- Malayalam Daily News - https://www.malayalamdailynews.com -

ഇറ്റാലിയൻ ഷൂട്ടിംഗ് കേസ്; 10 കോടി രൂപ നഷ്ടപരിഹാരത്തോടെ കേസ് തീർപ്പാക്കും

[1]കൊല്ലം: ഇറ്റാലിയൻ ഷൂട്ടിംഗ് കേസ് 10 കോടി രൂപ നഷ്ടപരിഹാരം നൽകി തീർപ്പാക്കാൻ തീരുമാനമെടുത്തു. വെടിവയ്പിൽ കൊല്ലപ്പെട്ട രണ്ട് പേരുടെ കുടുംബങ്ങൾക്ക് 4 കോടി രൂപ വീതവും ബോട്ട് ഉടമകൾക്കും തൊഴിലാളികൾക്കും 2 കോടി രൂപ വീതവും നല്‍കും. ഇറ്റാലിയൻ എംബസി ഇക്കാര്യം മുഖ്യമന്ത്രിയെയും കേന്ദ്ര, സംസ്ഥാന ഫിഷറീസ് വകുപ്പുകളെയും അറിയിച്ചു.

നഷ്ടപരിഹാരത്തിന് ഇന്ത്യക്ക് അവകാശമുണ്ടെന്ന അന്താരാഷ്ട്ര ട്രൈബ്യൂണൽ വിധിയെ തുടർന്നാണ് നടപടി. കടലിൽ യാത്ര ചെയ്യാനുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യം ഇറ്റാലിയൻ നാവികർ ലംഘിച്ചതായി അന്താരാഷ്‌ട്ര കോടതി കണ്ടെത്തിയിരുന്നു. ഇരു രാജ്യങ്ങളും നഷ്‌ടപരിഹാരം സംബന്ധിച്ച് ചർച്ചയിലൂടെ ധാരണയിലെത്താനും നിർദ്ദേശിച്ചിരുന്നു. ഇന്ത്യയിൽ സുപ്രീംകോടതിയിലെ കേസ് തീർപ്പാക്കാനാകും കേന്ദ്രം അപേക്ഷ നൽകുക.

2012 ഫെബ്രുവരി 15നാണ് കേരളതീരത്ത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ വെടിവെപ്പ് ഉണ്ടായത്. നീണ്ടകര മൂതാക്കരയിലെ ജെലസ്‌റ്റിന്‍ വാലന്റൈൻ (44), തമിഴ്‌നാട് കുളച്ചല്‍ സ്വദേശി രാജേഷ് പിങ്കി (22) എന്നീ രണ്ട് മൽസ്യ തൊഴിലാളികളാണ് അന്ന് കൊല്ലപ്പെട്ടത്. എൻറിക്ക ലെക്‌സി കപ്പലിലെ ഇറ്റാലിയൻ നാവികസേന ഉദ്യോഗസ്‌ഥരുടെ വെടിവെപ്പിലാണ് ഇരുവരും കൊല്ലപ്പെട്ടത്.

അതേ സമയം നഷ്‌ടപരിഹാര തുകയിൽ നിന്ന് 6 ബോട്ട് തൊഴിലാളികൾക്കും വിഹിതം നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാൻ സഭാ നേതൃത്വം മന്ത്രി മേഴ്‌സികുട്ടിയമ്മയുമായി കൂടിയാലോചന നടത്തും.


Like our page https://www.facebook.com/MalayalamDailyNews/ [2] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[3] [4] [5] [6] [7]