കൊച്ചി: കടയ്ക്കാവൂര്‍ പോക്സോ കേസില്‍ ഇരയുടെ അമ്മയ്ക്ക് ജാമ്യം. പ്രായപൂര്‍ത്തിയാകാത്ത മകനെ അമ്മ പീഡിപ്പിച്ചെന്നാണ് കേസ്. കേസ് വനിതാ ഐപിഎസ് ഓഫീസര്‍ അന്വേഷിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കുട്ടിയെ പിതാവിന്റെ അടുത്ത് നിന്ന് മാറ്റിത്താമസിപ്പിക്കാം. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ഈ കേസില്‍ ഇപ്പോള്‍ അന്വേഷണത്തിന്റെ പ്രധാനപ്പെട്ട ഒരു ഘട്ടം കഴിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പരാതിക്കാരനായ കുട്ടിയുടെ അമ്മയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതായ ഒരു സാഹചര്യം ഇല്ല എന്ന് വിലയിരുത്തിക്കൊണ്ടാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. ഒരു ലക്ഷം രൂപയുടെ രണ്ട് ആള് ജാമ്യവും അതോടൊപ്പം അന്വേഷണത്തെ സ്വാധീനിക്കുന്ന തരത്തിലുള്ള ഒരു ഇടപെടലും ഉണ്ടാകരുതെന്ന കര്‍ശന നിര്‍ദേശവും നല്‍കിക്കൊണ്ടാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ഒപ്പം അന്വേഷണ സംഘത്തിനും ഹൈക്കോടതി ചില നിര്‍ദേശങ്ങളൊക്കെ നല്‍കിയിട്ടുണ്ട്. ഈ കേസിന്റെ അന്വേഷണം ഒരു വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ നടത്തണമെന്ന നിര്‍ദേശമാണ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. അതോടൊപ്പം പീഡനത്തിന് ഇരയായ കുട്ടിയെ വിശദമായ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കണം. ഇതിനായി വിദഗ്ധ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം. ഈ ബോര്‍ഡില്‍ ഒരു മന:ശാസ്ത്ര വിദഗ്ധനും ഒരു പീഡിയാട്രീഷ്യനും നിര്‍ബന്ധമായും ഉണ്ടാകണമെന്നും കോടതി നിര്‍ദേശിക്കുന്നു. അതോടൊപ്പം അന്വേഷണ സംഘത്തിന് ആവശ്യമാണെങ്കില്‍ കുട്ടിയെ പിതാവില്‍ നിന്നും മാറ്റി ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള ഏതെങ്കിലും കേന്ദ്രത്തില്‍ താമസിപ്പിക്കുന്ന കാര്യം പരിഗണിക്കാമെന്നും കോടതി നിര്‍ദേശിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ കേട്ട് കേള്‍വിയില്ലാത്ത ഒരു കേസാണിതെന്നും കോടതി നിരീക്ഷിച്ചു.
2017 മുതല്‍ 2019 വരെ മാതാവ് മകനെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് കേസ്. അതേ സമയം ഭര്‍ത്താവ് നിയമപരമായി വിവാഹ ബന്ധം വേര്‍പെടുത്താതെ രണ്ടാമത് വിവാഹം കഴിക്കുന്നത് തടയാന്‍ ശ്രമിച്ചതിന് പ്രതികാരമായി കേസ് കെട്ടിച്ചമച്ചു എന്നാണ് യുവതിയും ബന്ധുക്കളും ആരോപിക്കുന്നത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply