Flash News

മംഗളൂരു ഫാര്‍മസി കോളേജില്‍ മലയാളി വിദ്യാര്‍ത്ഥികളെ റാഗ് ചെയ്ത ഒമ്പത് സീനിയര്‍ വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്തു

January 24, 2021

മംഗളൂരു: മംഗളൂരുവിലെ ശ്രീനിവാസ് ഫാര്‍മസി കോളേജില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ കോളേജിലെ തന്നെ 9 മലയാളി വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ക്രൂരമായി റാഗ് ചെയ്ത സംഭവം മലയാളികള്‍ക്കിടയില്‍ രോഷം ആളിക്കത്തിച്ചിരിക്കുകയാണ്. മാതാപിതാക്കള്‍ പഠിപ്പിക്കാനയച്ച തങ്ങളുടെ മക്കളെയാണ് ക്രിമിനല്‍ സ്വഭാവമുള്ള മറ്റു മലയാളി കുട്ടികള്‍ റാഗിംഗിന് വിധേയരാക്കിയത്. എന്നാല്‍ കർണ്ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളെ അവര്‍ റാഗ് ചെയ്തില്ല. മലയാളി കുട്ടികളുടെ മേലാണ് മറ്റു കുട്ടികള്‍ കുതിര കയറുന്നതെന്ന് പരക്കേ ആക്ഷേപമുണ്ട്. സംഭവത്തില്‍ 9 മലയാളി വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റു ചെയ്തു.

കോളേജ് വളച്ചിൽ കാമ്പസിലെ ഒന്നാം വർഷ ബി ഫാം വിദ്യാർത്ഥിയായ കാസർകോട് സ്വദേശി അഭിരാജ് നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. കോളേജിലെ സീനിയർ വിദ്യാർത്ഥികളായ ജിഷ്ണു (20), പി വി ശ്രീകാന്ത് (20), ജിഷ്ണു (20), മുഖ്താർ അലി (19), മുഹമ്മദ് റസീം (20), അശ്വന്ത് (20), സായന്ത് (22), അഭിരത്ത് രാജീവ് (21), പി രാഹുൽ (21), എന്നിവരെയാണ് മംഗളൂരു റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. എല്ലാ വിദ്യാർത്ഥികളും മലയാളികളാണ്.

ജനുവരി പത്തിന് കോളേജിൽ വച്ച് കാസർകോട് സ്വദേശി അഭിരാജിനെയും സഹപാഠിയെയും സീനിയർ വിദ്യാർത്ഥികൾ ഭീഷണിപ്പെടുത്തിയിരുന്നു. താടിയും മുടിയും വടിച്ചു കളയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. രണ്ടു ദിവസം വീണ്ടും ഭീക്ഷണി ഉണ്ടായി. ഒപ്പം രണ്ടു പേരോടും സീനിയർ വിദ്യാർത്ഥികളുടെ താമസസ്ഥലത്ത് എത്താൻ ആവശ്യപ്പെടുകയുമായിരുന്നു. സീനിയർ വിദ്യാർത്ഥികൾ താമസിക്കുന്ന സ്ഥലത്തെത്തിയ അഭിരാജിനെയും കൂട്ടുകാരനെയും സീനിയർ വിദ്യാർഥികൾ സംഘം ചേർന്ന് മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. സീനിയർ വിദ്യാർത്ഥികൾ വിളിച്ചു വരുത്തിയ മറ്റ് നാല് ജൂനിയർ വിദ്യാർത്ഥികളും അവിടെയുണ്ടായിരുന്നു. ഇവരെയും സീനിയർ വിദ്യാർത്ഥികൾ ക്രൂരമായ റാഗിംഗിന് ഇരയാക്കിയെന്നാണ് പരാതി.

റാഗിംഗിൽ മാനസികമായും ശാരീരികമായും തളർന്ന അഭിരാജ് പഠനം നിർത്തി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇനി കോളേജിലേക്കില്ലെന്നു അഭിരാജ് വീട്ടിലും പറഞ്ഞു. തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് റാഗിംഗ് വിവരം പുറത്തറിയുന്നത്. മാതാപിതാക്കൾ പരാതി നൽകിയപ്പോൾ വിദ്യാർത്ഥികളുടെ താമസസ്ഥലത്ത് നടന്ന സംഭവമായതിനാൽ ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞ് കോളേജ് മാനേജ്മെന്റ് കൈയൊഴിഞ്ഞു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.

കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികൾ എവിടെയായാലും റാഗിംഗിന് വിധേയരാകുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് മാനേജ്മെന്റിന്റെ ഉത്തരവാദിത്തമാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ എൻ ശശികുമാർ പറഞ്ഞു. ഈ ഉത്തരവാദിത്തത്തിൽ നിന്ന് കോളേജിന് മാറി നിൽക്കാൻ കഴിയില്ലെന്നും റാഗിംഗിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കമ്മീഷണർ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top