സർവ്വവും ന്യാസിച്ചു തൻ ജീവിതം നയിപ്പോനെ
സന്യാസിയെന്നല്ലയോ മാലോകർ വിളിയ്ക്കുന്നു!
ഗർവ്വവുംഅമിതമാം ഭോഗവും വെടിഞ്ഞു തൻ
സർവ്വവുംത്യജിപ്പവൻ മാത്രംതാൻസന്യാസിയും!
തീഷ്ണമാം വൈരാഗ്യത്തിൻ ജ്വാലയിലല്ലോ, മൃഗ-
തൃഷ്ണകളെരിഞ്ഞെരിഞ്ഞടങ്ങുമെല്ലായ്പ്പോഴും!
സ്ഫുടംചെയ്തെടുത്തൊരുചേതസ്സു സുനിർമ്മല-
സ്ഫടികം കണക്കല്ലോതിളങ്ങുംമങ്ങാതെന്നും!
ഏറ്റവും പ്രിയമാർന്ന വസ്തുക്കൾ വർജ്ജിയ്ക്കുവാൻ
എളുതല്ലതിവേഗമെന്നതു മഹാസത്യം!
എങ്കിലുമൽപ്പാൽപ്പമായ് പരിശീലിച്ചാലതും
എത്രയും വേഗം സാദ്ധ്യമായിടും വൈരാഗ്യവും!
ഒഴുകും വെള്ളത്തിന്റെ ഗംഭീര പ്രവാഹത്തിൽ
അഴുക്കു വെള്ളം മെല്ലെ കഴുകി തെളിയും പോൽ
ബുദ്ധി മണ്ഡലത്തിലും ബോധമണ്ഡലത്തിലും
ശുദ്ധ ചിന്തകൾ നിറഞ്ഞൊഴുകും പുഴ പോലെ!
സർവ്വോത്തമമാം ഗുണം സൽഗുണം സത്ത്വ ഗുണം
ഉർവ്വിയിലതു നേടാൻ ത്യാഗങ്ങളനേകങ്ങൾ!
രാജസ ഗുണം തമോ ഗുണവും വിട വാങ്ങും
രാജതുല്യമാം സത്ത്വ തൽപ്പത്തിൽ വിരാജിയ്ക്കും!
ജീവനെ നിലനിർത്തും ആത്മാവിൽ ലയിച്ചവൻ
ജീവന്മുക്തനായ് ചിത്തം സ്വസ്ഥമായ് വിരാജിപ്പൂ!
ജീവാത്മ പരമാത്മ സംബന്ധം സംസ്ഥാപിയ്ക്കെ
ജീവലക്ഷ്യമാംജന്മ സാക്ഷാത്കാരവും നേടാം!
മനസ്സെ, ശരീരത്തെ നമ്പുന്നോൻ സംസാരിയും
മനസ്സെ, ശരീരത്തെ നമ്പാത്തോൻ സന്യാസിയും!
ഭുജിക്ഷുവായ്വാഴണോ സർവ്വവുംമറന്നൊരു
മുമുക്ഷുവായ്വാഴണോനിശ്ചയിപ്പതുനമ്മൾ!
സുഖംസന്തോഷം ജയം പരാജയവും പോലെ
അസുഖമെല്ലാം സമഭാവനയോടെ കാണ്മു!
നിർവ്വികാരമായ് ചിത്തം മാറുമ്പോളറിയാതെ
നിർവ്വാണ സ്ഥിതി പൂകും സന്യാസം സാദ്ധ്യമാകും!
ചേമ്പിലയിലെ ജല കണം പൊലീലയോടു
ചേർന്നിരുന്നാലുമതിലൊട്ടാതെയിരിയ്ക്കണം!
ചന്ദന മരം പോലെ സുഗന്ധം പരത്തണം
ചന്ദ്ര ബിംബം പോൽ സദാ കൗമുദി ചൊരിയണം!
സന്യാസം മഹോന്നത വിന്യാസം സ്വജീവിതം
സംസാരം സർവ്വം വെടിഞ്ഞടയുമാശാ കേന്ദ്രം!
വൈരാഗ്യം മുറുകുമ്പോൾ ഭക്തിയുമതോടോപ്പം
വൈകാതെയെത്തുംആത്മജ്ഞാനവും മുറപോലെ!
സന്യാസിയാകാൻ ബ്രഹ്മചാരിയാവേണ്ടതില്ല
സത്യാന്വേഷിയേൽ ഗൃഹസ്ഥാശ്രമത്തിലുമാകാം!
ആരണ്യം പൂകാതെയേ വാനപ്രസ്ഥവുമാകാം
ആകുവാൻ അത്യാവശ്യം ഭക്തിയും വൈരാഗ്യവും!
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

അതിമനോഹരമായ കവിത അതിസുന്ദരമായ ഭാവനാ വൈഭവം. അർത്ഥവത്തായ വരികൾ. ഒരു കാവ്യത്തിനു വേണ്ട എല്ലാ മേന്മകളും ഈ കവിതയ്ക്കുണ്ട്. അഭിനന്ദനങ്ങൾ.
സുന്ദരമായ രചനയും ആശയവും… സത്യകവിതക്കു സ്വാഗതം!
സർവത്ര മംഗളം ഭാവുകങ്ങൾ!