“പഞ്ചാബിലേക്ക് വരൂ, എല്ലാ ചിലവുകളും ഞങ്ങള്‍ വഹിക്കാം,”; കര്‍ഷക സമരത്തെ വിമര്‍ശിച്ച ഹേമമാലിനിയോട് കിസാന്‍ സംഘര്‍ഷ സമിതി

ജലന്ധർ: കേന്ദ്ര സര്‍ക്കാരിന്റെ പുതിയതും വിവാദപരവുമായ മൂന്ന് കാർഷിക നിയമങ്ങളെക്കുറിച്ച് വിശദീകരിക്കാൻ ബിജെപി നേതാവ് ഹേമമാലിനിയെ പഞ്ചാബിലേക്ക് വരാൻ കോണ്ടി കിസാൻ സംഘർഷ് സമിതി (കെകെഎസ്സി) ഞായറാഴ്ച ക്ഷണിച്ചു.

ഉത്തർപ്രദേശിലെ മഥുരയിൽ നിന്ന് പഞ്ചാബിലേക്ക് വരാന്‍ ഹേമമാലിനിയുടെ ഒരാഴ്ചത്തെ സന്ദർശനച്ചെലവും ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസ സൗകര്യവും ഒരുക്കാമെന്നും കർഷക സംഘടന അറിയിച്ചിട്ടുണ്ട്. പുതിയ കാർഷിക നിയമങ്ങൾക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരത്തെ നടിയും രാഷ്ട്രീയക്കാരിയുമായ ഹേമമാലിനി വിമര്‍ശിച്ചിരുന്നു. അതിനു മറുപടിയായാണ് കർഷക സംഘടന അവര്‍ക്ക് കത്തയച്ചത്.

അവർക്ക് വ്യക്തമായ അജണ്ടയില്ലെന്നും, എന്താണവര്‍ക്ക് വേണ്ടതെന്ന് എനിക്കറിയില്ലെന്നും, അവരെക്കൊണ്ട് സമരം ചെയ്യിക്കാന്‍ പ്രതിപക്ഷ പാർട്ടികൾ അവരെ പ്രേരിപ്പിക്കുകയാണെന്നുമാണ് ഹേമ മാലിനി പറഞ്ഞത്.

പഞ്ചാബിന്റെ സഹോദരിയെന്ന നിലയിൽ അവരെ ബഹുമാനിക്കുന്നതായി കെകെഎസ്സി പ്രസിഡന്റ് ഭൂപിന്ദർ സിംഗ് ഗുമ്മൻ, രക്ഷാധികാരി അവതാർ സിംഗ് ഭിഖോവൽ, വൈസ് ചെയർമാൻ ജർനൈൽ സിംഗ് ഗർഹിവാൾ എന്നിവർ കത്തിൽ പറഞ്ഞു. സഹോദരി അമ്മയ്ക്ക് തുല്യമാണ്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ താൻ പഞ്ചാബിന്റെ മരുമകളാണെന്ന് ഹേമമാലിനി പറഞ്ഞതായി നേതാക്കള്‍ അവകാശപ്പെട്ടു.

പഞ്ചാബിയായ പ്രശസ്ത നടൻ ധർമേന്ദ്രയുടെ ഭാര്യയാണ് ഹേമമാലിനി. അവരുടെ മകൻ സണ്ണി ഡിയോള്‍ ഗുരുദാസ്പൂരിൽ നിന്നുള്ള എംപിയാണ്.

കഴിഞ്ഞ 51 ദിവസമായി കർഷകർ തങ്ങളുടെ വിളയ്ക്ക് ശരിയായ വില ആവശ്യപ്പെട്ട് ഡല്‍ഹി അതിർത്തിയിൽ പ്രകടനം നടത്തുകയാണെന്നും, നൂറോളം കർഷകർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തുവെന്ന് സംഘടനയുടെ കത്തിൽ പറയുന്നു. അത്തരമൊരു സമയത്ത്, നിങ്ങളുടെ പ്രസ്താവന എല്ലാ പഞ്ചാബികളെയും വേദനിപ്പിച്ചു. കൃഷിക്കാരൻ കഠിനാധ്വാനം ചെയ്യുകയും വിളകൾ വളർത്തുകയും ചെയ്യുന്നു. മിനിമം താങ്ങുവില പോലും ലഭിച്ചില്ലെങ്കില്‍ നിലനില്‍ക്കാന്‍ കഴിയില്ലെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

“ഞങ്ങൾക്ക് (കർഷകർക്ക്) എന്താണ് വേണ്ടതെന്ന് അറിയില്ലെന്ന് നിങ്ങൾ പറയുന്നു, അതിനാൽ ദയവായി പഞ്ചാബിൽ വന്ന് കർഷകർ ജീവൻ ബലിയർപ്പിക്കാതിരിക്കാന്‍ ഞങ്ങൾ എന്തുചെയ്യണമെന്ന് വിശദീകരിക്കുക,” കര്‍ഷകര്‍ പറഞ്ഞു.

ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ നിങ്ങള്‍ക്ക് താമസ സൗകര്യം ക്രമീകരിക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചതായും, അതിന് ചിലവാകുന്ന പണം കർഷകരും തൊഴിലാളികളും നൽകുമെന്നും കത്തിൽ പറയുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment