Flash News

ഗോവൻ മേളയിൽ പ്രീമിയറിന് ഒരുങ്ങി ശ്രീധർ ബി എസിൻ്റെ ‘ഇൻ ഔർ വേൾഡ് ‘

January 14, 2021 , പ്രസ് റിലീസ്

തിരുവനന്തപുരം: ഇന്ത്യയുടെ 51-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (ഐ.എഫ്.എഫ്.ഐ) ആദ്യ പ്രദർശനത്തിനൊരുങ്ങി ശ്രീധർ ബി എസ് സംവിധാനം ചെയ്ത ഡോക്യുമെൻ്ററി ചിത്രം ‘ഇൻ ഔർ വേൾഡ്.’ ജനുവരി 16 മുതൽ 24 വരെ ഗോവയിലാണ് മേള അരങ്ങേറുന്നത്. നോൺ ഫിക്ഷൻ വിഭാഗത്തിൽ ജനുവരി 18-ന് ഉച്ചതിരിഞ്ഞ് ഒരു മണിക്കാണ് ചിത്രത്തിൻ്റെ പ്രദർശനം. തിരുവനന്തപുരം സ്വദേശിയാണ് ചിത്രത്തിൻ്റെ നിർമാതാവ് കൂടിയായ ശ്രീധർ ബി എസ്.

ഓട്ടിസം ബാധിച്ച മൂന്ന് കുട്ടികളുടെ ജീവിതമാണ് ഡോക്യുമെൻ്ററി ചിത്രീകരിക്കുന്നത്. അവരുടെ ദൈനംദിന ജീവിതത്തിൻ്റെ കലർപ്പില്ലാത്ത നേർക്കാഴ്ചകൾ ചിത്രത്തിലുണ്ട്. ഓട്ടിസം ബാധിച്ച കുട്ടികളുടെ ജീവിതത്തെപ്പറ്റി സൂക്ഷ്മമായ അറിവും അവബോധവും സൃഷ്ടിക്കാനാണ് ശ്രമം. മാതാപിതാക്കളും തെറാപ്പിസ്റ്റുകളുമായുള്ള അഭിമുഖങ്ങളും, നീന്തൽ ക്ലാസും കുതിരസവാരിയും സംഗീതപഠനവും പോലെ ദൈനംദിന ജീവിത മുഹൂർത്തങ്ങളും ഡോക്യുമെൻ്ററിയിൽ ഇടം നേടിയിട്ടുണ്ട്. സങ്കടകരമായ നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോഴും സഹതാപമല്ല അവർ ആവശ്യപ്പെടുന്നതെന്നും, മറിച്ച് തങ്ങളെക്കൂടി ഉൾക്കൊള്ളുന്ന വിശാലമായ മാനവികതയെ കുറിച്ചുള്ള പ്രതീക്ഷകൾ മാത്രമാണ് അവർ പങ്കുവെയ്ക്കുന്നതെന്നും ചിത്രം നമ്മോട് പറഞ്ഞു തരുന്നു.

വ്യത്യസ്തങ്ങളായ രണ്ട് ലോകങ്ങളിലാണ് ഇന്ന് നാം ജീവിക്കുന്നതെന്ന് സംവിധായകൻ ശ്രീധർ ബി എസ് അഭിപ്രായപ്പെട്ടു. “അവർ എന്നും നമ്മൾ എന്നും ലോകം രണ്ടായി വേർപിരിഞ്ഞിരിക്കുന്നു. ലോകത്തെ ഇങ്ങനെയാക്കുന്നത് തെറ്റായ ചില ധാരണകളാണ്. അത്തരം വ്യവസ്ഥാപിത ധാരണകളെയാണ് ‘ഇൻ ഔർ വേൾഡ് ‘ തിരുത്തുന്നത്. വ്യത്യസ്തമായ വീക്ഷണത്തോടെ ലോകത്തെ നോക്കിക്കാണാനുള്ള ജാലകമാണ് ഈ ചിത്രം. സ്നേഹവും ആദരവും പങ്കുവെച്ച് പരസ്പര സഹവർത്തിത്വത്തോടെ, എല്ലാവരേയും ഉൾക്കൊള്ളാനുള്ള വഴിയാണ് അത് കാണിച്ചുതരുന്നത്. അവരെന്നും നമ്മളെന്നും വേർതിരിവില്ലാതാവണം. എല്ലാവരേയും ഉൾക്കൊള്ളുന്ന ഒരു ലോകത്തെയാണ് സ്വപ്നം കാണുന്നത്,” സംവിധായകൻ പറഞ്ഞു.

ഫിലിം, ടെലിവിഷൻ-ഡിജിറ്റൽ കണ്ടൻ്റ് ബ്രാൻഡിങ്ങ്, മാർക്കറ്റിങ്ങ് മേഖലകളിൽ 22 വർഷത്തെ അനുഭവ സമ്പത്തുള്ള മലയാളിയാണ് ശ്രീധർ ബി എസ്. ടേണർ ബ്രോഡ്കാസ്റ്റ്, നാഷണൽ ജിയോഗ്രാഫിക് ഇൻ്റർനാഷണൽ, ഫോക്സ്, ഫോഡ്, ബി എം ഡബ്ല്യു, സോണി മോഷൻ പിക്ചേഴ്സ് തുടങ്ങി അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി യോജിച്ച് പ്രവർത്തിച്ചിട്ടുണ്ട്. സർഗാത്മക മികവിന് ദേശീയ, അന്തർദേശീയ തലങ്ങളിലായി 43 പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

സാൾട്ട് സ്റ്റുഡിയോസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ചെയർമാനായും നാഷണൽ ജിയോഗ്രാഫിക്, ഫോക്സ് ഇൻ്റർനാഷണൽ ചാനലുകളുടെ ക്രിയേറ്റീവ് ഡയറക്റ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

Facebook – https://fb.watch/2X1C9vVfro/

Instagram – https://www.instagram.com/p/CJ4DpwZD0Ug/


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top