കാസർഗോഡ്: കര്‍ണ്ണാടകയില്‍ നിന്ന് കാറിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ടു കോടിയോളം രൂപ വിലവരുന്ന ഏകദേശം നാല് കിലോഗ്രാം സ്വര്‍ണ്ണം കാസര്‍ഗോട് വെച്ച് കസ്റ്റംസ് അധികൃതര്‍ പിടികൂടി. കര്‍ണ്ണാടക രജിസ്ട്രേഷനിലുള്ളതായിരുന്നു കാര്‍. രഹസ്യ വിവരം ലഭിച്ചതനുസരിച്ചാണ് കസ്റ്റംസ് പരിശോധന നടത്തിയതും സ്വർണവും, അത് കടത്തിക്കൊണ്ടു വരികയായിരുന്ന രണ്ട് കർണാടക സ്വദേശികളെയും പിടികൂടിയത്. കാറിന്റെ പിൻ സീറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം ഉണ്ടായിരുന്നത്. കട്ടകളാക്കി കടത്താനായിരുന്നു ലക്ഷ്യം.
പള്ളിക്കര ടോൾ ഗേറ്റിന് സമീപത്ത് നിന്നാണ് അസിസ്റ്റൻ്റ് കമ്മീഷണർ ഇ വികാസിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്വർണം പിടികൂടുന്നത്. പിടികൂടിയ നാല് കിലോഗ്രാം സ്വർണത്തിന് രണ്ട് കോടിയോളം രൂപ വില വരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കർണാടക സ്വദേശികളായ തുഷാർ, ജ്യോതിറാം എന്നിവരാണ് കസ്റ്റംസിൻ്റെ പിടിയിലായിരിക്കുന്നത്.
അതേസമയം, കരിപ്പൂര്‍ വിമാനത്താവളത്തിൽ സിബിഐ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ സസ്പെൻഡ് ചെയ്തു. കസ്റ്റംസ് സൂപ്രണ്ടുമാരായ ആശ, സത്യേന്ദ്ര സിംഗ്, ഇൻസ്പെക്ടർമാരായ സുധീർ കുമാർ, യാസർ അരാഫത്ത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സി ബി ഐ നടത്തിയ റെയ്ഡുമായി ബന്ധപെട്ടു ഇതോടെ 8 ഉദ്യോഗസ്ഥന്മാരാണ് സസ്പെൻഷനിൽ ആവുന്നത്. നാല് ഉദ്യോഗസ്ഥർ കഴിഞ്ഞ ആഴ്ചയാണ് സസ്പെൻഡ് ചെയ്യപ്പെട്ടത്. സിബിഐ റെയ്ഡിൽ സ്വർണം കടത്തിയ 24 പേരെ സി ബി ഐ പിടികൂടിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരിക്കുകയാണ്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply