Flash News

രോഹിത് വെമുല ഓര്‍മ്മയായിട്ട് 5 വര്‍ഷം

January 17, 2021

ഹൈദരാബാദ് സർവകലാശാലയിലെ വിദ്യാർത്ഥി രോഹിത് വെമുല ഓര്‍മ്മയായിട്ട് അഞ്ച് വർഷം. 2016 ജനുവരി 17നായിരുന്നു എച്ച്‌സി‌യുവിലെ ഗവേഷണ വിദ്യാർത്ഥിയായിരുന്ന രോഹിത് വെമുല ആത്മഹത്യ ചെയ്തത്. എന്നാൽ മരണത്തിലൂടെ രാജ്യത്ത് ജാതി വിവേചനത്തിന്റെ അനശ്വരമായ പ്രതീകമായി രോഹിത് വെമുല വളരുകയായിരുന്നു.

വീട്ടിനകത്തെ ജാതി അവഗണനയോടെ തുടങ്ങി തടസ്സങ്ങളെ അതിജീവിച്ച് രോഹിത് വെമുല നിരന്തരം വളർന്നു. കടത്തിണ്ണയില്‍ കിടന്നുറങ്ങിയും പഠനവും ജോലിയും ഒപ്പത്തിനൊപ്പം മുന്നോട്ടു കൊണ്ടുപോയുമാണ് രാജ്യത്തെ മികച്ച ഉന്നത വിദ്യാഭ്യാസ സ്‌ഥാപനത്തിലെ പിഎച്ച്ഡി വരെ രോഹിത് എത്തിയത്.

ശാസ്ത്രത്തിൽ ലോകപ്രശസ്ത എഴുത്തുകാരനാകുക എന്നതായിരുന്നു രോഹിതിന്റെ ആഗ്രഹം. പക്ഷേ, പാതിവഴിയിൽ, ജീവിതം സ്വന്തമായി അവസാനിക്കേണ്ടിവന്നു. രോഹിത് വിശ്വസിച്ചതുപോലെ ദലിതനായി ജനിച്ചത് മാരകമായ ഒരു അപകടമായിരുന്നു.

”എന്റെ ശവസംസ്‌കാരം നിശബ്‌ദമായിരിക്കട്ടെ. പെട്ടെന്ന് വന്നുപോയ ഒരാളാണ് ഞാന്‍ എന്നമട്ടില്‍വേണം നിങ്ങള്‍ പെരുമാറേണ്ടത്. എനിക്കുവേണ്ടി കരയരുത്. ജീവിച്ചിരുന്നപ്പോള്‍ ഉള്ളതിനേക്കാള്‍ മരണത്തിലാണ് ഞാന്‍ കൂടുതല്‍ സന്തോഷവാന്‍ എന്നറിയുക” -ശൂന്യതയുടെ മുനമ്പിൽ നിന്നുകൊണ്ട് രോഹിത് കുറിച്ച വാക്കുകളാണിത്. പക്ഷേ, രോഹിതിന്റെ മരണം സൃഷ്‌ടിച്ചിരിക്കുന്നത് ശൂന്യതയല്ല. ചിന്തയുടെയും കര്‍മത്തിന്റെയും പുതിയ വാതായനങ്ങള്‍ അത് തുറന്നു.

തന്നെ ആളുകള്‍ ഭീരുവെന്നും വിഢിയെന്നും സ്വാര്‍ഥനെന്നുമൊക്കെ വിളിച്ചേക്കാം എന്ന് രോഹിത് അവസാനത്തെ കുറിപ്പിലെഴുതുന്നുണ്ട്. ഈ അന്തിമനിമിഷത്തില്‍ തനിക്ക് മുറിവുകളില്ലെന്നും സങ്കടമില്ലെന്നും തികഞ്ഞ ശൂന്യത മാത്രമാണുള്ളതെന്നും രോഹിത് എഴുതി.

പക്ഷേ, ആത്‍മഹത്യ രോഹിത്തിനെ ഭീരുവോ സ്വാര്‍ഥനോ വിഢിയോ ആക്കുന്നില്ല. അയാള്‍ തിരഞ്ഞെടുത്ത സമര മാര്‍ഗമായിരുന്നു അത്. ജീവിതം പോലെതന്നെ മരണവും സമരമാണെന്ന് പറയാം. മുന്നോട്ട് വഴികളില്ലാതായെന്ന് തോന്നിയപ്പോള്‍ ഒരു വലിയ പോരാട്ടത്തിനുള്ള വെളിച്ചമായി രോഹിത് വെമുല രക്‌തസാക്ഷിയായി.

രോഹിത് വെമുലയുടെ മരണത്തെത്തുടര്‍ന്ന് രാജ്യത്തെ കലാലയങ്ങളിലും തെരുവുകളിലും നാളെറെ പ്രതിഷേധങ്ങളുടെ വേലിയേറ്റങ്ങള്‍ ഉണ്ടായി. രോഹിത്തിന്റെ മരണം രാജ്യത്തുണ്ടാക്കിയ പ്രധിഷേധ ചൂടില്‍ നിന്നാണ് കനയ്യ കുമാര്‍ എന്ന യുവ നേതാവിന്റെ ഉദയം.

‘നിങ്ങള്‍ എത്ര രോഹിതുമാരെ കൊല്ലുന്നുവോ അത്രയും രോഹിത്തുമാര്‍ ജനിച്ചുകൊണ്ടേയിരിക്കും.’ കനയ്യയുടെ വാക്കുകള്‍ ഇന്ത്യയുടെ യുവ ഹൃദയങ്ങളിലാണ് പതിച്ചത്. രോഹിത് വെമുല ഇന്നൊരു പ്രതീകമാണ്. രാജ്യത്തെ ജാതീയ വിവേചനത്തിന്റെ അനശ്വര പ്രതീകം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top