ചെന്നൈ: പ്രശസ്ത ക്യാന്‍സര്‍ രോഗ വിദഗ്ധ ഡോ. വി. ശാന്ത ചൊവ്വാഴ്ച പുലർച്ചെ ചെന്നൈയിൽ അന്തരിച്ചു. 93 വയസ്സായിരുന്നു. തിങ്കളാഴ്ച രാത്രി നെഞ്ചുവേദനയെ തുടർന്ന് ഡോക്ടർ ശാന്തയെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ചെ 3.55 ഓടെ അന്ത്യം സംഭവിക്കുകയായിരുന്നു.
രാജ്യത്ത് ഗുണനിലവാരവും താങ്ങാനാവുന്നതുമായ ക്യാന്‍സര്‍ പരിചരണം എന്ന ആശയം പുനർനിർവചിക്കുകയും ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ദരിദ്രർക്കും നിരാലംബർക്കും ആശ്വാസവും ചികിത്സയും നൽകുകയും ചെയ്ത വ്യക്തിയാണ് ഡോ. വി. ശാന്ത (1927-2021).
അഡയാർ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർപേഴ്സൺ ഡോ. ശാന്ത തന്റെ അവസാന ദിവസം വരെ സജീവമായിരുന്നു. കൂടാതെ സ്ഥാപനത്തിന്റെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങളെക്കുറിച്ചും സാമ്പത്തിക സംഭാവനകള്‍ കുറയുന്നതിനെക്കുറിച്ചും വളരെയധികം ആശങ്കാകുലയായിരുന്നു. രാത്രി ഒൻപത് മണിയോടെ നെഞ്ചുവേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അഡയാര്‍ ക്യാന്‍സര്‍ ഇൻസ്റ്റിറ്റ്യൂട്ടിനെ ഇന്നത്തെ നിലയിലേക്ക് എത്തിക്കാന്‍ ഡോ. കൃഷ്ണ മൂര്‍ത്തിക്കൊപ്പം പരിശ്രമിച്ച വ്യക്തിയാണ് ഡോ. ശാന്ത. ക്യാന്‍സര്‍ രോഗികളെ പരിപാലിക്കുന്നതിനും രോഗപ്രതിരേധ ഗവേഷണങ്ങള്‍ക്കുമായി ജീവിതം മാറ്റിവച്ച വ്യക്തിത്വമാണ്. മഗ്സസേ അവാര്‍ഡ്, പത്മശ്രീ, പത്മഭൂഷണ്‍, പത്മ വിഭൂഷണ്‍ എന്നീ പുരസ്കാരങ്ങള്‍ നല്കി രാജ്യം ആദരിച്ചിട്ടുണ്ട്.
ഡോ. വി ശാന്തയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു. ഉയര്‍ന്ന ഗുണനിലവാരമുള്ള ക്യാന്‍സര്‍ ചികിൽസയും, പരിചരണവും ഉറപ്പു വരുത്തുന്നതില്‍ നല്കിയ സവിശേഷമായ ശ്രമങ്ങള്‍ക്ക് ഡോ. വി ശാന്ത എക്കാലവും സ്മരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഡോ. ശാന്തയുടെ ദേഹവിയോഗത്തില്‍ അതിയായി ദുഖിക്കുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.
1927 മാർച്ച് 11 ന് ചെന്നൈയിൽ ജനിച്ച ഡോ. ശാന്ത മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കി. എംഡി പൂർത്തിയാക്കിയ ശേഷം ക്യാൻസർ ചികിത്സയിലും ഗവേഷണത്തിലും സ്വയം പങ്കാളിയാകാൻ തീരുമാനിക്കുകയും 1955 ൽ ഡോ. എസ്. മുത്തുലക്ഷ്മി റെഡ്ഡി നിർമ്മിച്ച ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുകയും ചെയ്തു. ഇത് അക്കാലത്ത് ഒരു വിപ്ലവത്തിന് തുടക്കം കുറിച്ചു. അക്കാലത്ത് വനിതാ ഡോക്ടർമാർ വളരെ ചുരുക്കമായിരുന്നു. മിക്കവാറും എല്ലാവരും സർക്കാർ സേവനത്തില്‍ ആകൃഷ്ടരായി. സ്ഥിരമായ വേതനം, മാന്യമായ ജോലി സമയം, മറ്റ് ആനുകൂല്യങ്ങൾ എന്നിവയായിരുന്നു അതിനാധാരം. പകരം, ഡോ. ശാന്തയ്ക്കാകട്ടേ ഇൻസ്റ്റിറ്റ്യൂട്ടിൽ തുച്ഛമായ ഓണറേറിയവും വളരെ നീണ്ട മണിക്കൂറും പൂജ്യം ആനുകൂല്യങ്ങളുമാണ് ലഭിച്ചത്.
ഡോ. മുത്തുലക്ഷ്മി റെഡ്ഡിയുടെ മകൻ ഡോ. എസ്. കൃഷ്ണമൂർത്തി, ഡോ. ശാന്ത എന്നിവരാണ് ആശുപത്രിയുടെ വ്യാപ്തി വിപുലീകരിച്ചത്. ഡോ. കൃഷ്ണമൂർത്തിയായിരുന്നു ഡോ. ശാന്തയുടെ ഉപദേഷ്ടാവും വഴികാട്ടിയും.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply