‘താണ്ഡവ്’എന്ന വെബ് സീരീസിന്റെ സംവിധായകനും എഴുത്തുകാരനുമായ അലി അബ്ബാസ് ജാഫർ, ഗൗരവ് സോളങ്കി എന്നിവർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തു. ആമസോൺ പ്രൈമിന്റെ ഇന്ത്യയിലെ മേധാവി അപർണ്ണ പുരോഹിത്, നിർമ്മാതാവ് ഹിമാൻഷു കൃഷ്ണ മെഹ്റ, പേരിടാത്ത മറ്റൊരു വ്യക്തി എന്നിവരുടെ പേരുകളും ഹസ്രത്ഗഞ്ച് പോലീസ് സ്റ്റേഷനിലെ എഫ് ഐ ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വെബ് സീരീസിനെ ചൊല്ലിയുള്ള വിവാദവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ആമസോൺ പ്രൈം വീഡിയോ ഉദ്യോഗസ്ഥരെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിളിച്ചുവരുത്തിയതായി വൃത്തങ്ങൾ അറിയിച്ചു. സെയ്ഫ് അലി ഖാൻ നായകനായ ‘താണ്ഡവ്’ എന്ന വെബ് സീരീസ് ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് രണ്ട് ഭാരതീയ ജനതാ പാർട്ടി നേതാക്കൾ ആരോപിച്ചതിനെ തുടർന്നാണിത്.
മതനിന്ദയും, സമൂഹത്തിലെ സമാധാനാന്തരീക്ഷം തകർക്കുന്നതുമായ തരത്തിലാണ് ഇതിലെ അവതരണമെന്നും ചിത്രം പരിശോധിച്ച ഉദ്യോഗസ്ഥ സംഘം നിരീക്ഷിച്ചു. പൊതുവായ പരാതികളുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ സ്വമേധയാ നടപടി സ്വീകരിക്കുക ആയിരുന്നു.
ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്ത ‘താണ്ഡവ്’ ഒൻപത് എപ്പിസോഡ് നീളുന്ന പൊളിറ്റിക്കൽ ഡ്രാമയാണ്. ഒ ടി ടി പ്ളാറ്റ്ഫോമില്‍ വിജയകരമായി മുന്നേറുന്നതിനിടെ ആണ് പ്രതിഷേധം ഉയർന്നത്. ബിജെപിയും ഹിന്ദു സംഘടനകളുമാണ് വിമർശനവമായി എത്തിയത്.
ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നാണ് ആരോപണം. നടനായ മുഹമ്മദ് സീഷന്‍ അയ്യൂബ് സ്റ്റേജ് പെര്‍ഫോമറായ രംഗത്തില്‍ ശിവനോട് സാദൃശ്യം തോന്നുന്ന രീതിയില്‍ വേഷം ധരിച്ചെന്നും ‘ആസാദി.. എന്താ….’ എന്ന ഡയലോഗ് പറഞ്ഞുവെന്നുമാണ് ആരോപണം. ഈ രംഗം ഹിന്ദു ദൈവങ്ങളെ കളിയാക്കാന്‍ ഉദ്ദേശിച്ച് ഉള്ളതാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
മുംബൈയിലെ ഘാട്കോപ്പര്‍ പോലീസ് സ്റ്റേഷനില്‍ ബിജെപി നേതാവ് രാം കദം സീരീസിനെതിരെ പരാതി നല്‍കിയിരുന്നു. മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് സീരീസിനെതിരെ ഡെൽഹി പോലീസിലും പരാതി ലഭിച്ചിരുന്നു. സമാനമായ ആശങ്കകൾ പ്രകടിപ്പിച്ചുകൊണ്ട് ബിജെപി നേതാവ് മനോജ് കൊട്ടക് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർക്ക് കത്തെഴുതിയിട്ടുണ്ട്.
കത്തിൽ മനോജ് കൊട്ടക് ഇങ്ങനെ എഴുതി: “താണ്ഡവ് നിർമ്മാതാക്കൾ ഹിന്ദു ദൈവങ്ങളെ പരിഹസിക്കുകയും ഹിന്ദു മതവികാരങ്ങളെ അവഹേളിക്കുകയും ചെയ്തതായി തോന്നുന്നു. താണ്ഡവിനെ നിരോധിക്കണമെന്ന് ഞാൻ വാർത്താവിതരണ മന്ത്രാലയത്തോട് അഭ്യർത്ഥിക്കുന്നു.” ഈ പരമ്പര ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും ഇത് സഹിക്കില്ലെന്നും അദ്ദേഹം ആരോപിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply