സ്വദേശത്തേക്ക് കൊണ്ടുപോകാൻ പണമില്ല; വീട്ടുജോലിക്കാരിയുടെ മൃതദേഹം 7 മാസമായി യുഎഇ ആശുപത്രിയിൽ

ദുബൈ: ഏഴുമാസം മുമ്പ് ഫുജൈറയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ഉഗാണ്ടന്‍ വീട്ടുജോലിക്കാരിയുടെ മൃതദേഹം ആശുപത്രി മോർച്ചറിയില്‍ ഇപ്പോഴും സൂക്ഷിച്ചിരിക്കുകയാണ്. ദരിദ്രരായ അവരുടെ കുടുംബം ഇപ്പോൾ യുഎഇ നിവാസികളുടെ സഹായത്തിനായി അഭ്യർത്ഥിക്കുന്നു.

ആരോഗ്യ-പ്രതിരോധ മന്ത്രാലയം നൽകിയ മരണ സർട്ടിഫിക്കറ്റ് പ്രകാരം മൈമൂന നസാലി (37) 2020 ജൂൺ 18 ന് ഫുജൈറ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. മരണത്തെക്കുറിച്ച് വീട്ടുകാർക്ക് വിവരം ലഭിച്ചെങ്കിലും കോവിഡ് -19 പകർച്ചവ്യാധി കാരണം ഉഗാണ്ടയിലെ വിമാനത്താവളങ്ങൾ അടച്ചിരുന്നു.

യുഎഇയിൽ താമസിക്കുന്ന ഉഗാണ്ടൻ സുഹൃത്ത് വഴി കുടുംബം മൃതദേഹം സൂക്ഷിക്കാൻ ആശുപത്രിയോട് ആവശ്യപ്പെട്ടതനുസരിച്ചാണ് ആശുപത്രി അധികൃതര്‍ ഇപ്പോഴും മൃതദേഹം സൂക്ഷിച്ചിരിക്കുന്നതെന്ന് കുടുംബ സുഹൃത്ത് പറഞ്ഞു. വിമാനത്താവളങ്ങൾ വീണ്ടും തുറക്കുമ്പോള്‍ നാട്ടിലേക്ക് കൊണ്ടുപോകാൻ പണം സ്വരൂപിച്ചതിനുശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകാൻ കഴിയുമെന്ന പ്രത്യാശയിലാണ് കുടുംബം.

നസാലിയുടെ നാല് ചെറിയ കുട്ടികളും മാതാപിതാക്കളും ഉഗാണ്ടയിലാണ്. നസാലിയെ അവസാനമായി ഒരു നോക്കു കാണാന്‍ മക്കള്‍ക്കും മാതാപിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും താല്പര്യമുണ്ടെന്ന് സുഹൃത്ത് പറഞ്ഞു. ഭര്‍ത്താവുമായി വിവാഹബന്ധം വേര്‍പെടുത്തിയ നസാലി, മക്കളെ സം‌രക്ഷിക്കാനാണ് യുഎ‌ഇയില്‍ വീട്ടുജോലിക്കായി വന്നത്.

ഉഗാണ്ടയിലെ വിമാനത്താവളങ്ങൾ കഴിഞ്ഞ ഓഗസ്റ്റിൽ പ്രവർത്തനം പുനരാരംഭിച്ചിരുന്നു. എന്നാൽ അതിനുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ആവശ്യമായ പണം സ്വരൂപിക്കുന്നതിൽ നസാലിയുടെ കുടുംബം പരാജയപ്പെട്ടു.

“മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ആകെ തുക 10,000 ദിർഹമാണ്. വിമാന ടിക്കറ്റുകൾ, ശരീരം എംബാം ചെയ്യുന്നത്, ഫുജൈറയിൽ നിന്ന് ദുബായിലെ മുഹൈസ്‌നയിലേക്ക് ആംബുലൻസ് വാടകയ്ക്ക് എടുക്കുക, മറ്റു ഫീസുകള്‍ എന്നിവ ഇതിൽ ഉൾപ്പെടുന്നു. രോഗിയുടെ മെഡിക്കൽ ബില്ലുകൾ ആശുപത്രി ഒഴിവാക്കിയിരുന്നു,” സുഹൃത്ത് ലുയിംബാസി പറഞ്ഞു.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് അദ്ദേഹവും നസ്സാലിയുടെ കുടുംബവും യുഎഇ നിവാസികളോട് സഹായം തേടുന്നു. സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് 0558273097 എന്ന നമ്പറിൽ ലുയിംബാസിയെ ബന്ധപ്പെടാം.

Print Friendly, PDF & Email

Leave a Comment