പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ ലെഫ്റ്റനന്റ് ഗവർണർ കിരൺ ബേദിയെ തിരിച്ചുവിളിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി നാരായണസാമിയുടെ കുത്തിയിരിപ്പ് സമരം. രാജ്നിവാസിനടുത്താണ് മുഖ്യമന്ത്രിയുടെ പ്രതിഷേധം.
സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുന്നു എന്നാരോപിച്ച് ഭരണകക്ഷിയായ കോൺഗ്രസിന്റെ നേതൃത്വത്തിൽ പുതുച്ചേരിയിലെ സെക്യുലർ ഡെമോക്രാറ്റിക് അലയൻസ് ലെഫ്റ്റനന്റ് ഗവർണർ കിരൺ ബേദിക്കെതിരെ വെള്ളിയാഴ്ചയാണ് പ്രതിഷേധം ആരംഭിച്ചത്. നാല് ദിവസത്തെ സമരത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. കിരൺബേദി തിരിച്ചുപോകുക, കോർപറേറ്റ് മോദി ക്വിറ്റ് എന്നീ മുദ്രാവാക്യങ്ങളുമായി കഴിഞ്ഞ ദിവസം ആയിരക്കണക്കിന് ജനങ്ങൾ അണ്ണാശാലക്കുമുന്നിൽ പ്രതിഷേധിച്ചു.
ബൊട്ടാണിക്കൽ ഗാർഡനിലെ അണ്ണാശാല പ്രതിമക്ക് സമീപം വിവിധ സെക്കുലർ – ഡെമോക്രാറ്റിക് പാർട്ടി നേതാക്കന്മാരും പ്രവർത്തകരും മുദ്രാവാക്യങ്ങളോടെ ജാഥയായാണ് എത്തിയത്. മുഖ്യമന്ത്രിയുടെ ധർണയിൽ മന്ത്രിസഭാംഗങ്ങളും നിയമസഭാംഗങ്ങളും സഖ്യകക്ഷികളിലെ പ്രവർത്തകരും പങ്കെടുത്തു. പുതുച്ചേരിയുടെ ചരിത്രത്തിൽവീണ്ടും നിർണായകമായ തീരുമാനങ്ങൾ എടുക്കേണ്ട സമയമാണെന്നും, പുതുച്ചേരിയുടെ വികസനത്തിന് തടസം സൃഷ്ടിക്കുന്ന കിരൺ ബേദിയെ കേന്ദ്രം തിരിച്ചുവിളിക്കണമെന്നുള്ള മുദ്രാവാക്യങ്ങൾ ധർണയിൽ ഉയർന്നു.
തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പ്രവർത്തിക്കാൻ ബേദി അനുവദിക്കുന്നില്ലെന്നും ദൈനംദിന ഭരണത്തിൽ അവർ ഇടപെടുകയാണെന്നും മുഖ്യമന്ത്രി പറയുന്നു. മൂന്ന് ദിവസമെങ്കിലും സമാധാനമായി ഇരുന്ന് ജനങ്ങൾ പ്രതിഷേധം നടത്തട്ടെ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply