സമര്‍പ്പിക്കുകയാണെന്നുമാണ് അവാര്‍ഡിനോട് പ്രതികരിച്ച് ഡോ. മോഹന്‍ തോമസ് പറഞ്ഞത്.
ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം പ്രസിഡണ്ടായിരുന്ന ഡോ. മോഹന്‍ തോമസ് വൈവിധ്യമാര്‍ന്ന സേവന പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യന്‍ സമൂഹത്തിന്റെ വിശ്വാസമാര്‍ജിച്ചിരുന്നു. കോവിഡ് കാലത്ത് ഖത്തറിലെ ആയിരക്കണക്കിന് കോവിഡ് ദുരിതബാധിതര്‍ക്ക് ഭക്ഷണവും ടിക്കറ്റും ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിച്ചുകൊടുത്ത എംബസി അപെക്സ് ബോഡിയായ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം അഡൈ്വസറി ബോര്‍ഡ് ചെയര്മാന് എന്ന നിലയിലും ഡോക്ടര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിലും നേതൃപരമായ പങ്കാണ് ഡോ. മോഹന്‍ തോമസ് വഹിച്ചത്.
ഖത്തറില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കോവിഡ് ടെസ്റ്റിന് പകരം ഇഹിതിറാസ് ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് മതിയെന്ന് കേരള സര്‍ക്കാരിനെ കൊണ്ട് തീരുമാനമെടുപ്പിച്ചതിന് പിന്നിലും ഡോ. മോഹന്‍ തോമസിന്റെ ഇടപെടല്‍ ഉണ്ടായിരുന്നു.
ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ സ്ക്കൂളായ ബിര്‍ള പബ്ളിക് സ്ക്കൂളിന്റെ സ്ഥാപക പ്രസിഡണ്ടായ ഡോ. മോഹന്‍ തോമസ് കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ എംബസിക്ക് കീഴിലെ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഹാജിക്ക ഹ്യുമാനിറ്റേറിയന്‍ സര്‍വീസ് ഫൗണ്ടേഷന്, ശാന്തി ഭവന് പാലിയേറ്റീവ് ഹോസ്പിറ്റല്‍ തുടങ്ങിയവയുടെ രക്ഷാധികാരിയ അദ്ദേഹം ഷെയര്‍ ആന്റ് കെയര്‍ ഫൗണ്ടേഷന്, കെ.സി വര്‍ഗീസ് മെമ്മോറിയല്‍ ഫൗണ്ടേഷന്, സെര്‍വ് പീപ്പിള്‍ ഫൗണ്ടേഷന് തുടങ്ങി നിരവധി ജീവകാരുണ്യ സംരംഭങ്ങളുടെ മുന്‍നിര പ്രവര്‍ത്തകനാണ്.
തിരക്ക് പിടിച്ച മെഡിക്കല്‍ പ്രൊഫഷണലും സജീവമായ സാമൂഹ്യ പ്രവര്‍ത്തകനുമെന്നതോടൊപ്പം ഖത്തറിലും കേരളത്തിലുമുള്ള നിരവധി ബിസിനസ് സംരംഭങ്ങളിലും ഡോ. മോഹന്‍ തോമസിന് പങ്കാളിത്തമുണ്ട്. കൊച്ചി മെഡിക്കല്‍ സിറ്റി ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന ബൃഹത്തായ പദ്ധതിയുടെ ഭാഗമാണ് അദ്ദേഹം.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply