Flash News

ബലാത്സംഗക്കേസില്‍ വിചാരണ നീട്ടണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി സെഷന്‍സ് കോടതിയില്‍

January 12, 2021

മുംബൈ: ബലാത്സംഗക്കേസിൽ വിചാരണ നീട്ടണമെന്ന് ആവശ്യപ്പെട്ട ബിനോയ് കോടിയേരി ദിൻഡോഷി സെഷൻസ് കോടതിയെ സമീപിച്ചു. ബിനോയിയുടെ അപേക്ഷയ്ക്ക് മറുപടി നൽകാൻ കോടതി പരാതിക്കാരിക്ക് നോട്ടീസ് അയച്ചു.

താൻ ഇപ്പോൾ വിദേശത്താണെന്നും അതിനാൽ വിചാരണ നീട്ടണമെന്നും കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ബിനോയ് പറഞ്ഞു. ജനുവരി 21 ന് വിചാരണ ആരംഭിക്കുമ്പോൾ കോടതിയിൽ എത്താൻ ബുദ്ധിമുട്ടാണെന്നും അതിനാൽ വിചാരണ 15-20 ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നും ഹരജിയിൽ പറഞ്ഞു.

ബിനോയിയുടെ അപേക്ഷ കോടതി ഇന്ന് പരിഗണിച്ചതിനു ശേഷമാണ് കോടതി പരാതിക്കാരിക്ക് നോട്ടീസ് അയച്ചത്. ഈ മാസം 15ന് ഇവരുടെ അഭിഭാഷകന്‍ കോടതിയില്‍ മറുപടി നല്‍കും. ഇതിനു ശേഷം ഇക്കാര്യത്തില്‍ അന്തിമ വിധി ഉണ്ടാകുമെന്നാണ് കരുതുന്നത്.

ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ ബലാത്സംഗ കേസില്‍ 2020 ഡിസംബര്‍ 15ന് ആണ് മുംബൈ പോലീസ് ബിനോയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ബിനോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. യുവതിയുടെ കുട്ടിയുടെ പിതൃത്വം തെളിയിക്കാനുള്ള ഡിഎന്‍എ പരിശോധനാ ഫലവും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ദുബായിലെ ഡാന്‍സ് ബാറില്‍ ജോലിചെയ്തിരുന്ന ബിഹാര്‍ സ്വദേശിനിയാണ് ബിനോയ് കോടിയേരിക്കെതിരെ മുംബൈ ഒഷ് വാര പോലീസില്‍ ലൈംഗികപീഡന പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും ഈ ബന്ധത്തില്‍ എട്ട് വയസ്സുള്ള കുട്ടിയുണ്ടെന്നുമായിരുന്നു യുവതിയുടെ പരാതി. അതേസമയം, യുവതിയും സംഘവും വ്യാജപരാതി നല്‍കി തന്നെ ബ്ലാക്ക്മെയില്‍ ചെയ്യുകയാണെന്നായിരുന്നു ബിനോയ് കോടിയേരിയുടെ പ്രതികരണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top