കശ്മീരി വനിത സമീറ ഫസീലിയെ ഇക്കണോമിക് കൗണ്‍സില്‍ ഡപ്യൂട്ടി ഡയറക്ടറായി ജോ ബൈഡന്‍ നാമനിര്‍ദ്ദേശം ചെയ്തു

ന്യൂയോര്‍ക്ക്: ബൈഡന്‍-ഹാരിസ് അഡ്മിനിസ്‌ട്രേഷനില്‍ കശ്മീരി വനിത സമീറാ ഫസീലിയെ നാഷണല്‍ ഇക്കണോമിക് കൗണ്‍സില്‍ ഡപ്യൂട്ടി ഡയറക്ടറായി നാമനിര്‍ദ്ദേശം ചെയ്തു.

ഇതോടെ ഇന്ത്യന്‍ വംശജരായ ഒരു ഡസനിലധികം പേര്‍ക്ക് സുപ്രധാന തസ്തികകളില്‍ നിയമനം ലഭിക്കുയോ, നാമനിര്‍ദ്ദേശം ലഭിക്കുകയോ ചെയ്തിട്ടുണ്ട്.

സമീറ ഇതിനു മുമ്പു ഫെഡറല്‍ റിസര്‍വ് ബാങ്ക് ഓഫ് അറ്റ്‌ലാന്റ എന്‍ഗേജ്‌മെന്റ് ഫോര്‍ കമ്മ്യൂണിറ്റി ആന്റ് എക്കണോമിക് ഡവലപ്പ്‌മെന്റില്‍ ഡയറക്ടറായിരുന്നു. കാശ്മീരില്‍ ജനിച്ച ഡോക്ടര്‍ ദമ്പതികളായ മുഹമ്മദ് യൂസഫിന്റേയും റഫീക്ക ഫസീലിയുടേയും മകളാണ് സമീറ.

1970 ലാണ് മാതാപിതാക്കള്‍ അമേരിക്കയിലെത്തിയത്. ബഫല്ലോയിലാണ് സമീറയുടെ ജനനം. യേല്‍ സ്കൂള്‍ ഓഫ് ലോ, ഹാര്‍വാര്‍ഡ് കോളേജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

സമീറയുടെ നിയമനത്തില്‍ മാതൃസഹോദരന്‍ റൗഫ് ഫസീലി അഭിമാനിക്കുന്നതായും, കാശ്മീരിലുള്ള കുടുംബാംഗങ്ങള്‍ക്ക് ഇത് സന്തോഷത്തിന്റെ നിമിഷങ്ങളാണെന്നും റൗഫ് പറഞ്ഞു.

കാശ്മീര്‍ താഴ്‌വരയില്‍ സന്ദര്‍ശനം നടത്തുന്നതില്‍ സമീറക്ക് പ്രത്യേക താല്‍പര്യം ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment