Flash News

വീണ കൊമ്പൻ ട്രം‌പ് (കവിത)

January 19, 2021 , ജോര്‍ജ് നെടുവേലില്‍, ഫ്ലോറിഡ

ഹാ, കഷ്ടമേ, ട്രമ്പേ, അമേരിക്കനധ്യക്ഷ പദവിയിൽ നാലുവത്സരമത്രയും,
വിനയായി, വിലസിവാണു, മാലോകർക്കാകെ ദുശ്ശകുനം കണക്കയെ നീ!
സ്ത്രീദർശനം നിനക്കെന്നും അസ്വാസ്ഥ്യം, നിസംശയം, ചാരത്തണഞ്ഞാൽ,
കേറിപ്പിടിച്ചിടും മാറിലും പുസ്സിയിലും പിന്നിലും – അവകാശമെന്നപോൽ!

ദാഹിച്ചു, നീയെന്നും പെൺമണികൾക്കായി, പാരാതെ,
പാലിച്ചു, സൗന്ദര്യമേളകളേറെ പാരിലങ്ങുമിങ്ങും!
ലാളിച്ചു, ലോലമാനസൻ നീ ലലനാമണിത്രയങ്ങളെ,
താലോലിച്ചു, പ്രണയലീലകളാലവരെ-നീ ആമോദിച്ചു.

പണം ചുരത്താൻ പഞ്ചനക്ഷത്രപ്രാകാരങ്ങളേറെ പണിയിച്ചു, ചൂതാട്ടമാടാൻ
ഉത്തുംഗശബളമാം താജമഹലുമുയർത്തി, കോടീശ്വരനെന്നു മേനിനടിച്ചു,
പിടുത്തമില്ലാതെ ധൂർത്തടിച്ചു, കടത്തിൽ മുങ്ങിയും പൊങിയും,
കടമടക്കാതെയും കണക്കിൽ കണക്കിനു കസർത്തുകാട്ടിയും കുട്ടപ്പനായി നീ.

പോരാൻ, പേരും പെരുമയും, പേരിനൊരു കലാലയം നിൻ പേരിൽ,
പടുത്തുയർത്തി, പൊതുജനസേവകൻ! വിജ്ഞാനദാഹി! നീ.
കാശിനു കഷ്ടമായി, നിയമം പിടിയിട്ടു, ജപ്തികളൊന്നൊന്നായി വന്നുപെട്ടു,
പാലം കുലുങ്ങീട്ടും കേളൻകുലുങ്ങാതെ അപ്രൻറ്റീസിന്റെ വേഷമിട്ടു.

തടഞ്ഞു കോടികൾ, വിയർക്കാതെ ഞൊടിയിടയിൽ, കോടികൾ കണ്ടതും,
വെയിലിൽ വിയർത്തൊരെ പൊള്ളിച്ചും പൊരിച്ചും പുറത്താക്കി ഭള്ളു കാട്ടി.
കാശായി പേരായി, പാരിൽ പെരുമ പൊലിപ്പിക്കാൻ പെരുത്ത മോഹമായി!
അദ്ധ്യക്ഷ പദവിയിൽ കണ്ണുവീണു, ഇലക്ഷൻ പോരിനായി തെരുവു താണ്ടി.

മനുജനെ മയക്കും കറപ്പാം മതത്തെ മയക്കി മെരുക്കി പാട്ടിലാക്കി,
ഒളിപ്പിച്ചു മോഹങ്ങൾ മനസ്സിൻ മടിത്തട്ടിൽ “മാഗ” സൂക്തം പല്ലവിയാക്കി,
ശീലിച്ച കൊട്ടിക്കൽ ശൈലിയിൽ, പെരുവായിൽ വരുന്നതു പാട്ടാക്കി,
താപ്പാനകൾ തറപറ്റി, ഒറ്റയാൻ കൊമ്പനായി ഗർജ്ജിച്ചു മേവി ആദ്യ ഊഴം.

ഹാ, അവിശ്വസനീയം! നന്മമേന്മകൾ ഒത്തിണങ്ങും നിനക്കു കഷ്ടകാലമോ?
ചൈന നിരത്തിയ കൊറോണ രിപുവിനെ സാരമായി കാണാതെ, കോപവും,
കൊള്ളിവാക്കും, കൊഞ്ഞനവുമായി വ്യാജനെന്നു നീ വിവക്ഷിച്ചുവെന്നോ!
കള്ളത്തരങ്ങളും കള്ളവോട്ടും പിന്നെ കറുത്തകരങ്ങളും പള്ളക്കടിച്ചുവെന്നൊ!

ഏറെ പ്രതീക്ഷിച്ചു കസേരയിലേറ്റിയ ന്യായാധിപരും തള്ളിക്കളഞ്ഞുവെന്നോ!
രണ്ടാമൂഴത്തിനായ്, തണ്ടുതപ്പിത്തരോം കുണ്ടാമണ്ടികളും ഉണ്ടാക്കിയെന്നിട്ടും,
ഗർവിഷ്ഠരാം ചുണക്കുട്ടന്മാരെ വേണ്ടതിലേറെ കളത്തിലിറക്കിയെന്നിട്ടും,
തണ്ടുലഞ്ഞ താമരത്തണ്ടുപോൽ തളന്നുപോയോ തണ്ടനാം ട്രമ്പേ ശിവ ശിവ!

മില്യൻസിൻറ്റെ കണ്ണിലുണ്ണീ! കുനിഞ്ഞിട്ടും കരഞ്ഞിട്ടും കാര്യമില്ലെന്നറിക,
കരണീയമായതു ചൊല്ലിടാം, കഠോരനെന്നു കരുതീടൊല്ലേ? ആത്മസഖേ നീ.
കാറ്റുവേഗത്തിലടുത്ത വിമാനമേറി മാറാ – ലാഗോ പൂകി, പൂതികൾക്കെല്ലാം
പൂർണ്ണവിരാമമേകി, സ്വയം പൂജിച്ചു പൂജിച്ചു സായൂജ്യമടയുക സഖാവേ നീ!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top