ന്യൂഡല്‍ഹി: തന്റെ നിരപരാധിത്വം തെളിയിക്കാൻ നുണപരിശോധന ഉൾപ്പെടെ ഏത് ശാസ്ത്രീയ പരിശോധനയ്ക്കും തയ്യാറാണെന്ന് യുഎപിഎ ആരോപിച്ച് ജയിലിൽ കഴിയുന്ന മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്. തന്റെ ബാങ്ക് അക്കൗണ്ടുകളുടെ എല്ലാ വിവരങ്ങളും കൈമാറാൻ തയ്യാറാണെന്ന് സിദ്ദിഖ് കപ്പൻ സുപ്രീം കോടതിയെ അറിയിച്ചു. സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ജേണലിസ്റ്റ് യൂണിയൻ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
നാര്‍ക്കോ അനാലിസിസ്, ബ്രയിന്‍ മാപ്പിങ്, നുണ പരിശോധന തുടങ്ങി ഏത് ശാസ്ത്രീയ പരിശോധനയ്ക്കും വിധേയനാകാന്‍ തയ്യാറാണെന്ന് സുപ്രീംകോടതിയെ അറിയിക്കാന്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ അഭിഭാഷകനായ വില്‍സണ്‍ മാത്യുവിനെ സിദ്ദിഖ് കാപ്പന് ചുമതലപ്പെടുത്തിയിരുന്നു. ഇക്കാര്യം യൂണിയന്റെ ഡല്‍ഹി ഘടകം പ്രസിഡന്റ് സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാപ്പന്റെ അറസ്റ്റിനെക്കുറിച്ചും മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കുമെതിരെ നിയമം ദുരുപയോഗം ചെയ്ത് നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയെക്കൊണ്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും യൂണിയന് സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സിദ്ദിഖ് കാപ്പന്റെ അറസ്റ്റിനെക്കുറിച്ച് അറിയിച്ച കത്തിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതുവരെ മറുപടി നല്‍കിയിട്ടില്ല. യുപി സര്‍ക്കാര്‍ ആരോപിക്കുന്നത് പോലെ കേരള പത്രപ്രവര്‍ത്തക യൂണിയനെതിരെ ഒരു വിജിലന്‍സ് അന്വേഷണവും നടക്കുന്നില്ല. തൃശ്ശൂരില്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ ദേവസ്വം ഭൂമി കയ്യേറിയെന്ന കേസില്‍ പത്രപ്രവര്‍ത്തക യൂണിയന് ബന്ധമില്ലായെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply