കൊച്ചി: കോവിഡ്-19 വാക്സിന്റെ ആദ്യ സപ്ലൈ ബുധനാഴ്ച രാവിലെ 10.45 ഓടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലും എത്തി. കൊച്ചിയില്‍ എയർപോർട്ട് അധികൃതർ നേരത്തെ പ്രഖ്യാപിച്ച രാവിലെ 11 മണി ഷെഡ്യൂളിന് 15 മിനിറ്റ് മുമ്പു തന്നെ വിമാനം എത്തി.
എറണാകുളം, കോഴിക്കോട് ജില്ലകള്‍ക്കുള്ള വാക്സിനുകൾ അടങ്ങിയതാണ് ഈ ചരക്ക്. തുടർന്നുള്ള യാത്രയ്ക്കുള്ള വാക്സിനുകളുടെ കൈമാറ്റം 10 മിനിറ്റിനുള്ളിൽ പൂർത്തിയായി. മുംബൈയിൽ നിന്ന് ഗോ എയർ ജി 8 347 വിമാനത്തിലാണ് ചരക്ക് എത്തിയതെന്ന് വിമാനത്താവള വൃത്തങ്ങൾ അറിയിച്ചു.
ആകെ 4,33,500 ഡോസ് വാക്സിൻ സംസ്ഥാനത്തെത്തിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു.
പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നുള്ള കോവ്ഷീൽഡ് വാക്സിനുകളാണ് വിമാന മാര്‍ഗം കൊച്ചിയിലും തിരുവനന്തപുരത്തും എത്തിച്ചത്. അതില്‍ കൊച്ചിയിലെത്തിച്ച 180,000 ഡോസ് വാക്സിനുകള്‍ എറണാകുളം റീജിയണല്‍ വാക്സിന് സ്റ്റോറിലും, 119,500 ഡോസ് വാക്സിനുകള്‍ കോഴിക്കോട് റീജിയണല്‍ വാക്സിന് സ്റ്റോറിലും സൂക്ഷിക്കും. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച 1,34,000 ഡോസ് വാക്സിനുകള്‍ തിരുവനന്തപുരത്തെ റീജിയണല്‍ വാക്സിന് സ്റ്റോറില്‍ സൂക്ഷിക്കും. കോഴിക്കോട് വന്ന വാക്സിനില്‍ നിന്നും 1,100 ഡോസ് വാക്സിനുകള്‍ മാഹിക്കുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി.
റീജിയണല്‍ സംഭരണ കേന്ദ്രങ്ങളില്‍ വാക്സിന് എത്തിയ ഉടന്‍ തന്നെ നടപടിക്രമങ്ങള്‍ പാലിച്ച് ജില്ലകളിലേക്ക് വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. റീജിയണല്‍ വാക്സിന് സ്റ്റോറില്‍ നിന്നും അതത് ജില്ലാ വാക്സിന് സ്റ്റോറുകളിലാണ് എത്തിക്കുന്നത്. അവിടെ നിന്നാണ് ബന്ധപ്പെട്ട വാക്സിനേഷന് കേന്ദ്രങ്ങളില്‍ ആവശ്യാനുസരണം വാക്സിന് എത്തിക്കുന്നത്.
തിരുവനന്തപുരം 64,020, കൊല്ലം 25,960, പത്തനംതിട്ട 21,030, ആലപ്പുഴ 22,460, കോട്ടയം 29,170, ഇടുക്കി 9,240, എറണാകുളം 73,000, തൃശൂര്‍ 37,640, പാലക്കാട് 30,870, മലപ്പുറം 28,890, കോഴിക്കോട് 40,970, വയനാട് 9,590, കണ്ണൂര്‍ 32,650, കാസര്‍ഗോഡ് 6,860 എന്നിങ്ങനെ ഡോസ് വാക്സിനുകളാണ് ജില്ലകളില്‍ വിതരണം ചെയ്യുന്നത്.
സംസ്ഥാനത്ത് ആദ്യഘട്ടമായി 133 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച വാക്സിനേഷന് നടക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും കോവിഡ് വാക്സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കി വരുന്നത്. കോവിഡ് വാക്സിനേഷനായി ഇതുവരെ 3,68,866 പേരാണ് രജിസ്റ്റർ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,73,253 പേരും സ്വകാര്യ മേഖലയിലെ 1,95,613 പേരുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply