മുംബൈ: പ്രശസ്ത ഇന്ത്യൻ ശാസ്ത്രീയ സംഗീതജ്ഞനും പത്മ വിഭൂഷണ്‍ അവാർഡ് ജേതാവുമായ ഉസ്താദ് ഗുലാം മുസ്തഫ ഖാൻ ഞായറാഴ്ച ഉച്ചയ്ക്ക് മുംബൈയിലെ വസതിയിൽ വച്ച് അന്തരിച്ചു. 89 വയസ്സായിരുന്നു. ഉച്ചയ്ക്ക് 12.37 നാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചതെന്ന് ഖാന്റെ മരുമകൾ നമ്രത ഗുപ്ത ഖാൻ പറഞ്ഞു. വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ബാന്ദ്രയിലെ വസതിയില്‍ ചികിത്സയിലായിരുന്നു ഖാന്.
2019 ൽ അദ്ദേഹത്തിന് മസ്തിഷ്കാഘാതം ബാധിക്കുകയും ശരീരത്തിന്റെ ഇടതുഭാഗം തളരുകയും ചെയ്തിരുന്നു. ഖാന്റെ നിര്യാണ വാർത്തയും നമ്രത തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചു.
ഇന്ന് രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു എന്ന് നമ്രത പറഞ്ഞു. 24 മണിക്കൂറും നഴ്സ് പരിചരിക്കാനുണ്ടായിരുന്നു. മസാജ് ചെയ്യുന്നതിനിടെ അദ്ദേഹം ഛർദ്ദിക്കുകയും കണ്ണുകള്‍ താനേ അടഞ്ഞതായും അവര്‍ പറഞ്ഞു. ഡോക്ടര്‍ എത്തുമ്പോഴേക്കും മരണം സംഭവിച്ചതായും നമ്രത പറഞ്ഞു.
സംഗീത ലോകത്തെ നിരവധി പേരാണ് അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയത്. നല്ലൊരു ഗായകന് മാത്രല്ല, നല്ലൊരു മനുഷ്യന് കൂടിയായിരുന്നു അദ്ദേഹമെന്ന് ലതാ മങ്കേഷ്കര്‍ കുറിച്ചത്. ഞാനും എന്റെ ബന്ധുവും പാട്ട് പഠിച്ചത് മുസ്തഫ ഖാനില്‍ നിന്നാണെന്നും അവര്‍ പറഞ്ഞു.
മറ്റൊരു നഷ്ടം കൂടി എന്നാണ് ഗായകനും സംഗീത സംവിധായകനുമായ വിശാല്‍ ദദ്ലാനി കുറിച്ചത്. അധ്യാപകരില്‍ ഏറ്റവും മികച്ചത് എന്നാണ് എആര്‍ റഹ്മാന് കുറിച്ചത്. രാജ്യത്തെ ഏറ്റവും മികച്ച സംഗീതജ്ഞന്മാരില് ഒരാളെയാണ് നഷ്ടമായത്. എന്നാല്‍ അദ്ദേഹത്തിന്റെ ഇതിഹാസ സംഗീതം എക്കാലവും ജീവിക്കുമെന്ന് അംജദ് അലി ഖാന് ട്വീറ്റ് കുറിച്ചത്.
1931 മാർച്ച് 3 ന് ഉത്തർപ്രദേശിലെ ബദൗനിൽ ജനിച്ച ഖാൻ നാല് സഹോദരന്മാരും മൂന്ന് സഹോദരിമാരും ഉള്ള കുടുംബത്തിലെ മൂത്ത മകനായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ഉസ്താദ് വാരിസ് ഹുസൈൻ ഖാൻ പ്രശസ്ത സംഗീതജ്ഞൻ ഉസ്താദ് മുറെഡ് ബക്ഷിന്റെ മകനായിരുന്നു. അമ്മ സബ്രി ബീഗം ഉസ്താദ് ഇനായത്ത് ഹുസൈൻ ഖാന്റെ മകളാണ്.
ഹിന്ദി ചലച്ചിത്ര ലോകത്ത് ഗായകനായും സംഗീത സംവിധായകനായും പ്രവര്‍ത്തിച്ചു. മൃണാള്‍സെന്നിന്റെ ഭുവന്‍ഷോമിലും നിരവധി മറാത്തി, ഗുജറാത്തി സിനമകള്‍ക്കു വേണ്ടിയും പാടി. ഹിന്ദി ചലച്ചിത്ര സംഗീത ലോകത്തെ നിരവധി പ്രതിഭകളുടെ പരിശീലകനായിരുന്നു അദ്ദേഹം.
1991-ല്‍ പത്മശ്രീ, 2003-ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം, 2006-ല്‍ പദ്മഭൂഷണ്‍, 2018-ല്‍ പദ്ഭവിഭൂഷണ്‍ എന്നിവ അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു.
ഖാന്റെ അന്ത്യകർമങ്ങൾ ഇന്ന് വൈകുന്നേരം സാന്റാക്രൂസ് ഖബര്‍സ്ഥാനില്‍ നടക്കും.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply