തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ പരിസമാപ്തിയില്‍ കിഫ്ബിയ്ക്കെതിരെ മുഖ്യമന്ത്രിയുടെ പ്രമേയം. സഭയുടെ അവസാനത്തെ സമ്മേളനത്തിന് ഇന്ന് തിരശ്ശീല വീഴുകയാണ്. സിഎജി സര്‍ക്കാരിന് മേല്‍ കടന്നുകയറുന്നു എന്നാണ് പ്രമേയത്തിലെ വിമര്‍ശനം.
കിഫ്ബിയെ നിശിതമായി വിമര്‍ശിച്ചുകൊണ്ടുള്ള സിഎജി റിപ്പോര്‍ട്ട് തന്നെയാണ് ഇന്ന് പ്രധാന പ്രശ്നമായി വരുന്നത്. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ പല തവണ ഈ വിഷയം ഉയര്‍ന്നു വന്നതാണ്. പ്രതിപക്ഷം അടിയന്തര പ്രമേയത്തിലൂടെ വരെ ഈ വിഷയം നിയമസഭയുടെ ശ്രദ്ധയില്‍പ്പെടുത്തി. അപ്പോഴെല്ലാം സര്‍ക്കാര്‍ ശക്തമായ ഭാഷയില്‍ തന്നെ സിഎജിയെ വിമര്‍ശിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്.
കിഫ്ബി ഭരണഘടനാ ലംഘനം നടത്തിയെന്നായിരുന്നു സിഎജിയുടെ ആരോപണം. മസാല ബോണ്ടുകള്‍ വഴി വിദേശ രാജ്യങ്ങളില്‍ നിന്ന് പണം സ്വരൂപിക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിന് മാത്രമുള്ളതാണെന്നും അത് കിഫ്ബി വഴി ചെയ്തത് പ്രകാരം കേന്ദ്രസര്‍ക്കാരിന്റെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണ് ഉണ്ടായതെന്നും സിഎജി റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിരുന്നു. സാമ്പത്തികമായി സംസ്ഥാനത്തിന് വലിയ ഭാരമുണ്ടാക്കുന്നതാണ് മസാല ബോണ്ടുകള്‍ വഴിയുള്ള ധനസമാഹരണം എന്നും സിഎജി ചൂണ്ടിക്കാട്ടി.
ഇത്തരത്തിലുള്ള നിശിതമായ വിമര്‍ശനങ്ങള്‍ പക്ഷേ, സര്‍ക്കാരിനെ ചൊടിപ്പിച്ചു. സര്‍ക്കാരിന്റെ അവകാശങ്ങളിലേക്ക് സിഎജി കടന്നുകയറുന്നു എന്ന വാദമാണ് ഇതിനെതിരെ സര്‍ക്കാര്‍ ഉന്നയിച്ചത്. കേന്ദ്ര ഏജന്‍സികള്‍ സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നുവെന്നും സര്‍ക്കാര്‍ വിമര്‍ശിക്കുന്നു. തീര്‍ത്തും അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് സിഎജി പറയുന്നത്, ഒരു തരത്തിലും സിഎജിയുടെ കണ്ടെത്തലുകള്‍ അംഗീകരിക്കില്ല, യാതൊരു ഭരണഘടനാ ലംഘനവും കിഫ്ബിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല തുടങ്ങിയ വിമര്‍ശനങ്ങളാണ് മുഖ്യമന്ത്രിയുടെ പ്രമേയത്തിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഈ വിമര്‍ശനങ്ങള്‍ സഭാ രേഖകളുടെ ഭാഗമാക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഇനി ഇത് ഒരു തെരഞ്ഞെടുപ്പ് വിഷയമായി മാറും. ഈ റിപ്പോര്‍ട്ട് സഭയ്ക്ക് മുമ്പില്‍ വരുന്നതിന് മുമ്പ് തന്നെ ഒരു വാര്‍ത്താ സമ്മേളനത്തിലൂടെ ധനമന്ത്രി റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്ത് വിട്ടത് പോലും രാഷ്ട്രീയ പ്രധാന്യം കണക്കിലെടുത്തുകൊണ്ടാണ്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply