പുതുച്ചേരി: പുതുച്ചേരി നിയമസഭയുടെ മുൻ സ്പീക്കർ വി എം സി ശിവകുമാറിനെ കൊലപ്പെടുത്തിയതടക്കം 12 ലധികം കേസുകളിൽ പ്രതിയായ, പിടികിട്ടാപ്പുള്ളിയാണെന്ന് പോലീസ് പ്രഖ്യാപിച്ച, ആർ ഏഴിലരസി അഥവാ മീര ബിജെപിയിൽ ചേർന്നു. പുതുച്ചേരി-തമിഴ്നാട് അതിർത്തിയിലെ പേര് വെളിപ്പെടുത്താത്ത ഒരു ഗ്രാമത്തില്‍ വെച്ച് ഏഴിലരസി പുതുച്ചേരി ബിജെപി യൂണിറ്റ് പ്രസിഡന്റ് വി സാമിനാഥനെ സന്ദർശിക്കുകയും ജനറൽ സെക്രട്ടറി ആർ സെൽവത്തിന്റെ സാന്നിധ്യത്തിൽ ഔപചാരികമായി ബിജെപിയില്‍ ചേരുകയും ചെയ്തു.
‘2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ മത്സരിച്ചിട്ടുണ്ട്. തനിക്കെതിരെ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അവര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. പിന്നീട് തെരഞ്ഞെടുപ്പില്‍ വിജയക്കുകയും ഇപ്പോള്‍ സഭാംഗവുമാണ്. അതൊക്കെ ജനങ്ങളാണ് തീരുമാനിച്ചത്. അവര്‍ തീരുമാനിക്കട്ടെ.’ സാമിനാഥന്‍ പറഞ്ഞു. ബിജെപിയില്‍ അംഗത്വം എടുക്കുന്നതിന് ആര്‍ക്കും തടസമില്ലെന്നും അംഗത്വമെടുക്കുന്നയാളുടെ പശ്ചാത്തലം പാര്‍ട്ടിയുടെ മുഖഛായയെ ബാധിക്കില്ലെന്നുമായിരുന്നു സംഭവത്തെ ന്യായീകരിച്ച് പ്രാദേശിക പാര്‍ട്ടി നേതാക്കളുടെ വാദം.
മുന്‍ സ്പീക്കറെ അടക്കം മൂന്ന് പേരെ കൊന്ന കേസിലെ പ്രതിയാണ് ഏഴിലരസി. തട്ടികൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി 15 ഓളം കേസുകളും ഇവര്‍ക്കെതിരെ നിലനില്‍ക്കുന്നുണ്ട്. 2017-ല്‍ വിഎംസി ശിവകുമാറിനെ പട്ടാപ്പകല്‍ പെട്രോള്‍ ബോംബ് എറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടി കൊല്ലുകയായിരുന്നു.
ഈ കേസിലെ മുഖ്യപ്രതിയാണ് ഏഴിലരസി. തന്റെ രാഷ്ടീയ പ്രവേശനം സംബന്ധിച്ച് ഏഴിലരസി കഴിഞ്ഞ വര്‍ഷം പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ ഗുണ്ടാ ആക്ട് പ്രകാരം തടവില്‍ ആവുകയായിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഇവര്‍ രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. ഇതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം വിവാദങ്ങള്‍ക്ക് വഴിവെച്ചത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply