കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ ഫലപ്രദമായി നിർണ്ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങളുടെ ഏകദേശ രൂപരേഖ ഹൈക്കമാൻഡ് തയ്യാറാക്കി. നല്ല ഇമേജും ജനകീയ പിന്തുണയുമുള്ള സ്ഥാനാർത്ഥികളെ നാമനിർദേശം ചെയ്യും. രണ്ടുതവണ തോറ്റവർക്കും നാല് തവണ വിജയികൾക്കും സീറ്റ് നല്കുകയില്ല. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള പ്രധാന നേതാക്കൾക്ക് ഇളവുകൾ നൽകും. എംപിമാർ മത്സരിക്കില്ല. എംപിമാർക്ക് സ്വന്തം ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ള നിയമസഭാ മണ്ഡലങ്ങളിൽ രണ്ട് സ്ഥാനാർത്ഥികളെ നാമനിർദ്ദേശം ചെയ്യാം.
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റവരെ പരിഗണിക്കില്ല. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുമ്പോള്‍ സാമുദായിക സമവാക്യം പൂര്‍ണമായും ഉറപ്പാക്കണം. യുവാക്കള്‍ക്കും വനിതകള്‍ക്കും പങ്കാളിത്തം കൃത്യമായി ഉറപ്പുവരുത്തുമെന്നും മാനദണ്ഡങ്ങള്‍ നിഷ്കര്‍ഷിക്കുന്നു. ബജറ്റ് സമ്മേളനത്തിനെത്തുമ്പോള്‍ കേരള എംപിമാരുമായി രാഹുല്‍ ഗാന്ധി പ്രത്യേകം കൂടിക്കാഴ്ച നടത്തും. സംഘടനാ കാര്യങ്ങളിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും എംപിമാരുടെ അഭിപ്രായം രാഹുല്‍ ഗാന്ധി കേള്‍ക്കും.
അതേസമയം കേരളത്തിലെ നിയമസഭാ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിളിച്ച നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഡിസിസി പുന:സംഘടനയും ഉമ്മന്‍ ചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതും ചര്‍ച്ചയാകും. കേരള നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, എന്നിവരാണ് ഡല്‍ഹി ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. സംഘടന കാര്യ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, സംസ്ഥാന ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ എന്നിവരുമായി നേതാക്കള്‍ പ്രാഥമിക ചര്‍ച്ച നടത്തും. രാഹുല്‍ ഗാന്ധിയെ കാണുന്ന നേതാക്കള്‍ ആവശ്യമെങ്കില്‍ അധ്യക്ഷ സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തും.
ഉമ്മന്‍ ചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്ന കാര്യത്തില്‍ വിശദമായ ചര്‍ച്ചയുണ്ടാകും. യുഡിഎഫ് ചെയര്മാന്, പ്രചാരണ സമിതി കണ്‍വീനര്‍, തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ എന്നീ പദവികളിലൊന്ന് ഉമ്മന്‍ ചാണ്ടിയ്ക്ക് നല്‍കാനാണ് സാധ്യത. മുഖ്യമന്ത്രി പദവി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയ മാനദണ്ഡങ്ങള്‍ക്ക് ഇന്നത്തെ ചര്‍ച്ച അന്തിമ രൂപം നല്‍കും. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ഡിസിസിയില്‍ നടത്തേണ്ട തിരുത്തലുകളെക്കുറിച്ചും ചര്‍ച്ചയുണ്ടാകും. പ്രവര്‍ത്തന മികവില്ലാത്ത തിരുവനന്തപുരം അടക്കം കൂടുതല്‍ ഡിസിസികളില്‍ മാറ്റം വരുത്തണമെന്ന നിലപാട് ഹൈക്കമാന്‍ഡിന് ഉണ്ടെങ്കിലും എഐ ഗ്രൂപ്പുകള്‍ എതിര്‍ക്കുകയാണ്. ഇരട്ട പദവി പരിധിയിലുള്ള എറണാകുളം, വയനാട്, പാലക്കാട് ഡിസിസി അധ്യക്ഷന്മാരെയും മാറ്റിയേക്കും.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply